Tuesday 4 February 2014

പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ















തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസാക്കി ഉയര്‍ത്താന്‍ ശുപാര്‍ശ. പെന്‍ഷന്‍ വിതരണത്തിന് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെന്നും ശുപാര്‍ശയുണ്ട്. ധനവിനിയോഗ അവലോകന സമിതിയുടെ ശുപാര്‍ശ നിയമസഭയില്‍ വെച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ 56 ആണ് പെന്‍ഷന്‍ പ്രായം. ആയുര്‍ദൈര്‍ഘ്യം പരിഗണിച്ച് പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം കനത്ത വെല്ലുവിളിയാണ്. പെന്‍ഷന്‍ വിതരണത്തിന് ഭീമമായ തുക വേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കുന്നതിന് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണം. പെന്‍ഷന്‍ ഫണ്ട് രൂപീകരണത്തിന് ശമ്പളത്തിന്റെ 10 ശതമാനം മാറ്റിവെയ്ക്കണമെന്നും ശുപാര്‍ശയുണ്ട്.
അഞ്ചു വര്‍ഷം കൂടുമ്പോള്‍ ജീവനക്കാര്‍ക്ക് പലിശ സഹിതം പെന്‍ഷന്‍ ഫണ്ടിലേക്ക് സ്വരൂപിക്കുന്ന തുക മടക്കി നല്‍കാവുന്ന തരത്തിലായിരിക്കണം പദ്ധതിയെന്നും ശുപാര്‍ശയില്‍ പറയുന്നു. പങ്കാളിത്ത പെന്‍ഷന്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. കെ.എസ്.ആര്‍.ടി.സിയിലും സര്‍വകലാശാലകളിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം. സര്‍വകലാശാലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാന്റുകള്‍ നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ലാഭകരമല്ലാത്ത സ്കൂളുകളിലെ അദ്ധ്യാപകരെ മറ്റു സ്കൂളുകളിലേക്ക് പുനര്‍വിന്യസിക്കണം. എഞ്ചിനിയറിംഗ്,​ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ദ്ധിപ്പിക്കണം.
നികുതിയിതര വരുമാനം വര്‍ധിപ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചു. പല വകുപ്പുകളുടെയും വാര്‍ഷിക പദ്ധതി ചെലവ് മോശമാണെന്നും സമിതി വിലയിരുത്തി. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കണം, അനധികൃത നിയമനങ്ങള്‍ക്ക് പിഴ ഈടാക്കണം, വി.എച്ച്.എസ്.സി ഹയര്‍ സെക്കന്‍ററിയില്‍ ലയിപ്പിക്കണം തുടങ്ങിയ ശുപാര്‍ശകളും ധനവിനിയോഗ അവലോകന സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചു.
Comment: ആയുര്‍ദൈര്‍ഘ്യം പരിഗണിച്ച് പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്തണമെന്നു  ശുപാര്‍ശചെയ്ത ധനവിനിയോഗ അവലോകന സമിതിക്കു കൂടുതല്‍ ലോട്ടറി തുടങ്ങുന്നതിനെ കുറിച്ചുകൂടി ശുപാര്‍ശിക്കാമായിരുന്നു. ഇനി ഒരിയ്ക്കലും ഒരു ജോലി  കിട്ടാന്‍ സാധ്യയില്ലാതാകുന്ന സാഹചര്യത്തില്‍ അഭ്യസ്ഥവിദ്യരായ തൊഴിലില്ലാ യുവാക്കള്‍ മാന്യമായി തെണ്ടി ജീവിക്കട്ടെ. കേട്ടിട്ടിടത്തോളം മാണി യുടെ ആസ്ഥാന വിദ്വാന്മാരാണ് സമിതിയംഗങ്ങള്‍ എല്ലാവരും .
-കെ എ സോളമന്‍ 

No comments:

Post a Comment