Tuesday 26 March 2024

നാലുവർഷ ഡിഗ്രി കോഴ്സ്

#നാലുവർഷ ഡിഗ്രി കോഴ്‌സ്.
പ്രൊഫഷണൽ കോഴ്‌സുകളിലേക്കും വിദേശ വിദ്യാഭ്യാസത്തിലേക്കും ഉള്ള വിദ്യാർത്ഥികളുടെ താല്പര്യം കേരളത്തിലെ പരമ്പരാഗത ത്രിവത്സര ഡിഗ്രി പ്രോഗ്രാമുകൾക്ക് ഒരു വെല്ലുവിളിയായി മാറി.  ഈ സാഹചര്യത്തിൽ മൂന്നുവർഷ ബിരുദ കോഴ്സുകൾ പാടെ ഉപേക്ഷിക്കാനും നാലുവർഷ ബിരുദ കോഴ്‌സുകൾ അവതരിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. അടുത്ത അക്കാഡമിക് ഈയർ മുതൽ കോളജുകളിൽ നാലുവർഷം ഡിഗ്രി യോഴ്‌സുകൾ മാത്രമേ ഉണ്ടാവൂ.  ഈ നീക്കം ഒരു പരിഹാരമാണെന്നു തോന്നാമെങ്കിലും അതിൻ്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്കകൾ ഏറെയാണ് -

നാലുവർഷം ദൈർഘ്യമേറിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികളുടെയും തൊഴിൽ വിപണിയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുമോ, അതോ ക്യാമ്പസിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള ഒരു സ്ഥിരംവേദിയായി അവ മാറുമോ  എന്നതാണ് പ്രസക്തമായ ചോദ്യം?

നാല് വർഷ ഡിഗ്രി കോഴ്‌സുകൾ അവതരിപ്പിക്കുന്നത് വിദ്യാർത്ഥി രാഷ്ട്രീയത്തിന് ഒരു വിളനിലം സൃഷ്ടിക്കുകയും, രാഷ്ട്രീയ ഇടപെടലിന് കൂടുതൽ സമയവും സ്ഥലവും അനുവദിക്കുന്ന ദൈർഘ്യമേറിയ പരിപാടിയായി മാറുകയും ചെയ്യും.  നേതാക്കൾ കൂടുതലും  അനുയായികൾ കുറവും ഉള്ള സമതുലിതമല്ലാത്ത കാമ്പസ്. കുട്ടികൾ കൂടുതലായി ഡിഗ്രി കോഴ്സിന് ചേർന്നാലല്ലേ അനുയായികളെ കിട്ടു.

പൂർണ്ണമായും രാഷ്ട്രീയവൽക്കരിക്കപ്പെട്ട വിദ്യാർത്ഥി സംഘടനകളുടെടെ സാന്നിധ്യം ക്യാമ്പസ് ജീവിതത്തിൻ്റെചലനാത്മകതയെ തടസ്സപ്പെടുത്തും.  മൊത്തത്തിലുള്ള വിദ്യാഭ്യാസ അനുഭവത്തെയും അക്കാദമിക് അന്തരീക്ഷത്തെയും ഇതു സാരമായി ബാധിക്കും

കൂടാതെ, പുതിയ നാല് വർഷ കോഴ്‌സുകളിലെ കുറഞ്ഞ എൻറോൾമെൻ്റിൻ്റെ ഫലമായുണ്ടാകുന്ന തൊഴിൽ നഷ്‌ടം കാരണം ഉപജീവനമാർഗ്ഗം അപകടത്തിലായേക്കാവുന്ന ഒരു കൂട്ടം അധ്യാപകരും ഉണ്ടാകും. വിദ്യാർത്ഥികൾ കോഴ്സിന് .ചേർന്നില്ലെങ്കിൽ അവർ ആരെ പഠിപ്പിക്കും? ഇപ്പോൾതന്നെ വല്ലപ്പോഴും വന്നാൽ മതി എന്ന വ്യവസ്ഥയിൽ അട്ടിമറിക്കാരെ ഒക്കെ വിളിച്ചു വരുത്തി ഡിഗ്രിക്ക് അഡ്മിഷൻ പൂർത്തിയാക്കുന്ന ചില കോളേജുകൾ ഉണ്ടെന്നു കേൾക്കുന്നു. സ്കൂളുകളിൽ കാണുന്നതു പോലെ വിദ്യാർത്ഥികളുടെ തലയെണ്ണൽ പ്രക്രിയ കോളജുകളിലും ആരംഭിക്കും

 മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രീതികളെ അഭിസംബോധന ചെയ്യാൻ ഗവൺമെൻ്റിൻ്റെ ഈ സംരംഭം ലക്ഷ്യമിടുന്നുണ്ടെങ്കിലും കോളേജുകളിലെ നാലുവർഷ ഡിഗ്രി കോഴ്സുകളുടെ നിലനിൽപ്പ് എങ്ങനെ എന്നതിനെക്കുറിച്ച് പ്രസക്തമായ ചോദ്യങ്ങൾ അവശേഷിക്കുന്നു.
-കെ എ സോളമൻ

No comments:

Post a Comment