Friday 4 September 2015

'അച്ചടക്കം പഠിപ്പിക്കാന്‍' അധ്യാപകര്‍ 50 വിദ്യാര്‍ഥികളുടെ മുടിവെട്ടി


ബെംഗളൂരു: അച്ചടക്കം പഠിപ്പിക്കാനായി അധ്യാപകര്‍ 50 ആണ്‍കുട്ടികളുടെ മുടിവെട്ടി പൊതിയിലാക്കി മാതാപിതാക്കള്‍ക്കയച്ചുകൊടുത്തത് വിവാദമാകുന്നു. കര്‍ണാടകത്തില്‍ കുടക് ജില്ലയിലുള്ള വിരാജ്‌പേട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. കുട്ടികളുടെ മുടി മുറിക്കുന്ന വീഡിയോ അധ്യാപകരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
രണ്ടുദിവസം മുന്‍പാണ് സംഭവം. സ്‌കൂളിലെ മൂന്ന് അധ്യാപകരാണ് മുടിവെട്ടാന്‍ നേതൃത്വം കൊടുത്തത്. ആണ്‍കുട്ടികള്‍ക്ക് അച്ചടക്കമില്ലാത്തതിനാലാണ് നടപടി നേരിടേണ്ടിവന്നതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. അമ്പത് ആണ്‍കുട്ടികളെയും നിരത്തി നിര്‍ത്തിയാണ് മുടിവെട്ടിയത്. പൊതി കുട്ടികളുടെ കൈവശംതന്നെ വീട്ടിലേക്ക് കൊടുത്തുവിട്ടു.

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിരാജ്‌പേട്ട് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറാണ് സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടിയിരിക്കുന്നത്. ആരോപണവിധേയരായ അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും അയയ്ക്കുമെന്ന് വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ പോലീസില്‍ പരാതിനല്‍കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു

കമന്‍റ് :പരാതിയുമായി നടക്കാതെ രക്ഷിതാക്കള്‍ മുടിവെട്ടിയതിന്റെ കൂലി അദ്ധ്യാപകര്‍ക്ക് നല്കണം..വീട്ടില്‍ ഇല്ലാത്ത അനുസരണ സ്കൂളിലും വേണ്ടെന്നാണോ?

-കെ എ സോളമന്‍ 

No comments:

Post a Comment