കെ ഫോൺ കിട്ടിയവർ കൈ പൊക്കൂ
ചിലരെ സംബന്ധിച്ചിടത്തോളം, ഇന്റർനെറ്റ് ഒരു പൂർണ്ണ ആസക്തിയായി മാറി. വിവരങ്ങൾ, ഇ-മെയിലുകൾ എന്നിവയ്ക്കായി ജനങ്ങൾ കമ്പ്യൂട്ടറുകളിലേക്കോ സെൽ ഫോണുകളിലേക്കോ തിരിയുന്നു. ചിലർ ഇന്റർനെറ്റിലൂടെ ഷോപ്പുചെയ്യുന്നു, ഓൺലൈൻ ഷോപ്പിംഗ് എന്നു വിളിക്കും. മദ്യമൊഴിച്ച് എല്ലാ സാധനങ്ങളും ഓൺലൈനിൽ കിട്ടിയിരുന്നു. ഇന്നിപ്പോൾ മദ്യവും ഏറെക്കുറെ ഉറപ്പായി. സൊമാറ്റോയെന്നോ, ടുമാറ്റോയെന്നോ വിളിക്കുന്ന ഒരു കമ്പനി ആദിശയിൻ ലൈസൻസ് കിട്ടാൻ ഏജൻ്റ്മാർ മുഖേന ബന്ധപ്പെട്ട മന്ത്രിയെ ബന്ധപ്പെട്ടു എന്നാണ് വാർത്ത. അതായത് ഓൺലൈൻ മദ്യം ഏറെക്കറെ ഉറപ്പായി.
സെൽ ഫോണിൽ മെസ്സേജുകൾ വായിക്കാനും വീഡിയോ ക്ലിപ്പുകൾ കാണാനും മണിക്കൂറുകൾ ചെലവഴിക്കുന്നവരുമുണ്ട്. ഇന്റർനെറ്റ് ആസക്തി രസകരമാണെന്ന് തോന്നാമെങ്കിലും ചില ആളുകളിൽ ഇന്റർനെറ്റ് അമിത ഉപയോഗത്തിന് സാധ്യതയുണ്ടെന്നും അവർ മനോരോഗത്തിന് അടിമപ്പെടുമെന്നും നിരവധി സൈക്ക് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഈ വിധം വർദ്ധിച്ചു വരുന്ന അസുഖത്തെ ഇന്റർനെറ്റ് ആഡിക്ഷൻ ഡിസോർഡർ എന്ന് വിളിക്കും. ഭാഗ്യവശാൽ, ഉയർന്ന നിലവാരമുള്ള ഗാഡ് ജറ്റ് കൈവശം വയ്ക്കാൻ പണമില്ലാത്തതിനാൽ രാജ്യത്തെ ദരിദ്രരായ ആളുകൾക്ക് ഈ തകരാറിന് സാധ്യതയില്ല. ആയതിനാൽ, അവർ എന്തെങ്കിലുമൊക്കെ ജോലി ചെയ്യാൻ സമയം കണ്ടെത്തുകയും ചെയ്യുന്നു.
എന്നാൽ കേരളത്തിൽ ഇതവസാനിപ്പിക്കണം, ആരും അനാവശ്യമായി ജോലി ചെയ്യാൻ പാടില്ല എന്ന ദൃഢനിശ്ചയത്തോടെയാണ് 2016 മെയ് മാസത്തിൽ പിണറായി സർക്കാർ കേരളത്തിൽ അധികാര മേറ്റത്. പാവപ്പെട്ടവരെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി കേരള സംസ്ഥാന സർക്കാർ 2017-ൽ ആവിഷ്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈ എടുത്താണ് കേരളാ ഫൈബർ ഓപ്റ്റിൿ നെറ്റ്വർക്ക് സംവിധാനമൊരുക്കാൻ തീരുമാനമെടുത്തത്. നിയമസഭയിൽ പ്രഖ്യാപിച്ച പുതിയ ഫൈബർ ശൃംഖലയുടെ ഭാഗമായി 20 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ സൗൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ വിഭാവനം ചെയ്യുകയായിരുന്നു. സൗജന്യ ഇന്റർനെറ്റ് കണക്ഷനു പുറമേ, സൗജന്യ മൊബൈൽ ഫോണും വാഗ്ദാനം ചെയ്തിരുന്നു. കെ-ഫോൺ, അതായിരുന്നു ഫോണിൻ്റെ പേര്.
ഇന്നിപ്പോൾ 2020 മെയ് പകുതി ആകാറായി. എത്ര പേർക്ക് കെ ഫോൺ കിട്ടിയെന്ന് കോവിഡിൻ്റെ പശ്ചാത്തലത്തിൽ കണക്കെടുക്കാൻ കഴിഞ്ഞിട്ടില്ല. അതു കൊണ്ടു കിട്ടിയവരെല്ലാം കൈ ഒന്നുപൊക്കി കാണിക്കൂ, എണ്ണമെടുക്കട്ടെ. ഇനി അഥവാ കൈ പൊക്കുന്നത് വൈദേശിക അടിമത്വത്തിൻ്റെ ഭാഗമായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ 750 രൂപയ്ക്ക് വാങ്ങിയ തോർത്തുമുണ്ടെടുത്തു തലേൽ കെട്ടി കാണിച്ചാലും മതി
-കെ എ സോളമൻ
No comments:
Post a Comment