തിരുവനന്തപുരം: വൈദ്യുതി മീറ്റര്‍ പൂട്ടിയിടുകയോ മീറ്റര്‍ പരിശോധന നടത്താന്‍ കഴിയാത്ത വിധം വീടോ ഗേറ്റോ പൂട്ടിപ്പോവുകയോ ചെയ്‌താല്‍ 250 രൂപ പിഴയടക്കേണ്ടിവരുമെന്ന തീരുമാനം പുന:പരിശോധിക്കുമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. ഒക്ടോബര്‍ ഒന്‍പത് വരെ ഈ തീരുമാനം നടപ്പിലാക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രതിഷേധം വ്യാപകമായതോടെയാണ് തീരുമാനം അധികൃതര്‍ പുന:പരിശോധിക്കുന്നത്.
മീറ്ററില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെങ്കില്‍ സിംഗിള്‍ ഫേസ് ലൈനിന് 250 രൂപയും ത്രീഫേസ് ലൈനിന് 500 രൂപയും പിഴയടക്കണമെന്നാണ് കമ്മീഷന്‍ ഉത്തരവിട്ടത്. രണ്ടു തവണ ആവര്‍ത്തിച്ചാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് നടപ്പാക്കിയില്ലെങ്കില്‍ കെ.എസ്.ഇ.ബി. ജീവനക്കാരില്‍ നിന്നും പിഴ ഈടാക്കും. രണ്ടു മാസം മുന്‍പേ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും വൈദ്യുതി ബോര്‍ഡ് രണ്ട് മാസം കൂടി സമയം കൂട്ടി ചോദിച്ചതിനാലാണ് ഇതുവരെ നടപ്പാക്കാതിരുന്നത്.
കമന്‍റ്: പിഴ തീരുമാനവും പുനപ്പരിശോധനയുമൊക്കെ നടത്തുന്നവരുടെ തലപരിശോധിക്കുന്നത് നന്നായിരിരിക്കും. പിഴയിട്ടിട്ടുപോകുന്ന മീറ്റര്‍ റീഡറുടെ കാല് ആരെങ്കിലും തല്ലിയൊടിച്ചാല്‍ അധികപ്പിഴ എത്രയെന്നുകൂടി പറയണേ !
-കെ എ സോളമന്‍