Friday, 14 February 2014

ഋഷിരാജ്‌ സിംഗ്‌!

Kaithakkal Achappan Solaman's photo.

ചെല്ലപ്പന്‍ കഥ തുടര്‍ന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു നിര്‍ത്തിയതു ചാവറയച്ചനോടൊപ്പം ചെലവിട്ട കാലം. അതേ, അര്‍ത്തുങ്കല്‍പ്പള്ളി വികാരി. സഹായിക്കാന്‍ കൂടെ രണ്ടു സഹവൈദികര്‍ ഉണ്ടെങ്കിലും ചുമതലകളെല്ലാം എനിക്കാണ്‌. അച്ഛന്റെ നിര്‍ദ്ദേശങ്ങള്‍ അവരെ യഥാസമയം ധരിപ്പിക്കുന്നതു പോലും ഞാന്‍. കപ്യാരു കൃത്യസമയത്തു മണിയടിക്കാന്‍ വരെ ചിലപ്പോള്‍ ഞാന്‍ ഓര്‍മിപ്പിക്കണം.

"കാടു കേറാതെ കാര്യം പറ, ചേട്ടാ," ഞാന്‍.

മകരം പെരുന്നാളിന്റെ തിരക്ക്‌ സാറിനറിയാമല്ലോ? പെരുന്നാളു തുടങ്ങിയാല്‍ പിന്നെ അനങ്ങാന്‍ പറ്റില്ല. ഒരുമാസം നീണ്ടുനില്‍ക്കുന്ന വന്‍ തിരക്ക്‌. പ്രധാന പെരുന്നാളിനെക്കാള്‍ തിരക്കായിരിക്കും ചിലപ്പോള്‍ എട്ടാമിടത്തിന്‌. ഇടവകക്കാരെല്ലാം കൂടിളകിവരുക എട്ടാം പെരന്നാളിലാണ്‌. എട്ടാം പെരുന്നാള്‍ കഴിഞ്ഞാലും രണ്ടാഴ്ച തീര്‍ത്ഥാടക പ്രവാഹമുണ്ടാകും, പള്ളിമുറ്റത്തു കച്ചവടക്കാരും കാണും.

പരമന്‍ ചേട്ടനും ജഗദചേച്ചിയും എന്റെ നാട്ടുകാരാണ്‌. എല്ലാക്കൊല്ലവും മുടങ്ങാതെ അവര്‍ പള്ളിയില്‍ എത്തും. നുറുക്കു കച്ചവടമാണ്‌ അവരുടെ ജോലി. കുട്ടികളില്ലാത്ത അവര്‍ക്ക്‌ ഞാന്‍ മകനെപ്പോലെയാണ്‌. നാട്ടിലുണ്ടായിരുന്ന നാളുകളില്‍ നുറുക്കുണ്ടാക്കാന്‍ അവരെ ഞാന്‍ സഹായിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ അല്‍പ്പം സമയം കിട്ടിയാല്‍ ഞാന്‍ അവരുടെ കടയില്‍ പോയിരിക്കും. നാട്ടിലെ വിശേഷങ്ങളൊക്കെ അറിയാമല്ലോ?

പെരുന്നാളൊക്കെക്കഴിഞ്ഞു കച്ചോടക്കാര്‍ ഓരോന്നായി പിരിഞ്ഞു തുടങ്ങി. ചേട്ടനും ചേച്ചിയും പോകാനുള്ള തിരക്കിലാണ്‌. രണ്ടുദിവസത്തിനുള്ളില്‍ പോകുമെന്നാണ്‌ കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ പറഞ്ഞത്‌.

 നീ പോരുന്നോ, ചെല്ലപ്പാ, ഈ ക്രിസ്ത്യാനികളുടെ കൂടെ എത്ര നാള്‍?” ജഗദചേച്ചി എപ്പോഴും പറയും. പക്ഷെ ചാവറച്ചനെ വിട്ടുപോകാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.

തിരികെ പോകുമെന്ന്‌ പറഞ്ഞ ദിവസം രാവിലെ അവരെക്കാണാന്‍ ഞാന്‍ മേടയില്‍നിന്നിറങ്ങി. അപ്പോള്‍ അവിടെ കണ്ട ഒരു കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. മേടയുടെ തിണ്ണയില്‍ ഒരു തുണിക്കെട്ട്‌, തുണിക്കെട്ടില്‍ ചെറിയ അനക്കം. നോക്കിയപ്പോഴെന്താ, ഒരു ആണ്‍കുഞ്ഞ്‌. ഓമനത്തമുള്ളമുഖം. കാത്തുനിന്നിട്ടും അവിടെ ആരെയും കണ്ടില്ല. അച്ഛനോടു പറയാമെന്ന്‌ വെച്ചാല്‍ അച്ഛന്‍ പ്രാര്‍ത്ഥനയിലാണ്‌.

കുഞ്ഞിനെയെടുത്തു ഞാന്‍ ജഗദചേച്ചിയെ ഏല്‍പ്പിച്ചു. ഏതോ നിധി കിട്ടിയ ലോകത്തായി ചേച്ചി. പരമന്‍ ചേട്ടന്റെ മുഖത്തു അത്ര സന്തോഷം കണ്ടില്ല.

‘ഉച്ചവരെ കാക്കാം, അല്ലേ ചെല്ലപ്പാ, ആരെങ്കിലും വന്നാലോ?’ പരമന്‍ ചേട്ടന്‍

" ഉച്ചകഴിഞ്ഞിട്ടും ആരും കുഞ്ഞിനെ തിരക്കിവന്നില്ല. അവര്‍ കുഞ്ഞിനേയും കൊണ്ടു വീട്ടിലോട്ടു തിരിച്ചു.

കുഞ്ഞിന്‌ അവര്‍ രാജഹംസന്‍ എന്ന പേരു വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാനാണ്‌ രാജസിംഹന്‍ എന്നു പേരിടാന്‍ നിര്‍ദ്ദേശിച്ചത്‌. പേരില്‍ അല്‍പ്പം ഗൗരവമായിരിക്കട്ടെന്ന്‌ ഞാനും കരുതി. അവര്‍ അവനെ പഠിപ്പിച്ചു, അവന്‍ നന്നായി പഠിച്ചു, ഒടുക്കം ഐപിഎസുകാരനായി. ഷാപ്പായ ഷാപ്പുകളെല്ലാം റെയ്ഡു ചെയ്തു വ്യാജ കള്ളുപിടിക്കുകയും കള്ളവാറ്റുകാരെ തുറങ്കിലടക്കുകയും ചെയ്തതു അവനാണ്‌. തച്ചങ്കരിയുടെ ബന്ധുവിന്റേതെന്ന്‌ പറയപ്പെടുന്ന സിഡി നിര്‍മാണ കമ്പനി റെയിഡു ചെയ്തു വ്യാജക്കാസറ്റ്‌ പിടിച്ചെടുത്തതും അവാനാണ്‌. കെഎസ്‌ആര്‍ടിസിയും കെഎസ്‌ഇബിയും ഭരിച്ചുമുടിച്ച ആര്യാടന്‍ മന്ത്രിക്ക്‌ അല്‍പ്പം ഇമേജുണ്ടാക്കാന്‍ സഹായിച്ചത്‌.  ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണറായി ഇരുന്നുകൊണ്ടുള്ള അവന്റെ ജോലിയാണ്‌. ഇടയ്ക്കൊരു അബദ്ധവും പറ്റി. ഭര്‍ത്താവിനേയും മകളേയും പെരുവഴിയില്‍ ഉപേക്ഷിച്ച്‌ ഓട്ടത്തിനിറങ്ങിയ മഞ്ജുവാര്യര്‍ക്കൊപ്പം കൂട്ട ഓട്ടം നടത്തി ആശുപത്രിയിലായി. ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ നാഡിമിടിപ്പ്‌ തീരെ താണുപോയി. സാറിന്‌ ആളെ മനസ്സലായില്ലേ, നമ്മുടെ രാജസിംഹനെക്കുറിച്ചാണ്‌ ഞാന്‍ പറയുന്നത്‌."
"ആര്‌, ഋഷിരാജ്‌ സിംഗോ? ഈ ഋഷിരാജ്സിംഗ്‌, പക്ഷേ  രാജസ്ഥാന്‍കാരനെന്നാണല്ലോ ചേട്ടാ ഞാന്‍ കേട്ടിരിക്കുന്നത് ”

"അപ്പോള്‍ ഇയാള്‍ രാജസിംഹനല്ലേ? പിന്നെ അവനെവിടെപ്പോയി? ആ….."

ചെല്ലപ്പന്‍ കഥ അവസാനിപ്പിച്ചു.
-കെ എ സോളമന്‍ 

No comments:

Post a Comment