വൺ, ടൂ, ത്രീ എന്ന കണക്കല്ലാതെ ക്യൂ മെക്സും ട്രില്യണുമൊന്നും ഒരിക്കലും കേട്ടിട്ടില്ലാത്ത .സഖാവ് എം എം മണി കേരളത്തിന്റെ വൈദ്യുതി മന്ത്രിയായത് തികച്ചും യാദൃച്ഛികം. ഇതിനെക്കാൾ യാദൃച്ഛികമാണ് സുരക്ഷിത മേഖലയെന്നു കരുതിയിരുന്ന കേരളത്തിൽ പൊടുന്നനെ വെള്ളപ്പൊക്കമുണ്ടായതും വൻ നാശനഷ്ടം വിതച്ചതും. വിവിധങ്ങളായ കണക്കുകൾ പ്രകാരം 7 ലക്ഷം മുതൽ 10 ലക്ഷം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസം കണ്ടെത്തിയത്. എന്തും പെരുപ്പിക്കുന്ന ഒരു പത്രത്തിന് ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം പതിമൂന്നര ലക്ഷം വരെയായി. ഒരു മനുഷ്യനിർമിത ദുരന്തത്തിന് ഇതിനപ്പുറം കെടുതികൾ സാധ്യമാണോ എന്ന ചർച്ചയും നടക്കുന്നു.
ഇടുക്കിയിലേതുള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനും പാളിച്ച പറ്റിയിട്ടില്ലെന്നാണ് വൈദ്യുതി മന്ത്രി എം.എം. മണി പറയുന്നത്. മണി പറയുന്നതിൽ കാര്യമുണ്ട്. അദ്ദേഹം സങ്കേതിക വിദഗ്ധനല്ല. ഡാം സുരക്ഷാ അതോറിറ്റിയും ഇല. ബോർഡു ഏമാന്മാരും എഴുതിക്കൊടുക്കുന്നതേ അദ്ദേഹത്തിനു വായിക്കാനാവൂ.
യതൊരുവിധ മുന്നൊരുക്കങ്ങളും കൂടാതെ ഡാമുകളെല്ലാം ഒറ്റയടിക്കു തുറന്നു. മഴയ്ക്ക് ശക്തി കൂടിയപ്പോള്‍ വൈദ്യുതി വകുപ്പിന്റേതിന് പുറമേ ജലസേചനത്തിന് നിര്‍മിച്ച ഡാമുകളും തുറക്കേണ്ടി വന്നു. ഈ സമയങ്ങളിലെല്ലാം ഡാം സുരക്ഷാ അഥോറിറ്റി ഉറക്കത്തിലായിരുന്നു. എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയതെന്നും മന്ത്രി പറയുമ്പോൾ ഈ കക്ഷികളെല്ലാം ഡാം തുറന്നു വിട്ടാലുള്ള കെടുതികളെക്കുറിച്ച് പഠിച്ചവരാണോ എന്ന ചോദ്യവും ബാക്കിയാവുന്നു.
ഡാമുകള്‍ അശാസ്ത്രീയമായി തുറന്നുവിട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറല്ല.
സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ചട്ടങ്ങളനുസരിച്ച് ഓറഞ്ച് അലർട്ട്: റെഡ് അലര്‍ട്ട് എന്നിവ പ്രഖ്യാപിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പലിക്കപ്പട്ടില്ല. ഓറഞ്ച്, റെഡ് എന്നൊക്കെ റ്റി.വി കണ്ട ജനത്തിന് അവ എന്താണ് സൂചിപ്പിക്കുന്നതെന്നു മനസ്സിലായതുമില്ല, സോപ്പു ഓപ്പറകളിൽ മാത്രം താല്പര്യം കാണിക്കുന്ന ചാനലുകൾക്ക് ഇവയെന്തെന്നു വിശദീകരിക്കാൻ നേരവും കിട്ടിയില്ല.
അലര്‍ട്ടുകൾ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനെ കുറിച്ച് വ്യക്തമായ രൂപരേഖ തയാറാക്കണമെന്ന പ്രാഥമിക ചുമതല ബന്ധപ്പെട്ടവർ സൗകര്യപൂർവം മറന്നു.. വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലങ്ങളെ കുറിച്ചും വെള്ളത്തിന്റെ അളവിനെ കുറിച്ചും ഒരു അഥോറിറ്റിക്കും ധാരണയുണ്ടായില്ല
കേരളത്തിലെ മനുഷ്യനിർമിത പ്രളയം കൃഷി, വ്യവസായം, വ്യാപാരം, ടൂറിസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി സമസ്ത മേഖലകളെയും ബാധിച്ചു, സംസ്ഥാന സമ്പദ്ഘടനക്ക് വൻ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന് ഏകദേശം 20,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിവിധ മേഖലകളിലുണ്ടായിട്ടുള്ള നഷ്ടങ്ങളുടെ യഥാര്‍ത്ഥ തുക കണക്കാക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും .നഗര-ഗ്രാമ വ്യത്യാസമില്ലാതെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളൊക്കെ നശിച്ച അവസ്ഥയയിലാണ്.
ഇതിന്റെയൊക്കെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാനത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നവർക്ക് ഒഴിഞ്ഞു മാറാനാവില്ല. പരാജയ കാരണങ്ങൾ ചർച്ച ചെയ്യപ്പെടുക തന്നെ വേണം
- കെ എ സോളമൻ
No comments:
Post a Comment