Friday, 19 December 2025

നടൻ ശ്രീനിവാസൻ

#നടൻ #ശ്രീനിവാസൻ
 നടൻ ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ നാലു പതിറ്റാണ്ടിലേറെയായി അദ്ദേഹം മലയാള ചലച്ചിത്രലോകത്ത് നിറസാന്നിധ്യമായിരുന്നു. 

സാധാരണക്കാരന്റെ ജീവിതവും ചിന്തകളും നർമ്മത്തിന്റെ സൂക്ഷ്മതയിൽ പൊതിഞ്ഞ് വെള്ളിത്തിരയിലെത്തിച്ച അപൂർവ കലാകാരൻ ചിരിപ്പിക്കുമ്പോൾ തന്നെ ചിന്തിപ്പിക്കാനും, സമൂഹത്തിലെ പൊള്ളത്തരങ്ങളെ സാവധാനം ചോദ്യം ചെയ്യാനും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കു സാധിച്ചു. മലയാളിയുടെ ദൈനംദിന ജീവിതത്തോട് അത്രമേൽ ചേർന്നു നിൽക്കുന്ന കലാസൃഷ്ടികളാണ് അദ്ദേഹം സമ്മാനിച്ചത്.

നന്മകൾ ക്ഷയിച്ചുവരുന്നു എന്ന് സംശയിക്കപ്പെടുന്ന കാലഘട്ടത്തിൽ, ശ്രീനിവാസന്റെ സാന്നിധ്യം തന്നെ ഒരു വലിയ ആശ്വാസമായിരുന്നു. ലാളിത്യവും മാനുഷികതയും ചേർന്ന അദ്ദേഹത്തിന്റെ കലാപ്രവർത്തനം തലമുറകളെ സ്വാധീനിച്ചു. ശരിയായ മൂല്യങ്ങൾ ചിരിയിലൂടെ പറഞ്ഞു തന്ന കലാകാരൻ എന്ന നിലയിൽ അദ്ദേഹം മലയാളികളുടെ ഹൃദയങ്ങളിൽ എപ്പോഴും ജീവിച്ചിരിക്കും. ഈ മഹാനായ കലാകാരന് ഹൃദയംഗമമായ ആദരാഞ്ജലികൾ.
- കെ എ സോളമൻ

No comments:

Post a Comment