Wednesday 21 October 2015

പുരസ്കാര തിരസ്കാരം.-കെ എ സോളമന്‍





പണ്ടെങ്ങോ കിട്ടിയ പുരസ്കാരം തിരികെ നല്കി വാര്‍ത്തയില്‍ സ്ഥാനം പിടിക്കുക എന്നതാണു ഇടത്തു വശത്തേക്ക് ചാഞ്ഞുകിടക്കുന്ന എഴുത്തുകാരുടെ നിലവിലെ രീതി. പത്തു നാല്പതോളം വരുന്ന ഈ എഴുത്തുകാരില്‍ കേരളത്തില്‍ നിന്നു സച്ചിദാനന്ദന്‍, സാറാ ജോസഫ്, പി കെ പാറക്കടവ് തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ ഏതാനും പേരുമുണ്ട്. ആയിരക്കണക്കിന് എഴുത്തുകാരുള്ള ഈ രാജ്യത്തു ഏതാനുംപേരുടെ ഈ അതിസഹസം മഹാസംഭവമായാണ് ചിലര്‍ ചിത്രീകരിക്കുന്നത്. അവാര്ഡ് തിരിച്ചു കൊടുക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ വളരെ ലളിതം. കര്ണാടക എഴുത്തുകാരന്‍ കാല്‍ബുര്‍ഗിയുടെ കൊലയില്‍സാഹിത്യ അക്കാദമി പ്രതിഷേധിച്ചില്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ സര്ക്കാര്‍ കത്തിവെയ്ക്കുന്നു. വേറെയുമുണ്ട്  തിരസ്കര്‍ത്താക്കള്‍ക്കു വാദമുഖങ്ങള്‍. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴോ, കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയപ്പോഴോ ഉണ്ടാകാത്ത വികാര വീക്ഷോഭമാണ് അവാര്ഡ് തിരികെ നല്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന എഴുത്തുകാര്‍ക്കുള്ളത്.

ഇന്ത്യ ഇമ്മിണി വല്യ രാജ്യമാണെന്നു ഇട്ടാവട്ടത്തിലെ എഴുത്തുകാര്‍ മറന്നുപോകുന്നതും ഒരു പ്രശ്നമാണ്. മീഡിയ വിസ്ഫോടനത്തിന്റെ പുതിയകാലത്ത്, ഹൂബ്ലി നദിയില്‍ കുളിക്കാനിറങ്ങി ചത്തു പോയവന്റെ കാര്യം പോലും സര്‍ക്കാരിന്റെ അനാസ്ഥയായി ചിത്രീകരിക്കുന്ന ചാനല്‍ ഭരണിപ്പാട്ടുകാരാണു ഇവരെ നിയന്ത്രിക്കുന്നതെന്ന കാര്യം പ്രത്യേകം പരിഗണിക്കേതാണ്.

കേരളത്തിലെ ചില സ്വകാര്യ പണമിടമാട് സ്ഥാപനങ്ങള്‍ നിക്ഷേപത്തിന് പന്ത്രണ്ടരശതമാനം പലിശനല്കുന്നുണ്ട്. ഇവിടെ നിക്ഷേപിക്കുന്ന 50000 രൂപ അഞ്ചു വര്ഷം കൊണ്ട് ഒരുലക്ഷമാകും. എന്നുവെച്ചാല്‍ 1995-ല്‍ നിക്ഷേപിച്ച 50000 രൂപ 2015-ല്‍ എട്ട് ലക്ഷം രൂപയാകും. അവാര്ഡ് മടക്കിക്കൊടുക്കുന്നതിന്റെ ഭാഗമായി 95-ല്‍ വാങ്ങിയ 50000 നു പകരം ഇന്ന് 50000 രൂപ തിരികെ ഏല്‍പ്പിച്ചാല്‍ ലാഭം ഏഴര ലക്ഷം രൂപ. അതിലൂടെ ലഭിക്കുന്ന പുരോഗമന കുപ്രസിദ്ധി വേറെ.

പുരസ്കാരത്തുക മാത്രം മടക്കി കൊടുക്കുന്നവര്‍ അതിലൂടെ നേടിയെടുത്ത പ്രശസ്തിക്കും, സ്വീകരണങ്ങള്ക്കും, ചാനല്‍ അഭിമുഖങ്ങള്ക്കും, മറ്റു പാരിതോഷികങ്ങള്‍ക്കും കണക്ക് ബോധിപ്പിക്കുന്നത് എങ്ങനെ? അംബേദ്കര്‍ നാഷണല്‍ അവാര്ഡ് പോലെ പുരസ്കാരങ്ങള്‍ 5000 രൂപ കൊടുത്തു ഏജന്‍റന്മാര്‍ വഴി ഡല്‍ഹിയില്‍ പോയി വാങ്ങിയ മറ്റൊരുകൂട്ടം ചെറുകിട  എഴുത്തുകാരുണ്ട്. നിലവിലെ കാലാവസ്ഥയില്‍ അവാര്ഡ് തിരികെക്കൊടുത്തു ആളാകണമെന്ന ആഗ്രഹം അവര്‍ക്കുമുണ്ട്. പക്ഷേ ആര്‍ക്കാണു പുരസ്കാരം തിരികെ നല്കേണ്ടത്, ആരാണ് വാങ്ങിയതുക തിരികെ ഏല്‍പ്പിക്കുന്നത് എന്നൊക്കെയുള്ള കാര്യത്തില്‍ തീരെ നിശ്ചയമില്ലാത്തതിനാല്‍ അവര്‍ അങ്കലാപ്പിലാണ്.  

പുരസ്‌കാരങ്ങള്‍ മടക്കിനല്‍കിക്കൊണ്ടുള്ള എഴുത്തുകാരുടെ പ്രതിഷേധം മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ പ്രയോജനപ്പെടുത്താമെന്നാണ് ഓരോ മതക്കാരനെയും പ്രത്യേകം പ്രത്യേകം സുഖിപ്പിക്കുന്ന മതേതരപ്പാര്‍ട്ടി നേതാക്കളുടെ വിശ്വാസം.
ഇടതുസഹയാത്രികരായ സാഹിത്യകാരന്‍മാരുടെ പുരസ്കാര തിരസ്കാരം  പുരസ്‌കാരങ്ങളെയും അതുനല്‍കിയ സ്ഥാപനങ്ങളെയും അവമതിക്കുന്നതാണ്. മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് ലക്ഷ്യമിടുന്നതെങ്കില്‍ മോദി അധികാരത്തിലെത്തിയത് പാര്‍ലമെന്റിന്റെ മേല്‍ത്തട്ട് പൊളിച്ചല്ലെന്നു ഇക്കൂട്ടര്‍ മനസ്സിലാക്കുന്നത് നന്ന്. .


പുരസ്‌കാരം തിരിച്ചുനല്‍കാന്‍ ഇനിയും ആഗ്രഹിക്കുന്നവര്‍  അതിനൊപ്പം ലഭിച്ച  പണം പലിശ സഹിതം  തിരിച്ചുകൊടുക്കാനുള്ള മര്യാദകൂടി കാട്ടണം.

                   __________________________

No comments:

Post a Comment