#കലാസ്വാതന്ത്ര്യം #അവഹേളനമാകരുത്
സുവര്‍ണ്ണ കേരളം ലോട്ടറി ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവാദ ചിത്രം സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉത്തരവാദിത്വരഹിതമായ സമീപനത്തിന്റെ തെളിവാണ്. മതചിഹ്നങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ദൃശ്യസാദൃശ്യമുള്ള ഒരു ചിത്രം, വിശ്വാസികളുടെ വികാരങ്ങള്‍ വ്രണപ്പെടുമെന്ന് വ്യക്തമായിരിക്കെ പൊതുസംവിധാനത്തിലൂടെ പുറത്തിറക്കിയത് വെറും അശ്രദ്ധയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ല.
ലളിതകലാ അക്കാദമി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ചിത്രങ്ങള്‍ പോലും യാതൊരു പരിശോധനയും ഇല്ലാതെ ഉപയോഗിക്കുന്നുവെങ്കില്‍, അത് സംവിധാനപരമായ വീഴ്ചയാണ്. “കലാസ്വാതന്ത്ര്യം” എന്ന മറവില്‍ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഹിഡന്‍ അജണ്ടകള്‍ കടന്നുകയറുന്നത് കണ്ടെത്താന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ഗുരുതര പരാജയമാണ്. ഇതൊക്കെ ബോധപൂര്‍വ്വമല്ലെന്ന വാദം പൊതുസമൂഹം അംഗീകരിക്കുമെന്ന് തോന്നുന്നില്ല.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ചിലര്‍ ഗൂഢമായി പ്രവര്‍ത്തിക്കുകയും അതിന് ഭരണകൂടത്തിന്റെ മൗനസമ്മതം ലഭിക്കുകയും ചെയ്യുന്നതിനാലാണെന്ന സംശയം ശക്തമാണ്. മതനിന്ദയെ ചെറുതായി കാണുന്ന സമീപനം സമൂഹത്തില്‍ അസ്വസ്ഥതയും ധ്രുവീകരണവും മാത്രമേ സൃഷ്ടിക്കൂ.
ഇന്ന് ഹിന്ദുമത ചിഹ്നങ്ങളെന്ന് ആരോപണമുയരുന്ന ചിത്രമാണെങ്കില്‍, നാളെ മറ്റ് മതങ്ങളെയും ലക്ഷ്യമാക്കിയുള്ള വിവാദങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ, ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഇത് അംഗീകരിച്ച ഉദ്യോഗസ്ഥരെയും കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ മതേതരത്വം പറയുന്ന സര്‍ക്കാര്‍ തന്നെ വിശ്വാസികളുടെ മനസ്സില്‍ മുറിവേല്‍പ്പിക്കുന്ന സംവിധാനമായി മാറുകയും, രാഷ്ട്രീയമായും സാമൂഹികമായും ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.
-കെ എ സോളമൻ