Friday, 19 December 2025

പോറ്റിയേ കേറ്റിയേ

#പോറ്റിയേ #കേറ്റിയേ
പോറ്റിയേ കേറ്റിയേ പാട്ടിനെതിരായ കേസിൽ നിന്ന് സർക്കാർ പിന്മാറിയതോടെ ഭരണകൂടത്തിന്റെ അവിവേകവും തീരുമാനമില്ലായ്മയും വീണ്ടും വെളിപ്പെട്ടിരിക്കുകയാണ്. സർക്കാരിനെ വിമർശിച്ചാൽ ഉടൻ പോലീസ് കേസ് എന്ന ഭീഷണിയാണ് പലപ്പോഴും പ്രയോഗിക്കുന്നത്. എന്നാൽ പൊതുജനവിമർശനം ശക്തമായി തിരിച്ചടിക്കുമ്പോൾ അതേ കേസ് മരവിപ്പിക്കുകയും പിൻവലിക്കുകയും ചെയ്യുന്നു. 

ഇത്തരം നടപടിയിലൂടെ നിയമം നീതിയുടെ ആയുധമല്ല, ഭരണകൂടത്തിന്റെ ഭീഷണി ഉപകരണമാണ് എന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. പോലീസ് കേസുകളുടെ നൂലാമാലയിൽ ഒരിക്കൽ കുടുങ്ങിയാൽ പിന്നീടൊരാൾ സർക്കാരിനെതിരെ സംസാരിക്കാൻ മടിക്കും എന്ന കണക്കുകൂട്ടലാണ് ഇതിന്റെ പിന്നിൽ. അഭിപ്രായസ്വാതന്ത്ര്യത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന ഈ സമീപനം ജനാധിപത്യത്തിന്റെ ആത്മാവിനെ തന്നെ ഇല്ലാതാക്കുന്നതാണ്.

ഇത്തര നിലപാട് തുടർന്നാൽ ഭരണകൂടം വിമർശനങ്ങളെ ഭയക്കുന്ന ശക്തി ക്ഷയിച്ച അധികാരകേന്ദ്രമായി മാറും. സർക്കാരിനെ നിയമപരമായി ഉപദേശിക്കാനുള്ള പരിജ്ഞാനം ഉള്ള ഉപദേശകരുടെ അഭാവം വീണ്ടും വീണ്ടും ഇത്തരം നാണക്കേടുകൾക്ക് വഴിയൊരുക്കുകയാണ്. നിയമവും ഭരണഘടനയും മനസ്സിലാക്കാതെ വികാരപരമായോ രാഷ്ട്രീയ കണക്കുകൂട്ടലുകളിലോ എടുത്ത തീരുമാനങ്ങൾ പിന്നീട് തിരുത്തേണ്ടിവരുന്നത് സർക്കാരിന്റെ വിശ്വാസ്യത തകർക്കും..

 വിമർശനങ്ങളെ കേസുകളിലൂടെ നേരിടുന്നതിനുപകരം സ്വയംപരിശോധനയിലൂടെയും സംവാദത്തിലൂടെയും മറുപടി പറയുന്ന പക്വതയാണ് ഒരു ജനാധിപത്യ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതില്ലാത്ത അവസ്ഥ  നാടിന്റെ ശാപം തന്നെയെന്ന് പറയാതെ വയ്യ.
- കെ എ സോളമൻ

No comments:

Post a Comment