Saturday, 20 June 2015

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ എല്ലാ മാസവും 15-ന് അക്കൗണ്ടിലെത്തും- മന്ത്രി

Posted on: 20 Jun 2015





തൃശ്ശൂര്‍: കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ തുക എല്ലാ മാസവും പതിനഞ്ചാം തീയതി അവരവരുടെ ബാങ്ക് അക്കൗണ്ടിലെത്തിക്കാന്‍ നടപടിയെടുത്തതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ജൂണിലെ പെന്‍ഷന്‍ നല്‍കിക്കഴിഞ്ഞു. പെന്‍ഷന്‍ നല്‍കാന്‍ മാസം 42.5 കോടി രൂപയാണ് വേണ്ടത്. ഇതില്‍ 22.5 കോടി രൂപ കെ.എസ്.ആര്‍.ടി.സി.യും 20 കോടി രൂപ സര്‍ക്കാരും നല്‍കും. ഇനിയും പെന്‍ഷന്‍ കിട്ടിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്‍ഷന്‍തുക കുടിശ്ശികയാണ്. 2014 ഒക്ടോബര്‍ മുതല്‍ ഈ മാര്‍ച്ച് വരെ മുഴുവന്‍പേര്‍ക്കും 15,000 രൂപയാണ് പെന്‍ഷന്‍ നല്‍കിയത്. ഇതിനുമുകളില്‍ പെന്‍ഷന്‍ വാങ്ങിയിരുന്നവര്‍ക്ക് ബാക്കി തുകയും നല്‍കാനുണ്ട്. വായ്പയെടുത്ത് ഈ തുക കൂടി നല്‍കാനുള്ള ശ്രമത്തിലാണ് കോര്‍പ്പറേഷന്‍. കെ.എസ്.ആര്‍.ടി.സി.യുടെ പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.

കെ.ടി.ഡി.എഫ്.സി.ക്ക് കോര്‍പ്പറേഷന്‍ മുമ്പ് എണ്ണൂറുകോടി രൂപ വിലവരുന്ന സ്ഥലം നല്‍കുകയും അവര്‍ അവിടെ ബഹുനില കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കുകയും ചെയ്‌തെങ്കിലും ഒരു പൈസപോലും തിരികെ കിട്ടുന്നില്ല. മുന്‍കാലങ്ങളിലുണ്ടായ ഇത്തരം അപ്രായോഗിക സമീപനങ്ങള്‍ മാറ്റും. പലിശരഹിത നിക്ഷേപ പദ്ധതിവഴി പദ്ധതികള്‍ നടപ്പാക്കാനാണ് ഇപ്പോള്‍ ശ്രമം. കോര്‍പ്പറേഷന് നിലവില്‍ 1750 കോടി രൂപ കടമുണ്ട്. പലിശയായി വര്‍ഷം 600 കോടി രൂപ നല്‍കണം. വായ്പ പുനഃക്രമീകരിച്ച് പലിശബാധ്യത കുറയ്ക്കും. കോര്‍പ്പറേഷന്റെ ദിവസവരുമാനം മുമ്പ് 4.49 കോടി രൂപയായിരുന്നത് ഇപ്പോള്‍ 5.65 കോടി രൂപയായി വര്‍ധിച്ചു. കെ.യു.ആര്‍.ടി.സി. സര്‍വീസ് ലാഭകരമാണെന്നും പ്രതിദിനം 40 ലക്ഷം രൂപയുടെ കളക്ഷനുണ്ടെന്നും മന്ത്രി പറഞ്ഞു.

കോര്‍പ്പറേഷന്‍ സി.എം.ഡി. ആന്റണി ചാക്കോ, ജനറല്‍ മാനേജര്‍ ആര്‍. സുധാകരന്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
കമന്‍റ്:: ഈ ഉറപ്പെങ്കിലും പാലിച്ചാല്‍  നന്ന്. പെന്‍ഷന്‍ ചോദിക്കുമ്പോള്‍ കോടികളുടെ കണക്ക് പറയുന്നതു ആര്  കേള്‍ക്കാന്‍ വേണ്ടിയാണ്?കെ.എസ്.ആര്‍.ടി.സി.യുടെ പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന  .ധനവകുപ്പിന്റെ നിലപാട് അസംബന്ധമാണ്. വിദ്യാര്‍ഥികള്‍ക്കും മറ്റും പൂര്‍ണ യാത്രാസൌജന്യം നല്‍കുന്ന കെ എസ് ആര്‍ ടി സി പ്രവര്‍ത്തിക്കുന്ന സംസ്ഥാനേത്തത് തന്നെയല്ലേ ഈ ധനവകുപ്പ് ?
-കെ എ സോളമന്‍ 

No comments:

Post a Comment