സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ മൂന്നുവർഷ ബിരുദ സമ്പ്രദായം മാറ്റണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി നിർദേശിച്ചിരിക്കുന്നു.ഗവേഷണത്തിന് മുൻതൂക്കം നൽകിയുള്ള ഓണേഴ്‌സ് ബിരുദവും ഏകീകൃത ബിരുദാനന്തരബിരുദവും ഉൾപ്പെടെ തുടങ്ങണമെന്നാണ് ശുപാർശ. നിലവിലെ പരീക്ഷാ സമ്പ്രദായത്തിനും കാതലായ മാറ്റമുണ്ടാകണം. എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിന്റെ അധ്യക്ഷതയിലുള്ള സമിതി ഉന്നതവിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് ഈ ശുപാർശകൾ.
കോവിഡിൻ്റെ മറവിലെ ശുപാർശകളൊക്കെ കൊള്ളാം പക്ഷെ ഇവ ശുപാർശകൾക്കു വേണ്ടിയുള്ള ശുപാർശകളാണന്ന് മാത്രം.
നാലു വർഷം കൊണ്ടു പൂർത്തിയാകുന്ന ബി എ / ബി എസ് സി ഓണേഴ്‌സ് കോഴ്സ് പണ്ടുണ്ടായിരുന്നതാണ്. ഈ കോഴ്സ് പാസ്സാകുന്നവർക്ക് കോളജ് അധ്യാപക തസ്തിക ലഭിക്കുമായിരുന്നു. അങ്ങനെ കയറിയവരൊക്കെ റിട്ടയർ ചെയ്തിട്ട് പത്തിരുപതു കൊല്ലമായി. ആ കോഴ്സിൻ്റെ അപര്യാപ്തത പരിഗണിച്ചാണ് അതു പാടെ ഉപേക്ഷിച്ചത്. പരിഷ്കാരത്തിൻ്റെ പേരിൽ അതു വീണ്ടും തള്ളിക്കയറ്റാനാണ് ഉദ്ദേശ്യം.
ഓർമ്മ പരിശോധിക്കൽ രീതിയിൽനിന്ന് അസൈൻമെന്റുകളും പ്രസന്റേഷനും എഴുത്തുമൊക്കെ ഉൾപ്പെടുന്ന ക്രിയാത്മക പഠനരീതിയെ അടിസ്ഥാനമാക്കിയാകണം പരീക്ഷകൾ എന്നതാണ് അടുത്ത നിർദ്ദേശം. നിലവിൽ അങ്ങനെ തന്നെയാണല്ലോ?
അസൈൻമെന്റുകളും പ്രസന്റേഷനും എഴുത്തുമൊക്കെ കഴിഞ്ഞിട്ട് വിദ്യാർത്ഥികൾക്ക് ഇപ്പോൾ തന്നെ പഠിക്കാൻ നേരം കിട്ടുന്നില്ല. അസൈൻമെന്റുകൾക്കും പ്രസന്റേഷൻ എഴുത്തിനുമൊക്കെ പ്രാധാന്യം വരുന്നത് വിദ്യാർത്ഥികൾ അവ തനിയെ തയ്യാറാക്കുമ്പോഴാണ്. ഇന്നങ്ങനെയല്ലല്ലോ പല കലാലയങ്ങളിലും കാണുന്നത്. ക്ളാസിൽ ഏതെങ്കിലും ഒന്നു രണ്ടു പേർ അവ തയ്യാറാക്കും, മറ്റുള്ളവർ പകർത്തും. പ്രോജക്ട് വർക്കുകൾ വരെ വാണിജ്യാടിസ്ഥാനത്തിൽ ചെയ്തു കൊടുക്കുന്ന ഏജൻസികളുണ്ട്.
ഓർമ്മ പരിശോധിക്കാൻ പാടില്ലെന്നതാണ് ഒരു സുപ്രധാന കണ്ടുപിടുത്തം. ആരുടെയോ തലയിലെ വികല ബുദ്ധി എന്നേ ഇതിനെ വിശേഷിപ്പിക്കാൻ പറ്റൂ. ഓർമ്മയില്ലെങ്കിൽ ഒരു ചാനൽ ചർച്ചയിൽ പോലും പങ്കെടുത്തു സംസാരിക്കാനാവില്ല.
ഓൺലൈൻ കോഴ്‌സ് പങ്കാളിത്തം വേണമെന്നതാണ് മറ്റൊരു ശുപാർശ. അതാണല്ലോ ഇപ്പോൾ നടക്കുന്നത്. ഇക്കൊല്ലത്തെ ഓൺലൈൻ പ്രാക്ടിക്കൽ വൈവ പരീക്ഷയ്ക്ക് പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും മുഴവൻമാർക്ക് എന്നതായിരുന്നു സമീപനം. പങ്കെടുത്താൽ മതി, വിദ്യാർത്ഥികൾ വായ് തുറക്കേണ്ടതില്ല.
നിലവിൽ സംസ്ഥാനത് ബിരുദത്തെ പല വിദേശസർവകലാശാലകളും അംഗീകരിക്കുന്നില്ല എന്നു പറയുന്നു. അതു കാര്യമാക്കാനില്ല യൂണിവേഴ്‌സിറ്റികളുടെ അംഗീകാരം പരസ്പര ധാരണ പ്രകാരമാണ്. നമ്മുടെ ഡിഗ്രികൾ അംഗീകരിക്കില്ലെങ്കിൽ അവരുടേത് നമ്മളും അംഗീകരിക്കരുത്.
നാലുവർഷ ഡിഗ്രി ഓണേഴ്‌സ് ബിരുദ മേർപ്പെടുത്തി നിലവിലെ ഡിഗ്രി കോഴ്സുകൾ ആർക്കും വേണ്ടാതാക്കാൻ അധികാരികൾ ശ്രമിക്കരുത്.
ഒരിടയ്ക്ക് എഞ്ചിനിയറിംഗ് ഡിഗ്രികളുടെ മലവെള്ളപ്പാച്ചിലിൽ യൂണിവേഴ്സിറ്റി ഡിഗ്രി കോഴ്സുകൾക്ക് ഡിമാൻ്റ് കുറഞ്ഞിരുന്നു. അതിനു മാറ്റുമുണ്ടായത് എഞ്ചിനിയറിംഗ് മേഖലയിൽ തൊഴിലവസരങ്ങൾ കുറഞ്ഞതോടെയാണ്. കമ്പനികൾക്ക് ഡിഗ്രി പാസ്സായവരായാലും മതി, ട്രെയിൻ ചെയ്യിപ്പിച്ച് എടുക്കുകയാണ് കമ്പനികളുടെ രീതി
കോമേഴ്സ്സ്, ഇക്കണോമിക്സ്. ഇംഗ്ളിഷ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഹിസ്റ്ററി, ബോട്ടണി, സുവോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കുറ്റമറ്റ രീതിയിൽ ഇവിടെ ത്രിവൽസര ഡിഗ്രി കോഴ്സുകൾ പുനരാവിഷ്കരിച്ചാൽ നാലു വർഷ ഡിഗ്രിയുടെ ആവശ്യം ഉദിക്കുന്നില്ല.
രസകരമായിട്ടുള്ളത് നിലവിലെ കോഴ്സുകൾ പോലും നന്നായി നടത്താൻ സർക്കാരിന് പണമില്ല. ഗസ്റ്റു ലക്ചറേഴ്സിനെ കൊണ്ടു ഉന്തൽ പ്രക്രിയ നടത്തി ഉന്നതവിദ്യാഭ്യാസം പരിപോഷിപ്പിക്കലാണ് സർക്കാർ നയം. വേക്കൻസികൾ ഉണ്ടെങ്കിലും നിയമനമില്ല. പി ജി അധ്യാപകരുടെ വർക്ക് ലോഡ് വർദ്ധിപ്പിച്ചു. തയ്യാറെടുപ്പിന് സമയം കൂടുതൽ വേണ്ടി വരുന്നതിനാൽ പി ജി അധ്യാപകരുടെ ഒന്നര മണിക്കൂർ വർക്ക് ലോഡ് എന്നത് ഒരു മണിക്കൂറായി ചുരുക്കി സർക്കാർ ലാഭമുണ്ടാക്കി. 1400 ഓളം വരുന്ന അധ്യാപക തസ്തികകളാണ് കലാലയങ്ങളിൽ ഇതോടെ ഇല്ലാതായത്.
പരിഷ്കാരം നടത്തിക്കോളു, പണം മുടക്കാനില്ല എന്ന സർക്കാരിൻ്റെ നയം ഇത്തരം പരിഷ്കകാര നിർദ്ദേശങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നു. നിലവിലെ സമ്പ്രദായം ഫലപ്രദമായി നടപ്പിലാക്കാൻ കഴിവില്ലാത്തവർ എന്തു പരിഷ്കാരം കൊണ്ടു വന്നാലും അവകൊണ്ടു യാതൊരു വിധ പ്രയോജനവുമുണ്ടാവില്ല.
-കെ.എ സോളമൻ
No comments:
Post a Comment