Wednesday, 11 December 2024

കൊടിമരത്തിൽ തൂങ്ങി

#കൊടിമരത്തിൽ തൂങ്ങി
കൊടിമരം നാട്ടൽ എന്ന നിസ്സാര കാര്യത്തെ ചൊല്ലി കണ്ണൂർ ഗവൺമെൻ്റ് ഐടിഐയിൽ എസ്എഫ്ഐ-കെഎസ്‌യു വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം അനാവശ്യ അതിക്രമത്തിൻ്റെ പ്രകടമായ ദൃഷ്ടാന്തമാണ്. 

ഇണ്ടി സഖ്യത്തിൽ പങ്കാളികളായ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള വിദ്യാർത്ഥി സംഘടനകൾ തമ്മിൽ അക്രമം നടക്കുകയെന്നത് നേതൃത്വത്തിലും ലക്ഷ്യത്തിലും ഉള്ള അടിസ്ഥാന പരാജയമാണ് കാണിക്കുന്നത്. ഈ വിദ്യാർത്ഥികൾ തമ്മിൽ നിസ്സാര വിഷയങ്ങളുടെ പേരിൽ പോരാടുമ്പോൾ, അവരുടെ നേതാക്കൾ പാർലമെൻ്റിലും അസംബ്ലിയിയിലും ചങ്ങാത്ത സഹകരണ നൃത്തം കളിക്കുകയാണ്.

കുട്ടികളെ തമ്മിലടിക്കാൻ വിട്ടുകൊണ്ട് ഇണ്ടി - മുന്നണിയിലെ വിവിധ പാർട്ടികൾ എന്തുതരം ദേശീയ ഐക്യമാണ് ലക്ഷ്യമാക്കുന്നത്? ഇക്കൂട്ടർ ഒരു പൊതു ആവശ്യത്തിനായി സഹകരിക്കുന്നുവെന്നു പറയുന്നത് തന്നെ അസംബന്ധം.

താഴെത്തട്ടിൽ വിദ്യാർത്ഥികൾ വിവേകശൂന്യമായ ഏറ്റുമുട്ടലുകളിലേക്ക് നയിക്കപ്പെടുമ്പോൾ. അവരുടെ നേതാക്കൾ  ജനാധിപത്യത്തിൻ്റെയും ഐക്യത്തിൻ്റെയും സഹകരണത്തിന്റെയും തത്ത്വങ്ങൾക്കു തുരങ്കം വയ്ക്കുന്നു.  വ്യർത്ഥമായ പവർപ്ലേകളിൽ ഏർപ്പെടുന്നതിനുപകരം, വിദ്യാർത്ഥികൾ അർത്ഥവത്തായ സംഭാഷണത്തിലും പഠന പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കണം.

വ്യർത്ഥമെങ്കിലും എൻഡിഎയ്ക്കെതിരെയുള്ള  വലിയ യുദ്ധമാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും പറയുമ്പോൾ അതിനുള്ള യോജിപ്പു സംബന്ധിച്ച് താഴെത്തോട്ടിലുള്ള കുട്ടികൾക്കും പറഞ്ഞു കൊടുക്കേണ്ട?
 -കെ എ സോളമൻ

No comments:

Post a Comment