Saturday, 3 January 2026

തിരഞ്ഞെടുപ്പ് കാലത്തെ വികസന മാജിക്

#തിരഞ്ഞെടുപ്പ് #കാലത്തെ 
#വികസനമാജിക്
ഒൻപതുമാസത്തിനിടെ 22,469 സംരംഭങ്ങളും അരലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചുവെന്ന വാർത്ത കേൾക്കുമ്പോൾ, കേരളം പെട്ടെന്ന് ഒരു ചെറു സിലിക്കൺ വാലിയായി മാറിയെന്ന തോന്നലുണ്ടാകും. പക്ഷേ കണക്കിന്റെ ഉള്ളറകളിലേക്ക് ഒന്ന് എത്തിനോക്കിയാൽ, അവിടെ കാണുന്ന സ്റ്റാർട്ട്-അപ്പുകളിൽ കൂടുതലും തട്ടുകടകളും പപ്പട സ്റ്റാളുകളും, ദേശമാവുകടകളും, മീൻ തട്ടുകളും, പഞ്ചറൊട്ടിക്കൽ കേന്ദ്രങ്ങളുമാണെന്നു കാണാം. രാവിലെ തുറന്ന് വൈകുന്നേരം അടയുന്ന, വാടക കൂടിയാൽ നാളെ കാണാനിടയില്ലാത്ത എല്ലാ കടകളും “പുതിയ സംരംഭം” ആകുമ്പോൾ, തൊഴിലവസരങ്ങൾ എണ്ണുന്നത് എളുപ്പമാണ്. 

കട തുറന്ന ദിവസം രണ്ടുപേർകടയിൽ ഉണ്ടായാൽ രണ്ട് ജോലി; അടുതത ദിവസം കട അടഞ്ഞാൽ? അത് കണക്കിലെങ്ങും പ്രത്യക്ഷപ്പെടില്ല. ഇങ്ങനെയാണ് ചിലപ്പോൾ സംരംഭകത്വം കണക്കിൽ കുതിച്ചുയരുന്നതും യാഥാർത്ഥ്യത്തിൽ വഴിയരികിൽ ഒടുങ്ങുന്നതും.

ഇത്തരം വാർത്തകൾ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ കൂടുതൽ ആവർത്തിക്കുന്നത് യാദൃച്ഛികമായല്ല. വികസനത്തിന്റെ തിരക്കഥയിൽ ഇതാണ് പതിവ് അഭ്യാസം, സംരംഭ കണക്കുകൾ ഒരു വശത്ത്, ശമ്പള വർധന പ്രഖ്യാപനങ്ങൾ മറുവശത്ത്. പ്രഖ്യാപനം വമ്പൻ, പക്ഷേ പണം എവിടെ നിന്ന്, എങ്ങനെ നൽകും എന്ന ചോദ്യത്തിന്  മറുപടി ഉണ്ടാകില്ല. ചിലപ്പോൾ തോന്നും, അധികാരം കൈവിട്ടാൽ അടുത്ത സർക്കാർ ഈ പ്രഖ്യാപനങ്ങളുടെ ഭാരത്തിൽ തളരട്ടെ എന്നതാണോ ഉദ്ദേശ്യമെന്ന്. നടപ്പാക്കാൻ പണമില്ലാതെ വാഗ്ദാനങ്ങൾ കൈമാറി വച്ചിട്ട്, “നാം പ്രഖ്യാപിച്ചു, അവർ നടപ്പാക്കിയില്ല” എന്ന് പറയാൻ കഴിയുന്നത് ഒരുതരത്തിൽ രാഷ്ട്രീയ തന്ത്രമാണ്. 

അങ്ങനെ, കണക്കുകളും പ്രഖ്യാപനങ്ങളും ചേർത്ത് ഭരണപക്ഷം തെരഞ്ഞെടുപ്പ് കാലത്ത്
ഹാസ്യ നാടകം കളിക്കുമ്പോൾ
 പൊതുജനത്തിന് കൈയ്യടിക്കണോ, കരയണോ എന്ന ആശയക്കുഴപ്പമുണ്ടാകും
പക്ഷെ തിരശ്ശീലക്കു പിന്നിലെ തിരക്കഥയുടെ സാംഗത്യം   തിരഞ്ഞെടുപ്പിൽ  ജനം നേരിട്ടു ചോദിക്കാനാണ് കൂടുതൽ സാധ്യത.
-കെ എ സോളമൻ

No comments:

Post a Comment