Tuesday 3 September 2024

കേരളത്തിലെ #ഗ്രാമീണ #ലൈബ്രറികൾ:

#കേരളത്തിലെ #ഗ്രാമീണ #ലൈബ്രറികൾ: പുനരുദ്ധാരണത്തിന്റെ ആവശ്യം

കേരളത്തിലെ ഗ്രാമീണ ജനതയുടെ ക്ഷേമത്തിന് നിർണായകമായ പങ്ക് വഹിക്കാൻ കഴിയുന്ന ഗ്രാമീണ ലൈബ്രറികൾ നിലവിൽ അവയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നില്ല. ഈ ലൈബ്രറികൾ നല്ല രീതിയിൽ പ്രവർത്തിക്കേണ്ടത് ദൈനംദിന പ്രശ്നപരിഹാരം മുതൽ പഠന വിഭവങ്ങൾ ശേഖരിക്കുന്നതു വരെയുള്ള വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള  കേന്ദ്രങ്ങളായാണ്.

 എന്നാൽ  കേരളത്തിലെ നിരവധി ലൈബ്രറികൾ ഗുരുതരമായ പ്രശ്നങ്ങളുടെ പിടിയിലാണ്.  ഇതിൽ ലൈബ്രേറിയൻമാരുടെ അപൂർവ്വമായ സന്ദർശനങ്ങൾ, പത്ര-മാസികകളുടെ അഭാവം, ടിവി, കമ്പ്യൂട്ടർ, ഇന്റർനെറ്റ് ആക്‌സസ് തുടങ്ങിയ ആധുനിക സൗകര്യങ്ങളുടെ ലഭുതക്കുറവ് എന്നിവ ഉൾപ്പെടുന്നു. ആധുനിക സാങ്കേതികവിദ്യകളും മാധ്യമങ്ങളും ഉപയോഗിക്കാൻ കൂടുതൽ സാധ്യതയുള്ള യുവാക്കൾ ഗ്രന്ഥശാലകളിലേക്ക് ആകർഷിക്കപ്പെടുന്നില്ല 

കൂടാതെ, ഈ ലൈബ്രറികളുടെ ഭൗതിക അടിസ്ഥാന സൗകര്യവും സംഘടനാ രീതികളും അടിയന്തരമായി പരിഷ്‌കരിക്കേണ്ടതുണ്ട്. മുതിർന്നവർക്കുള്ള മതിയായ സീറ്റിങ്ങ്, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ലൈബ്രറികളുടെ പരിമിതിയാണ്. 

ചില ലൈബ്രറികളുടെ ഭാരവാഹികൾ  പതിറ്റാണ്ടുകളായി ഒരേ ആളുകൾ തന്നെയാണ്. ഇവർ പരസ്യമായ തിരഞ്ഞെടുപ്പുകളോ ഫലപ്രദമായ നിരീക്ഷണമോ ഇല്ലാതെ പ്രവർത്തിക്കുന്നു.  ഗ്രന്ഥശാല നേതൃത്വത്തിലെ ഈ അഴിമതി സമൂഹത്തിൻറെ വളർന്നുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുന്നു.

ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, ലൈബ്രറി മാനേജ്മെന്റും അടിസ്ഥാന സൗകര്യങ്ങളും സമഗ്രമായി പുതുക്കേണ്ടതുണ്ട്. പുതിയ നേതൃത്വവും നൂതന ആശയങ്ങളും ഉറപ്പാക്കുന്നതിന് ലൈബ്രറികൾ ഭാര  വാഹികളെ കണ്ടെത്തുന്നതിനായി നിയമപരവും സുതാര്യവുമായ  തിരഞ്ഞെടുപ്പുകൾ നടത്തണം  .  

ഇന്റർനെറ്റ് ആക്‌സസ്, ഭേദപ്പെട്ട സീറ്റിങ്ങ് തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തണം. കാഴ്ച ബംഗ്ലാവ് കാണാൻ കുട്ടികൾ വരുന്നതുപോലുള്ള അവസ്ഥ മാറ്റി കൂടുതൽ വിദ്യാർത്ഥികളെയും യുവാക്കളെയും ഗ്രന്ഥശാലകളിലേക്ക് ആകർഷിക്കാൻ മാർഗങ്ങൾ തേടണം. അക്ഷയ കേന്ദ്രങ്ങളിൽ ഫീസ് വാങ്ങി ചെയ്തുകൊടുക്കുന്ന ജോലികളിൽ ചിലത്  ഗ്രന്ഥശാലകളിൽ സൗജന്യമായി ചെയ്തു കൊടുക്കാൻ കഴിയണം.

കൂടാതെ, ലൈബ്രറി സംരക്ഷണവും ഫലപ്രദമായ പ്രവർത്തനവും ഉറപ്പാക്കുന്നതിന് പഞ്ചായത്തുതല നിരീക്ഷണവും ഉത്തരവാദിത്ത നടപടികളും എർപ്പാടാക്കണം. ഇത്തരം കാര്യങ്ങൾക്ക് പരിഗണന നൽകുന്നതിലൂടെ കേരളത്തിലെ ഗ്രാമീണ ലൈബ്രറികൾ മികച്ച  സാമൂഹ്യ സേവന-പഠന കേന്ദ്രങ്ങൾ ആയി മാറ്റാൻ കഴിയും.
-കെ എ സോളമൻ

No comments:

Post a Comment