#പുത്തൻ #നിയമതന്ത്രം
സർക്കാരിന് നിയമോപദേശം നൽകുന്നവരുടെ ആത്മവിശ്വാസം കാണുമ്പോൾ, നമ്മുടെ നിയമവ്യവസ്ഥ ഇനിയും പുസ്തകങ്ങളിൽ മാത്രം ഉള്ളതാണോ എന്ന സംശയം തോന്നിപ്പോകും. വിധി സ്വീകാര്യമായില്ലെങ്കിൽ ജഡ്ജിയെ തന്നെ സംശയ നിഴലിലാക്കുക, കോടതി പക്ഷപാതിയെന്ന് പ്രഖ്യാപിക്കുക, പിന്നെ അതെല്ലാം ‘നിയമോപദേശം’ എന്ന ലേബലിൽ പൊതുസമൂഹത്തിലേക്ക് തള്ളിവിടുക : ഇതൊക്കെയാണ് പുതിയ നിയമ തന്ത്രമെങ്കിൽ, അപ്പീൽ കോടതികൾ അടച്ചു പൂട്ടി ഫേസ്ബുക്ക് പോസ്റ്റുകൾ മതിയാക്കാമായിരുന്നു.
ഗൗരവമേറിയ തെളിവുകൾ ഉണ്ടെന്നു പറയുമ്പോഴും അതു പരിശോധിക്കാൻ ഉള്ള ഏക നിയമപാതയായ അപ്പീൽ ഒഴിവാക്കി, നടി ആക്രമണ കേസിൽവിധി പറഞ്ഞ ജഡ്ജിക്കെതിരെ പരസ്യ കുറ്റപത്രം തയ്യാറാക്കുന്നതിൽ എന്ത് നിയമബുദ്ധിയാണുള്ളത്? തെളിവ് തള്ളിയത് കോടതിയുടെ തെറ്റാണെങ്കിൽ, അത് തെളിയിക്കേണ്ടത് കോടതിക്കുള്ളിലല്ലേ, ചാനലുകളിലും കവല പ്രസംഗങ്ങളിലുമല്ലല്ലോ.
മെമ്മറി കാർഡ് വിഷയത്തിൽ തന്നെ മേൽകോടതിയിൽ നിന്ന് വ്യക്തമായ നിലപാട് വന്നിട്ടുണ്ടെന്ന സത്യം മറന്ന്, അതേ കാർഡ് വീണ്ടും രാഷ്ട്രീയ മുദ്രാവാക്യമാക്കി ഉയർത്തിക്കാട്ടുന്നത് നിയമ പോരാട്ടമല്ല, നിയമത്തെ പരിഹസിക്കലാണ്. ഇതുവരെ ഇത്തരം ‘നിയമോപദേശങ്ങളുടെ’ പേരിൽ സർക്കാർ എത്ര കേസുകൾ തോറ്റു എന്നതിൻ്റെ ചരിത്രം ഒന്ന് തിരിഞ്ഞു നോക്കുന്നത് വളരെ നന്നായിരിക്കും
അധികാരത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ഇനി മൂന്ന് മാസം മാത്രമാണുള്ളത്. അതുകൊണ്ട് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന വാക്കുകളുടെ അഭ്യാസം ഒന്ന് നിർത്തിക്കൂടെ? അല്ലെങ്കിൽ അവസാനം കോടതികളോട് അല്ല, ജനങ്ങളോടു തന്നെ സർക്കാർ മറുപടി പറയേണ്ടി വരും; കോർട്ട് അലക്ഷ്യത്തിന്റെയും വ്യാപകപരിഹാസത്തിന്റെയും മുമ്പിൽ.
No comments:
Post a Comment