Tuesday, 24 June 2025

സ്കൂളുകളിൽ പുതിയ മെനു

#സ്കൂളുകളിൽ #പുതിയമെനു .
സ്കൂൾ പാചകപ്പുരയിൽ ഇനി അസ്വസ്ഥതയുടെ ദിനങ്ങൾ. ഫ്രൈഡ് റൈസിന്റെ പ്രോക്താവായ പൊതു വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചതുപോലെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണം തയ്യാറാക്കണം. ഈപദ്ധതി നടപ്പിലാക്കാനുള്ള   പ്രായോഗിക വെല്ലുവിളികൾ സ്കൂളിലെ പ്രഥമാധ്യാപകർക്ക് അറിയാം. അതുകൊണ്ട് ഇനി അങ്ങോട്ട് ഹെഡ്മാസ്റ്റർ / ഹെഡ്മിസ്ട്രസ് ആകാൻ ആരും മുന്നോട്ടു വരില്ല.

പ്രധാന പ്രശ്നങ്ങളിലൊന്ന് സർക്കാർ ഫണ്ടിംഗിലെ കാലതാമസമാണ്, ഇത് സ്കൂളുകളെ എത്തിക്കുന്നത് നിസ്സഹായാവസ്ഥയിലാണ്. സമ്പ്രത്തിക സഹായം അപര്യാപ്തവും ക്രമരഹിതവും  ആയതിനാൽ സ്കൂൾ അധികാരികൾ കടം കയറി മുടിയും. കുട്ടികൾക്ക് ഭക്ഷണം നൽകിയാൽ അധ്യാപകർ ദരിദ്രരാകില്ല എന്ന മന്ത്രിയുക്തി വെള്ളം തൊടാതെ വിഴുങ്ങാൻ മന്ത്രിയുടെ പാർട്ടി യൂണിയനിൽ പെട്ട അധ്യാപകർ പോലും തയ്യാറല്ല

സ്കൂളുകളിൽ അധ്യാപകർ അക്കാദമിക് ഉത്തരവാദിത്തങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. എന്നാൽ ഫ്രൈഡ് റൈസ്,  ബിരിയാണി തുടങ്ങിയ വിഭവങ്ങൾ വരുന്നതിനു മുമ്പു തന്നെ
അധ്യാപകർ പ്രാദേശിക പലചരക്ക് വ്യാപാരികളുടെ മുന്നിൽ കൈയ്യും കെട്ടി ഓച്ഛാനിച്ച് നിൽക്കേണ്ട ഗതികേടുണ്ട്. പതിവു മെനു മാറ്റി ജയിൽ മെനു ആക്കുന്നതോടെ
അധ്യാപകരുടെ മനോവീര്യംപൂർണ്ണമായി നഷ്ടപ്പെടും. ഇതു പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രതിച്ഛായ നശിപ്പിക്കും. 

 സ്കൂളുകളിലെ പുതുക്കിയ മെനു നൽകാൻ  പലചരക്ക് മുതലാളിമാരുടെ മുന്നിൽ യാചിക്കേണ്ടി വരുന്ന അധ്യാപകരുടെ ദയനീയ അവസ്ഥ  നയരൂപീകരണത്തിലും  ഭരണനിർവഹണത്തിലും സംഭവിച്ച വൻപരാജയമാണ്.

സ്കൂളുകളിൽ വൈവിധ്യമാർന്ന മെനുവും വിദഗ്ദ പാചകരീതിയും അവതരിപ്പിക്കുന്നത് മറ്റൊരു വെല്ലുവിളിയാണ്.  മിക്ക സ്കൂളുകളിലും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ സ്കൂൾ അടുക്കളയിൽ ശരിയായ  സൗകര്യങ്ങളോ, പരിശീലനം ലഭിച്ച പാചകക്കാരോ, സംഭരണ ​​സൗകര്യങ്ങളോ ഇല്ല.  സൗകര്യങ്ങൾ മെച്ചപ്പെടുത്താതെയും ജീവനക്കാരുടെ എണ്ണംവർദ്ധിപ്പിക്കാതെയും സ്കൂളുകയിൽ  വൈവിധ്യമാർന്ന, പോഷകസമൃദ്ധ ഭക്ഷണം വിളമ്പുമെന്ന് പ്രതീക്ഷിക്കുന്നത് അപ്രായോഗികം. നിലവിലെ ഫണ്ടിംഗ് പരിമിതികൾക്കുള്ളിൽ പ്രൊഫഷണൽ പാചകക്കാരെ നിയമിക്കുന്നതും ആലോചിക്കാനാവില്ല 

മാറിയ മെനുവിന് ആവശ്യമായ പുതിയ ചേരുവകൾ സമയബന്ധിതമായി വാങ്ങാൻ പ്രയാസമുണ്ടാകും. കുടിശ്ശിക കാരണം വിൽപ്പനക്കാരിൽ ഭക്ഷ്യവസ്തുക്കൾ കിട്ടാനുള്ള തടസ്സം ഒട്ടുമിക്ക സ്കൂളുകളും നേരിടുന്നുണ്ട്  അത്തരമൊരു സാഹചര്യത്തിൽ, അടിയന്തിര പരിഷ്കാരങ്ങളും മതിയായ, സമയബന്ധിത ധനസഹായവും ഉറപ്പാക്കിയില്ലെങ്കിൽ, പുതിയ ഉച്ച ഭക്ഷണ പദ്ധതി തുടക്കത്തിൽ തന്നെ തകരാനാണ് സാധ്യത.

സർക്കാർ കോൺട്രാക്ട് പണികൾ ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ഏൽപ്പിക്കുന്നതു പോലെ സ്കൂൾ ഭക്ഷണ പദ്ധതി  സർക്കാർ, ഇന്ത്യൻ കോഫി ഹൗസ് പോലുള്ള സ്ഥാപനങ്ങളെ ഏൽപ്പിച്ചാൽ, ഒരു പക്ഷെ പദ്ധതി വിജയിച്ചേക്കും.  അങ്ങനെയായാൽ അധ്യാപകർക്ക് അവരുടെ അക്കാദമിക് ചുമതകൾ നന്നായി നിർവഹിക്കാൻ  കഴിയും, കുട്ടികൾക്ക് അതിൻറെ പ്രയോജനവും ലഭിക്കും.

-കെ എ . സോളമൻ

No comments:

Post a Comment