വെനിസ്വേലാ സമരാഭ്യാസങ്ങൾ
കേരളത്തിൽ കാണുന്ന വെനിസ്വേലാ അനുകൂല സമരങ്ങൾ രാഷ്ട്രീയ നാടകത്തിന്റെ അതിരുകൾ പോലും ലംഘിക്കുന്ന കാഴ്ചകളാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും നിക്കോളാസ് മദുറോയുടെ ഏകാധിപത്യ ഭരണത്തിനെതിരെ വെനിസ്വേലൻ ജനത തന്നെ തെരുവിലിറങ്ങുമ്പോൾ, ഇവിടെ ചിലർ “അമേരിക്കൻ അധിനിവേശം” എന്ന പഴകിപ്പോയ മുദ്രാവാക്യം ഉയർത്തി കമ്മ്യൂണിസ്റ്റ് ഭരണത്തെ വെള്ളപൂശാൻ ശ്രമിക്കുന്നു.
എണ്ണസമ്പത്ത് കവിഞ്ഞൊഴുകിയിരുന്ന ഒരു രാജ്യത്തെ പട്ടിണിയിലേക്കും നാണയ മൂല്യനാശത്തിലേക്കും തള്ളിവിട്ടത് അമേരിക്കയല്ല, മദുറോയുടെ കമ്മ്യൂണിസ്റ്റ് ഭരണപരാജയമാണ്. ഒരു കോഴിമുട്ട വാങ്ങാൻ പെട്ടി നിറയെ കറൻസി വേണമെന്ന സത്യം പോലും അംഗീകരിക്കാൻ തയ്യാറാകാത്ത ഈ സഖാക്കൾ, യാഥാർഥ്യത്തെക്കാൾ ആശയവാദത്തോടുള്ള അടിമത്തമാണ് പ്രകടിപ്പിക്കുന്നത്. ബംഗളൂരുവിൽ സിപിഐഎമ്മിന്റെ പ്രതിഷേധം പൊലീസ് തടഞ്ഞപ്പോൾ “ജനാധിപത്യം അപകടത്തിൽ” എന്ന നിലവിളി, കേരളത്തിൽ എന്ത് വേണമെങ്കിലും നടത്താൻ അനുമതി കിട്ടുമ്പോൾ മൗനമാകുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണ്.
വാസ്തവത്തിൽ, കേരളത്തിൽ ഇപ്പോൾ ചർച്ചയാകുന്ന അഴിമതികളും ഭരണപരാജയങ്ങളും മറയ്ക്കാനുള്ള പുകമറയാണീ വെനിസ്വേലാ സമരാഭ്യാസങ്ങൾ. കൊളംബിയ, മെക്സിക്കോ പോലുള്ള രാജ്യങ്ങളെ വെല്ലുന്ന മയക്കുമരുന്ന് വ്യാപാരവും ജനങ്ങളെ പട്ടിണിയിലാഴ്ത്തുന്ന ഭരണവും അവസാനിപ്പിക്കണമെന്നത് അമേരിക്കയുടെ മാത്രം ആവശ്യമല്ല; ലോകസമൂഹത്തിന്റെ ധാർമ്മിക ബാധ്യതയാണ്. അത്തരമൊരു നടപടിയെ കുറ്റപ്പെടുത്തുകയും, ഒരു പരാജിത കമ്മ്യൂണിസ്റ്റ് ഭരണത്തെ പിന്താങ്ങി ഇവിടെ തെരുവിലിറങ്ങുകയും ചെയ്യുന്നത് പൂർണ്ണമായും നിരുത്തരവാദപരമാണ്.
സഖാക്കളുടെ കാരണഭൂതൻ ഇനി ചികിത്സയ്ക്ക് എവിടേക്ക് പോകും എന്ന ചോദ്യം പോലെ തന്നെ, ഈ സമരങ്ങൾക്ക് എന്ത് നൈതിക അടിത്തറയുണ്ട് എന്നതും ഉത്തരം കിട്ടാത്ത ചോദ്യമായിത്തന്നെ തുടരുന്നു. കേരളത്തിൽ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ നടത്തുന്ന ഇത്തരം അനാവശ്യ സമരങ്ങൾ കടുത്ത അപലപനമാണ് അർഹിക്കുന്നത്.
- കെ എ സോളമൻ