Thursday, 19 June 2014

മറവി മറികടക്കാന്‍ മത്തായിക്ക് കൂട്ട് പുസ്തകങ്ങള്‍

മാതൃഭൂമി
Posted on: 19 Jun 2014


ചേര്‍ത്തല: എണ്‍പത്തിയേഴുകാരന്‍ മത്തായിയുടെ ഇപ്പോഴത്തെ വായന മറവിയെ മറികടക്കാന്‍. അരനൂറ്റണ്ടിലേറെയായി ജീവിതത്തിന്റെ ഭാഗമായ വായന, കര്‍ഷകനായ മത്തായിക്കിപ്പോള്‍ ഓര്‍മ്മക്കുറവിനെതിരെ പോരാടാനുള്ള ആയുധം കൂടിയാകുന്നു.
കടക്കരപ്പള്ളി കൂന്താണിശ്ശേരി കെ.എസ്. മത്തായിയാണ് വായനയുടെ ലോകത്തെ വേറിട്ട വ്യക്തിത്വമാകുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളാണ് വായനക്കായി മത്തായി തിരഞ്ഞെടുക്കുന്നത്.
ഒരു കര്‍ഷകന് എത്രത്തോളം വായിക്കാനാകും എന്നതിന് മത്തായിയുടെ അത്രയും എന്നാകും ചേര്‍ത്തലയിലെ വായനലോകത്തിന്റെ മറുപടി.
രാമായണവും മഹാഭാരതവും മുതല്‍ ലോക ക്ലാസ്സിക്കുകളിലേക്കും നീണ്ട വായന. ഈ കര്‍ഷകന്‍ വായനയിലൂടെ അടുത്തറിഞ്ഞത് 5,000ത്തിലധികം പുസ്തകങ്ങളെ. സ്വന്തമായി ഇത്രയും പുസ്തകങ്ങളും മത്തായി സൂക്ഷിക്കുന്നുണ്ട്.
1952-ല്‍ കൊല്ലം എസ്.എന്‍. കോളേജില്‍ ഇന്റര്‍ മീഡിയറ്റിന് പഠിക്കുമ്പോഴാണ് വായനയുമായി അടുത്തത്. ഒ.എന്‍.വി., വെളിയം ഭാര്‍ഗവന്‍, പുതുശ്ശേരി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഇതേ കോളേജിലുണ്ടായിരുന്നു. ഇവിടെ നിന്നുമായിരുന്നു തുടക്കം. ചേര്‍ത്തല വെട്ടയ്ക്കലില്‍ പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ നിന്നുള്ള മത്തായിക്ക് സ്വന്തമായി പുസ്തകങ്ങള്‍ വാങ്ങിക്കുക അന്നൊരു പ്രശ്‌നമല്ലായിരുന്നു. പിന്നീടതു ശീലമാക്കി.
ഭോപ്പാല്‍ സര്‍വകലാശാലയില്‍ ബി.എ. പഠനത്തിനുശേഷം കൃഷിയും, മദ്രാസ് കേന്ദ്രീകരിച്ചു കച്ചവടവും ചെയ്യുമ്പോഴും വായന ഒഴിവാക്കിയില്ല.
എം.ടി. മുതല്‍ ബെന്യാമിന്‍ വരെയുള്ള മലയാള എഴുത്തുകാരിലേക്കും വേര്‍ഡ്‌സ് വര്‍ത്തും ഷേക്‌സ്​പിയറും റൂസോയും വോള്‍ട്ടയറും ഉള്‍പ്പെടെയുള്ള പാശ്ചാത്യ എഴുത്തുകാരിലേക്കും മത്തായിയുടെ വായന നീണ്ടു. ഇഷ്ട പുസ്തകം എവിടെ പ്രസിദ്ധീകരിച്ചാലും അത് ഏതു വിധേയനെയും സ്വന്തമാക്കുന്നതാണ് രീതി.
ബൈബിള്‍ വായന ശീലമാണെങ്കിലും മഹാഭാരതത്തെയാണ് മത്തായി മഹത്തായ കൃതിയായി കാണുന്നത്. ലോകത്തില്‍ തന്നെ മഹാഭാരതത്തിനൊപ്പം നില്‍ക്കുന്ന രചനകളില്ലെന്നാണ് മത്തായിയുടെ പക്ഷം.
രാത്രി ഒന്നും രണ്ടും മണിവരെ നീളുന്നതായിരുന്നു വായനാരീതി. വായിച്ച് വായിച്ച് ഉറങ്ങുന്ന ശീലം 87 ലും അതേ പടി തുടരുകയാണെന്ന് ഭാര്യ മേരി പറഞ്ഞു.
കെ.എസ്.യു. വിനും മുമ്പ് വിദ്യാര്‍ഥി കോണ്‍ഗ്രസ്സിലെ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു മത്തായി. ആദ്യകാല ഡി.സി.സി. സെക്രട്ടറിയുമായിരുന്നു. കോണ്‍ഗ്രസ്സിന്റെ മുന്‍നിര പ്രവര്‍ത്തകനുമായിരുന്നു. പട്ടണക്കാട് ടി.കെ.എസ്. ഗ്രന്ഥശാല മത്തായിയെ അക്ഷരകീര്‍ത്തി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ടി.കെ.എസ്. ഗ്രന്ഥശാലയ്ക്ക് കുറച്ചു പുസ്തകങ്ങള്‍ വാങ്ങി നല്‍കിയാണ് മത്തായി വായനാദിനം ആഘോഷിക്കുന്നത്. 

കമെന്‍റ്: I know Sri K S Mathai. He is a good reader and a scholar.  Govt L P School Konattusserry, Cherthala, is our favourite place.

-K A Solaman 

No comments:

Post a Comment