Saturday, 2 March 2024

വെല്ലുവിളി

#വെല്ലുവിളി
കേരള സംസ്ഥാനവും കേന്ദ്ര സർക്കാരും തമ്മിലുള്ള സാമ്പത്തിക മാനേജ്‌മെൻ്റ് പ്രശ്‌നം ഭരണത്തിലും ധനപരമായ ഉത്തരവാദിത്തത്തിലും വെല്ലുവിളികൾ ഉയർത്തുന്നു.  കേന്ദ്ര സർക്കാരിൽ നിന്ന് മതിയായ ഫണ്ട് ലഭിക്കുന്നില്ല എന്നാണ് കേരളത്തിൻ്റെ അവകാശവാദം. നികുതി പിരിവിനായി കേരളം അതിൻ്റെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നു കേന്ദ്രം..

 സംസ്ഥാനഭരണകർത്താക്കൾ വരുമാനം കണ്ടെത്തുന്നതിനുള്ള ന്യായമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നില്ല  മദ്യം, ലോട്ടറി, വാഹന നികുതി ഇതാണ് സംസ്ഥാന സർക്കാരിൻറെ പ്രധാന ധനാഗമമാർഗങ്ങൾ. സ്വർണമുതലാളിമാർ, ക്വാറി ഉടമകൾ, ഹോട്ടൽ -റിസോർട്ട് ഉടമകൾ, റിയൽ എസ്റ്റേറ്റ് ബിസിനസുകാർ തുടങ്ങിയവർ അവർ നൽകേണ്ട യഥാർത്ഥ നികുതി നൽകാതെ രക്ഷപ്പെടുന്ന കാഴ്ച ഉടനീളം. സംസ്ഥാനത്ത് നടക്കുന്ന സ്വർണ ക്കള്ളക്കടുത്തും മയക്കുമരുന്ന് വ്യാപനവും ഫലപ്രദമായി തടഞ്ഞാൽ തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനത ഇല്ലാതാകും.

നവകേരള സദസ് പോലുള്ള രാഷ്ട്രീയ പരിപാടികൾക്കായി നികുതിദായകരിൽ നിന്ന് ഫണ്ട് ശേഖരിക്കുന്നത് പോലെയുള്ള ഏർപ്പാടുകൾ നികുതി സമ്പ്രദായത്തിൻ്റെ കെട്ടുറപ്പിനെ തകർക്കുന്നു. മാത്രമല്ല, ധനകാര്യ മാനേജ്മെൻ്റിലെ സുതാര്യതയുടെയും ഉത്തരവാദിത്തത്തിൻ്റെയും അഭാവം സംസ്ഥാന ധനമാനേജ്മെന്റിനെ പുറകോട്ടടിക്കുന്നു.. സംസ്ഥാനം പിരിച്ചെടുക്കുന്ന തുച്ഛമായ നികുതിവരുമാനം പോലും മന്ത്രിമാരുടെയും  ഉദ്യോഗസ്ഥരുടെയും ആർഭാടത്തിനും ആഡംബരത്തിനുംവേണ്ടി വഴിമാറ്റി  ചെലവിടുന്നു. അഗതികൾക്ക് കൊടുക്കേണ്ട അത്യാവശ്യ  ക്ഷേമപെൻഷൻ പോലും യഥാസമയത്ത് കൊടുക്കാൻ  സർക്കാരിന് കഴിയുന്നില്ല.സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളും ഇല്ല.

ഇനി വരുന്നത് ഇലക്ഷൻ മാമാങ്കം  സമതുലിതമായ ധനനയങ്ങൾ, കാര്യക്ഷമമായ നികുതിസമാഹരണം , അന്തർ സർക്കാർ സഹകരണം, കുറ്റമറ്റ പരീക്ഷ നടത്തിപ്പ് ഇവയെല്ലാം പരണത്ത് വച്ച് എംഎൽഎമാരും മന്ത്രിമാരും ഗോദായിലേക്ക് ഇറങ്ങുകയാണ്, അടുത്ത അഞ്ചു കൊല്ലം സുരക്ഷിതമാക്കാൻ.

പണമില്ലാത്തതിന് കേന്ദ്രത്തെ കുറ്റപ്പെടുത്തുക എന്നുള്ളതാണ് കുറെ നാളായി കാണുന്ന സംസ്ഥാന നയം. കേന്ദ്ര സർക്കാരും സംസ്ഥാന അധികാരികളും ചേർന്ന് കേരളത്തിൻറെസാമ്പത്തിക ഞെരുക്കത്തിൻ്റെ മൂലകാരണം കണ്ടെത്തി പരിഹരിക്കുന്നതിനുള്ള നീക്കങ്ങൾ ഒന്നും കാണുന്നില്ല ഓവർഡ്രാഫ്റ്റുകളുടെ അപകടസാധ്യത ലഘൂകരിക്കുന്നതിനും, സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് കൃത്യസമയത്ത് ശമ്പളം കൊടുക്കുന്നതിനും നികുതിപിരിവ് ഊർജ്ജിതമാക്കേണ്ടതുണ്ട്- അതിനുള്ള സാഹചര്യം ഇല്ലാതാക്കി കേന്ദ്രത്തെ പഴിക്കുകയാണ് കേരളം 

ആത്യന്തികമായി, ഇത്തരം വെല്ലുവിളികളെ നേരിടുന്നതിനും കേരളത്തിലെ സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സദ്ഭരണ തത്വങ്ങളിൽ അധിഷ്ഠിതമായ  സമീപനം അത്യന്താപേക്ഷിതമാണ്. കേന്ദ്രത്തോട് പോരടിച്ചു കൊണ്ടല്ല ഇത്തരം സമീപനം സാധ്യമാക്കേണ്ടത്.
കെ എ സോളമൻ

No comments:

Post a Comment