Monday, 15 April 2024

സർവ്വേ സർക്കസ്

#സർവേ സർക്കസ്.
ഇന്ത്യയിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം. വോട്ടർമാരുടെ ഉള്ളിലേക്ക് പുതുകാഴ്‌ചകൾ വാഗ്‌ദാനം ചെയ്‌ത് വോട്ടെടുപ്പ് സർവ്വേകളുടെ കോലാഹലം വീണ്ടും വായുവിൽ നിറഞ്ഞു. 
എന്നാൽ വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമീപകാല വൈരുദ്ധ്യാത്മക കണ്ടെത്തലുകൾ ഒരു നഗ്നമായ സത്യത്തെ ചൂണ്ടിക്കാട്ടുന്നു -

 ഇന്ത്യയിലെ വോട്ടെടുപ്പ് സർവേകൾ പലപ്പോഴും ഊഹങ്ങളുടെ സർക്കസ് മാത്രമാണ്. വോട്ടർമാരെ നേരിട്ടു സമീപിച്ച് അവരുടെ ഏകദേശം പൾസ് മനസ്സിലാക്കുന്നതിന് പകരം മീഡിയ സെൻ്ററിലെ ജീവനക്കാരെ ചുറ്റും വിളിച്ചിരുത്തി അഭിപ്രായം ആരാഞ്ഞ് അത് ജനങ്ങളുടെ പൊതുഅഭിപ്രായം ആണെന്ന് പറഞ്ഞ് സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് സർവ്വേ ഏജൻസികൾ. സർവ്വേക്കാരുടെ ക്രെഡിബിലിറ്റി തന്നെയാണ് ഇത് മൂലം നഷ്ടപ്പെടുന്നതെന്ന് അവർ മനസ്സിലാക്കുന്നില്ല. ആധുനിക മെഡിക്കൽഎത്തിക്സ് പോലെ ഒന്നായി മാറി മീഡിയ എത്തിക് സും

പോൾ സർവേകളുടെ നിലവിലെ അവസ്ഥ, അവയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കിയിരിക്കുന്നു. വിനോദത്തിനുള്ള ഒരു ഉപാധിയിൽ കവിഞ്ഞ് ഈ സർവ്വയ്ക്ക് മറ്റെന്തെങ്കിലും ഫലമുണ്ടോ എന്നതു സംശയാസ്പദമാണ്. വിവിധ ഏജൻസികളിൽ നിന്നുള്ള വ്യത്യസ്‌ത പ്രവചനങ്ങൾ ഒരു കിളിമാസ കളിയിലെ പക്ഷപാതങ്ങളെയും രീതിശാസ്ത്രങ്ങളെയും പ്രതിഫലിപ്പിക്കുന്നു. മാത്രമല്ല, വോട്ടർമാർക്കിടയിൽ സംശയത്തിൻ്റെയും അവിശ്വാസത്തിന്റെയും വിത്ത് പാകുകയും ചെയ്യുന്നു. ഇത് ആത്യന്തികമായി ജനാധിപത്യപരമായ തീരുമാനങ്ങൾ എടുക്കുന്നതിൻ്റെ അടിത്തറ തന്നെ ഇല്ലാതാക്കുന്നു.

ഈ വോട്ടെടുപ്പ് സർവ്വേകളുടെ പ്രസക്തി നാം പുനർവിചിന്തനം ചെയ്യണം. കൂടുതൽ വിശ്വസ്തവും വസ്തുനിഷ്ഠവുമായ ഒരു പൊതു സംവാദം ഉറപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് ഇത്തരം സർവ്വേ സർക്കസുകാരെ പുറത്താക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കണം. ഒരു ജനാധിപത്യസമൂഹത്തിൽ, വിശ്വസനീയമല്ലാത്ത സ്ഥിതിവിവരക്കണക്കുകളുമായി വരുന്നവരെ മാറ്റിനിർത്തുകയും ജനങ്ങളുടെ ശബ്ദം അവർ ഉണ്ടാക്കുന്ന ബഹളത്തിൽ മുങ്ങി പോകാതെയും നോക്കണം. ഇലക്ഷൻ കമ്മീഷൻ്റെ ശ്രദ്ധ ഇക്കാര്യത്തിൽ പ്രത്യേകം ഉണ്ടായിരിക്കുവാൻ ഇന്ത്യയിലെ സമ്മതിദായകർ തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്

-കെ എ സോളമൻ

No comments:

Post a Comment