Sunday, 18 November 2018

ഭരണം സ്വസ്ഥം സുഖദായകം

ശബരിമലയില്‍ പോലീസ് രാജാണ് നടക്കുന്നതെന്ന കാര്യത്തിൽ തർക്കമില്ല. വിശ്വാസികൾക്ക് വിട്ടുകൊടുക്കേണ്ട ക്ഷേത്രത്തിൽ എന്തിനാണ് 15000 പോലിസിന്റെ ബന്തവസ്? അവിശ്വാസികൾക്കും ആക്ടിവിസ്റ്റുകൾക്കും അവിടെ കാര്യമില്ല.അനധികൃതമായി പ്രവേശിക്കുന്ന അവിശ്വാസികൾ പ്രശ്നമുണ്ടാക്കിയാൽ അവരെ നേരിടാൻ എന്തിന് 15000 പോലീസ് കാർ?  ഇത്രയും പോലീസുകാരെ ശബരിമലയിൽ വ്യന്യസിപ്പിച്ചതോടെ തീർത്ഥാടകർക്ക് പ്രാഥമികാവശ്യം നിറവേറ്റാനുള്ള സൗകര്യമാണ് ഇല്ലാതായത്‌.

ശബരിമലയിലെ അനാവശ്യ പോലീസ് മുന്നേറ്റം മൂലം ഭക്തര്‍ അവിടെ എത്തിച്ചേരാൻ  മടിക്കുന്നുവെന്നതു വാസ്തവം. ശശികലയെയും കെ സുരേന്ദ്രനെയും അറസ്റ്റു ചെയ്തു ലോക്കപ്പിലിടാനുള്ള സാഹചര്യം പോലീസ് ഒഴിവാക്കേണ്ടതായിരുന്നു. അറസ്റ്റുകൾ പ്രശ്നം സങ്കീർണ്ണമാക്കുന്നതല്ലാതെ ലഘുകരിക്കുന്നില്ല.

മറ്റനേകം വിധിന്യായങ്ങൾ നടപ്പാക്കാൻ ഉണ്ടെന്നിരിക്കെ ശബരിമല വിധി ധൃതിയില്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം സംശയാസ്പദമാണ്.

ശബരിമലയിൽ അഭിഷേകത്തിനെത്തിയ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് റിമാന്റിൽ അയച്ചത് തെറ്റാണെന്നിരിക്കെ അതിനു ന്യായീകരണവുമായി എത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക്.  ഇരുമുടിക്കെട്ട് സുരേന്ദ്രൻ സ്വയം നിലത്തെറിഞ്ഞെന്നാണ് മന്ത്രിയുടെ കണ്ടെത്തൽ. അതിനു തെളിവായി അദ്ദേഹത്തിന് ഒരു പൈറേറ്റഡ് വീഡിയോയുമുണ്ട്. ഇതു കണ്ടിട്ട് ഐസക്ക് മന്ത്രി പറയുന്നതാണ് ശരിയെന്നു വിശ്വസിക്കണമെങ്കിൽ യഥാർത്ഥ വീഡിയോ ജനം കാണാതിരിക്കണം.

രസകരമായിട്ടുള്ളത് ഇരുമുടിക്കെട്ട് പവിത്രമാണെന്ന് ഐസക്ക് മന്ത്രിക്കും തോന്നിയിരിക്കുന്നു. ദൃശ്യം വ്യക്തമായി കാണുന്നവർക്കു മനസ്സിലാകും മന്ത്രി പറയുന്നതാണോ സുരേന്ദൻ പറഞ്ഞതാണോ സത്യമെന്ന്.

ശബരിമല പ്രശ്നം വല്ലാതെ ചൂടുപിടിപ്പിച്ചു വെച്ചതു കാരണം വെള്ളിപ്പൊക്ക ദുരിതാശ്വാസവും കേരള പുനർനിർമ്മാണവും പരണത്തു വയ്ക്കാൻ കഴിഞ്ഞു.. ബിജെപി നേതാക്കള ഓരോന്നായി അറസ്റ്റു ചെയ്ത് അകത്താക്കുമ്പോൾ ഹർത്താലും റോഡുപരോധവുമായി ജനം അതിന്റെ പുറകേ കുടും. വിലക്കയറ്റത്തെക്കുറിച്ചോ, തൊഴിൽ നിഷേധത്തെക്കുറിച്ചോ ആരും ഒന്നും ചോദിക്കില്ല. സർക്കാരിനു ഭരണം സ്വസ്ഥം സുഖപ്രദം.

No comments:

Post a Comment