Sunday, 20 September 2015

പിന്നണി ഗായിക രാധികാ തിലക്ക് അന്തരിച്ചു

radhika-thilak

കൊച്ചി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രാധികാ തിലക്ക് (45) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപതിലേറെ ചലച്ചിത്രഗാനങ്ങളും ഇരുന്നൂറിലേറെ ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി ഗാനങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ രാധിക പച്ചിലത്തോണി എന്ന ചിത്രത്തിലെ ‘പച്ചിലത്തോണി തുഴഞ്ഞു’ എന്ന ഗാനത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഒറ്റയാള്‍ പട്ടാളത്തില്‍ ബന്ധു കൂടിയായ ജി.വേണുഗോപാലിനൊപ്പം പാടിയ ‘മായാമഞ്ചലില്‍’ ആയിരുന്നു ആദ്യത്തെ ശ്രദ്ധേയമായ ഗാനം. പിന്നീട് ഗുരുവില്‍ ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസിനൊപ്പം ‘ദേവസംഗീതം നീയല്ലെ’ എന്ന ഗാനം ആലപിച്ചു. ദീപസ്തംഭം മഹാശ്ചര്യത്തിലെ ‘നിന്റെ കണ്ണില്‍ വിരുന്നുവന്നു’, ‘എന്റെ ഉള്ളുടുക്കം കൊട്ടി’, രാവണപ്രഭുവിലെ ‘തകില് പുകില്’, നന്ദനത്തിലെ ‘മനസ്സില്‍ മിഥുന മഴ’, കന്മദത്തിലെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ട്’ എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റ് ഗാനങ്ങള്‍. എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. ടി.എസ്. രാധാകൃഷ്ണന്റെ ഭജനകളിലൂടെയും ആകാശവാണിയുടെ ലളിതഗാനങ്ങളിലൂടെയുമാണ് പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്ന രാധിക സ്‌റ്റേജ് ഷോകളിലെ സജീവമായ സാന്നിധ്യമായിരുന്നു. പറവൂര്‍ സഹോദരിമാര്‍, പ്രശസ്ത പിന്നണി ഗായകരായ സുജാത, വേണുഗോപാല്‍ എന്നിവര്‍ ബന്ധുക്കളാണ്. സുരേഷാണ് ഭര്‍ത്താവ്.

രാധികാ തിലക് പാടിയ പ്രധാന പാട്ടുകള്‍ 1. മായാമഞ്ചലില്‍… (ഒറ്റയാള്‍ പട്ടാളം, സംഗീതസംവിധാനം ശരത്) 2. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ… (കന്മദം, സംഗീതം രവീന്ദ്രന്‍്) 3. കൈതപ്പൂമണമെന്തേ ചഞ്ചലാക്ഷീ.. (സ്‌നേഹം, സംഗീതം പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്) 4. ദേവസംഗീതം നീയല്ലേ… (ഗുരു, സംഗീതം ഇളയരാജ) 5. എന്റെയുള്ളുടുക്കും കൊട്ടി (ദീപസ്തംഭം മഹാശ്ചര്യം, മോഹന്‍സിതാര) 6. കാനനക്കുയിലേ.. (മിസ്റ്റര്‍ ബ്രഹ്മചാരി, മോഹന്‍സിതാര) 7. മനസില്‍ മിഥുനമഴ.. (നന്ദനം, രവീന്ദ്രന്‍്) 8. വെണ്ണക്കല്ലില്‍ നിന്നെക്കൊത്തി.. (പട്ടാളം, സംഗീതം വിദ്യാസാഗര്‍) 9. ഓമനമലരേ.. (കുഞ്ഞിക്കൂനന്‍, ടൈറ്റില്‍ സോംഗ്) 10. തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ (ക്രിസ്തീയ ഭക്തിഗാനം)

ആദരാഞ്ജലികള്‍ !



No comments:

Post a Comment