Monday, 22 December 2025

ലോക മലയാളി കളി

#ഗ്ലോബൽ #മലയാളി #കളി
പൊതുധൂർത്ത് എന്തെന്നു  അറിയണമെങ്കിൽ ലോക കേരള സഭ കണ്ടാൽ മതി. സംസ്ഥാനം കാശില്ലാതെ നട്ടംതിരിയുന്ന  സമയത്ത് “ലോക കേരള സഭ” എന്ന തീറ്റമൽസരം ഒരുക്കുന്നതാണ് പുതിയ ഭരണകലയെന്ന് തോന്നുന്നു.

 സാധാരണക്കാരന് ബസ്  ചാർജു പോലും ഭാരമാകുമ്പോൾ ലോക കേരള സഭയ്ക്ക്  ഹാൾ, മസ്കറ്റ് ഹോട്ടൽ, ഫുൾ കോഴ്‌സ് ഡിന്നർ, ഹൈ സെക്യൂരിറ്റി പ്രൊട്ടക്ഷൻ അങ്ങണ എല്ലാം ഫൈവ് സ്റ്റാർ. വർഷാവസാനം വരുമാനം കുറയുമ്പോൾ ചിലർക്കുള്ള “ആശ്വാസ കാശ് മേള" എന്ന്ലോക കേരള സഭയെ വിളിക്കാം. 

ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്ന മുഴുവൻ മുതലാളി മലയാളികളെയും കൂട്ടി കേരളത്തിന്റെ പ്രശ്നങ്ങൾ “വിഭവസമൃദ്ധമായി” ചർച്ചചെയ്യുന്ന  ഈ സഭയിൽ സാധാരണക്കാരന്  പ്രവേശനമില്ലേ അവർക്ക് വേണമെങ്കിൽ  ചാനലിൽ മേളയുടെ ദൃശ്യം കാണിക്കുമ്പോൾ, നവ കേരള തീറ്റ ബസ്സിൽ കണ്ടതുപോലെ, നോക്കിയിരുന്ന് വായിൽ വെള്ളമൂറിക്കാം.  

 ഇത് ലോക കേരളസഭ 5.0. കോടിക്കണക്കിന് രൂപ ചെലവിട്ട് മുൻപ് നടത്തിയ നാല് ലോക സഭകളുടെ നേട്ടം പെൻഡ്രൈവിൽ സൂക്ഷിച്ച കുറെ ഫോട്ടോകളും   പേപ്പർഫയലുകളും മാത്രം. അല്ലാതെ കാൽക്കാശിൻ്റെ  വരുമാനം കേരള സംസ്ഥാനത്തിന് ഉണ്ടായിട്ടില്ല.

ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ നിയമസഭ തന്നെ വേദിയാക്കി കോടികൾ ചെലവിട്ട് " ലോക കേരള സഭ 5. 0” നടത്തുന്നത് ധൂർത്തിന്റെ അവസാന എപ്പിസോഡായാലും അത്ഭുതമില്ല. മുൻവർഷങ്ങളിലെ വിദേശയാത്രാ വിവാദങ്ങൾ ഓർത്താൽ, ഈ സഭ ആശയവിനിമയത്തേക്കാൾ തീറ്റ മൈലേജിനാണ് ഉപകരിക്കുന്നതെന്ന സംശയം നിലനിൽക്കുന്നു. ഭരണം വിട്ട് ഇറങ്ങിപ്പോകാൻ തയ്യാറെടുക്കുന്നവരുടെ ഒടുക്കത്തെ കടുംവെട്ട്.

പൊതു ഖജനാവ്  പ്രതിസന്ധിയിലായ  കേരളത്തിന് വേണ്ടത് ആശയവിലാസമല്ല, മറിച്ച് ആശ്വാസമാണ്. അതിന് സാഹചര്യമൊരുക്കാതെ, പൊതുഫണ്ട് ഗുണ്ടു പൊട്ടിച്ച് "ഗ്ലോബൽ മലയാളി കളി " തുടരുന്നത് ഭരണത്തിന്റെ വിടവാങ്ങൽ ആഘോഷമായിവേണം കാണാൻ. കാശില്ലാത്ത നാട്ടിൽ കാശ് കളയുന്ന ഉത്സവം, അതു ഉത്സവമല്ല, മറിച്ച് പൊതു ധൂർത്താണ്. ജനത്തിന്റെ നട്ടെല്ലൊടിക്കുന്ന പൊതുധൂർത്ത്.
കെ എ സോളമൻ

No comments:

Post a Comment