Tuesday, 27 October 2015

നവ മാധ്യമങ്ങള്‍ വേഗത്തില്‍ വിഷം കലക്കാവുന്ന തടാകം : മോഹന്‍‌ലാല്‍

mohanlal-blog


കൊച്ചി : അത്ഭുതകരമായ സാധ്യതകള്‍ തുറന്നിടുന്ന നവ മാധ്യമങ്ങള്‍ വേഗത്തില്‍ വിഷം കലക്കാവുന്ന ഒരു തടാകം കൂടിയാണെന്ന് നടന്‍ മോഹന്‍‌ലാല്‍. മനുഷ്യരെ അടുപ്പിക്കുന്നതിനേക്കാള്‍ അകറ്റാനാണ് നവമാധ്യമങ്ങളെ കുറെപ്പേരെങ്കിലും ഉപയോഗിക്കുന്നതെന്നും മോഹന്‍‌ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.
വീട്ടുകലഹങ്ങള്‍ മുതല്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് വരെ നവമാധ്യമങ്ങള്‍ കാരണം ഉണ്ടാക്കുന്നു. ഒരേ സമയം ഓപ്പറേഷന്‍ ചെയ്യാനും കൊല്ലാനും ഉപയോഗിക്കുന്ന കത്തിപോലെ നവമാധ്യമങ്ങള്‍ നമുക്കിടയില്‍ നില്‍ക്കുന്നുവെന്നും മോഹന്‍‌ലാല്‍ കുറ്റപ്പെടുത്തുന്നു. നടന്‍ മാമുക്കോയ മരിച്ചതായി ദിവസങ്ങള്‍ക്കു മുന്‍പ് നവമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയോടുള്ള പ്രതികരണമായാണ് ലാലിന്റെ ബ്ലോഗ്.
മാമുക്കോയ മരിച്ചു എന്ന് ആദ്യമായി വാര്‍ത്ത പോസ്റ്റ് ചെയ്ത ആളെ സാങ്കേതികവിദ്യ ഉപയോഗിച്ച് പിടികൂടാനാവുമോ എന്ന് അറിയില്ല. എന്നാല്‍ പറ്റുമെങ്കില്‍ അത് ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും മോഹന്‍ലാല്‍ കുറിയി്ക്കുന്നു.
കമന്‍റ്: നമ്മളും കുറേശ്ശെ തടാകത്തില്‍ കലക്കുന്നണ്ടല്ലോ
-കെ എ സോളമന്‍ 

Wednesday, 21 October 2015

പുരസ്കാര തിരസ്കാരം.-കെ എ സോളമന്‍





പണ്ടെങ്ങോ കിട്ടിയ പുരസ്കാരം തിരികെ നല്കി വാര്‍ത്തയില്‍ സ്ഥാനം പിടിക്കുക എന്നതാണു ഇടത്തു വശത്തേക്ക് ചാഞ്ഞുകിടക്കുന്ന എഴുത്തുകാരുടെ നിലവിലെ രീതി. പത്തു നാല്പതോളം വരുന്ന ഈ എഴുത്തുകാരില്‍ കേരളത്തില്‍ നിന്നു സച്ചിദാനന്ദന്‍, സാറാ ജോസഫ്, പി കെ പാറക്കടവ് തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ ഏതാനും പേരുമുണ്ട്. ആയിരക്കണക്കിന് എഴുത്തുകാരുള്ള ഈ രാജ്യത്തു ഏതാനുംപേരുടെ ഈ അതിസഹസം മഹാസംഭവമായാണ് ചിലര്‍ ചിത്രീകരിക്കുന്നത്. അവാര്ഡ് തിരിച്ചു കൊടുക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ വളരെ ലളിതം. കര്ണാടക എഴുത്തുകാരന്‍ കാല്‍ബുര്‍ഗിയുടെ കൊലയില്‍സാഹിത്യ അക്കാദമി പ്രതിഷേധിച്ചില്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ സര്ക്കാര്‍ കത്തിവെയ്ക്കുന്നു. വേറെയുമുണ്ട്  തിരസ്കര്‍ത്താക്കള്‍ക്കു വാദമുഖങ്ങള്‍. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴോ, കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയപ്പോഴോ ഉണ്ടാകാത്ത വികാര വീക്ഷോഭമാണ് അവാര്ഡ് തിരികെ നല്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന എഴുത്തുകാര്‍ക്കുള്ളത്.

ഇന്ത്യ ഇമ്മിണി വല്യ രാജ്യമാണെന്നു ഇട്ടാവട്ടത്തിലെ എഴുത്തുകാര്‍ മറന്നുപോകുന്നതും ഒരു പ്രശ്നമാണ്. മീഡിയ വിസ്ഫോടനത്തിന്റെ പുതിയകാലത്ത്, ഹൂബ്ലി നദിയില്‍ കുളിക്കാനിറങ്ങി ചത്തു പോയവന്റെ കാര്യം പോലും സര്‍ക്കാരിന്റെ അനാസ്ഥയായി ചിത്രീകരിക്കുന്ന ചാനല്‍ ഭരണിപ്പാട്ടുകാരാണു ഇവരെ നിയന്ത്രിക്കുന്നതെന്ന കാര്യം പ്രത്യേകം പരിഗണിക്കേതാണ്.

കേരളത്തിലെ ചില സ്വകാര്യ പണമിടമാട് സ്ഥാപനങ്ങള്‍ നിക്ഷേപത്തിന് പന്ത്രണ്ടരശതമാനം പലിശനല്കുന്നുണ്ട്. ഇവിടെ നിക്ഷേപിക്കുന്ന 50000 രൂപ അഞ്ചു വര്ഷം കൊണ്ട് ഒരുലക്ഷമാകും. എന്നുവെച്ചാല്‍ 1995-ല്‍ നിക്ഷേപിച്ച 50000 രൂപ 2015-ല്‍ എട്ട് ലക്ഷം രൂപയാകും. അവാര്ഡ് മടക്കിക്കൊടുക്കുന്നതിന്റെ ഭാഗമായി 95-ല്‍ വാങ്ങിയ 50000 നു പകരം ഇന്ന് 50000 രൂപ തിരികെ ഏല്‍പ്പിച്ചാല്‍ ലാഭം ഏഴര ലക്ഷം രൂപ. അതിലൂടെ ലഭിക്കുന്ന പുരോഗമന കുപ്രസിദ്ധി വേറെ.

പുരസ്കാരത്തുക മാത്രം മടക്കി കൊടുക്കുന്നവര്‍ അതിലൂടെ നേടിയെടുത്ത പ്രശസ്തിക്കും, സ്വീകരണങ്ങള്ക്കും, ചാനല്‍ അഭിമുഖങ്ങള്ക്കും, മറ്റു പാരിതോഷികങ്ങള്‍ക്കും കണക്ക് ബോധിപ്പിക്കുന്നത് എങ്ങനെ? അംബേദ്കര്‍ നാഷണല്‍ അവാര്ഡ് പോലെ പുരസ്കാരങ്ങള്‍ 5000 രൂപ കൊടുത്തു ഏജന്‍റന്മാര്‍ വഴി ഡല്‍ഹിയില്‍ പോയി വാങ്ങിയ മറ്റൊരുകൂട്ടം ചെറുകിട  എഴുത്തുകാരുണ്ട്. നിലവിലെ കാലാവസ്ഥയില്‍ അവാര്ഡ് തിരികെക്കൊടുത്തു ആളാകണമെന്ന ആഗ്രഹം അവര്‍ക്കുമുണ്ട്. പക്ഷേ ആര്‍ക്കാണു പുരസ്കാരം തിരികെ നല്കേണ്ടത്, ആരാണ് വാങ്ങിയതുക തിരികെ ഏല്‍പ്പിക്കുന്നത് എന്നൊക്കെയുള്ള കാര്യത്തില്‍ തീരെ നിശ്ചയമില്ലാത്തതിനാല്‍ അവര്‍ അങ്കലാപ്പിലാണ്.  

പുരസ്‌കാരങ്ങള്‍ മടക്കിനല്‍കിക്കൊണ്ടുള്ള എഴുത്തുകാരുടെ പ്രതിഷേധം മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ പ്രയോജനപ്പെടുത്താമെന്നാണ് ഓരോ മതക്കാരനെയും പ്രത്യേകം പ്രത്യേകം സുഖിപ്പിക്കുന്ന മതേതരപ്പാര്‍ട്ടി നേതാക്കളുടെ വിശ്വാസം.
ഇടതുസഹയാത്രികരായ സാഹിത്യകാരന്‍മാരുടെ പുരസ്കാര തിരസ്കാരം  പുരസ്‌കാരങ്ങളെയും അതുനല്‍കിയ സ്ഥാപനങ്ങളെയും അവമതിക്കുന്നതാണ്. മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് ലക്ഷ്യമിടുന്നതെങ്കില്‍ മോദി അധികാരത്തിലെത്തിയത് പാര്‍ലമെന്റിന്റെ മേല്‍ത്തട്ട് പൊളിച്ചല്ലെന്നു ഇക്കൂട്ടര്‍ മനസ്സിലാക്കുന്നത് നന്ന്. .


പുരസ്‌കാരം തിരിച്ചുനല്‍കാന്‍ ഇനിയും ആഗ്രഹിക്കുന്നവര്‍  അതിനൊപ്പം ലഭിച്ച  പണം പലിശ സഹിതം  തിരിച്ചുകൊടുക്കാനുള്ള മര്യാദകൂടി കാട്ടണം.

                   __________________________

Tuesday, 13 October 2015

സോളമന്റെ കൂടാരം.



മമ്മൂട്ടിയും എ.കെ.സാജനും ഒന്നിക്കുന്ന ചിത്രമാണ് സോളമന്റെ കൂടാരം. ആക്ഷന്‍ ചിത്രമായ സോളമന്റെ കൂടാരത്തില്‍ നായിക നയന്‍താരയാണ്.
ലൂയി പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ലൂയിയുടെ ഭാര്യ വാസുകിയായി നയന്‍താര എത്തുന്നു. സൂപ്പര്‍ ഹിറ്റായ ഭാസ്‌കര്‍ ദി റാസ്‌കലിനു ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
ഏറെ പ്രതീക്ഷയോടെ വമ്പന്‍ പ്രോജക്ടുകള്‍ മാറ്റിവച്ചിട്ടാണ് മമ്മൂട്ടി സോളമന്റെ കൂടാരത്തില്‍ അഭിനയിക്കുന്നത്. കണ്ണടയും കുറ്റിത്താടിയുമായി വ്യത്യസ്ത ഗെറ്റപ്പോടെയാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
കമന്‍റ്: ലൂയിയുടെ ഭാര്യയുടെ പേര് കൊള്ളാം-വാസുകി.സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ കൂടാരത്തിന്റെ ഉടമയുടെ പേരുള്ളവര്‍ക്ക് തലയില്‍ തുണിയിടാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ?
-കെ എ സോളമന്‍

Wednesday, 7 October 2015

കോട്ടയം സി.എം.എസ് കോളേജില്‍ ബീഫ് ഫെസ്റ്റിനിടെ സംഘര്‍ഷം

beef fest ktm cms college

കോട്ടയം: സി.എം.എസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ബീഫ് ഫെസ്റ്റിനിടെ സംഘര്‍ഷം. വിദ്യാര്‍ഥികളെ ബീഫ് ഫെസ്റ്റില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയല്‍ ഇത് തടയാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. വിദ്യാര്‍ഥികള്‍ തന്നെ കൈയ്യേറ്റം ചെയ്തുവെന്ന് പ്രിന്‍സിപ്പല്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് പത്ത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് 150 ഓളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജില്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ ശ്രമിച്ചത്. 

കമന്‍റ്: ബീഫ് കറി വായില്‍ തൊടാന്‍ കൊള്ളാത്തതുകൊണ്ടാവണം പ്രിന്‍സിപ്പള്‍ ഇടപെട്ടത്.. അതെന്തു മാകട്ടെ,കോളേജുകളില്‍ രാഷ്ട്രീയം നിരോധിച്ചത് തെറ്റായിപ്പോയി എന്നാണ് എ കെ ആന്റണി ഗവേഷണം നടത്തി ഇന്നലെ പറഞ്ഞത്.
-കെ എ സോളമന്‍