Thursday, 20 December 2018

വരണൊണ്ട് - ഹർത്താൽ രഹിത വർഷം.

തമാശ എന്തെന്നു വെച്ചാൽ തലശ്ശേരി ദം ബിരിയാണിയോ,  കോഴിക്കോടൻ കുലുക്കി സർബത്തോ, ആചാര സംരക്ഷണ വിരുദ്ധ നവോത്ഥാന വനിതാമതിലോ ഒന്നുമല്ല, മറിച്ച് ഹര്‍ത്താലുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന വ്യാപാരികളുടെ സംയുക്ത യോഗതീരുമാനമാണത്. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ  വ്യാപാര മേഖലയുടെ നട്ടെല്ലൊടിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെ ഒരു തീരുമാനമെടുക്കാനെ വ്യാപാരികൾക്കു കഴിയൂ.

ശബരിമലപ്രശ്‌നത്തിൽ ഒരു അയ്യപ്പഭക്തൻ മനംനൊന്ത് ആത്മഹത്യ ചെയ്തതിനെ തുടർന്ന് ബി.ജെപി സംഘടിപ്പിച്ച ഹർത്താൽ വിജയമായതാണ് വ്യാപാരികളെ ഈ ദിശയിൽ ചിന്തിക്കാൻ പ്രേരണയായത്‌. പക്ഷെ  ചില ഗുണ്ടകൾ ഭീഷണിപ്പെടുത്തിയേക്കാവുന്ന ഹർത്താലുകളോ  തങ്ങളുടെ തന്നെ  ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നടത്തുന്ന ഹർത്താലുകളാ പ്രഖ്യാപിച്ചാൽ കട തുറക്കുന്നതല്ല.

2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി വ്യാപാരികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു മുഖ്യ കാരണം അടിക്കടി വരുന്ന ഹർത്താലുകൾ മൂലം കടകൾ തുറക്കാൻ പറ്റാതെ കച്ചവടം കുറയുന്നതാണെന്നു പറയാമെങ്കിലും സംഗതി അതല്ല, വ്യാപാരികൾ കടയും അടച്ചു വച്ചോണ്ടിരുന്നാൽ ഉപഭോക്താവിന് അവശ്യസാധനങ്ങൾ വാങ്ങാൻ പെടാപ്പാടില്ല. യുസഫലി മുതലാളിയുടെ ലുലു മാളും അതുപോലുള്ള മാളുകളും ഹർത്താൽ ദിനം തുറന്നു പ്രവർത്തിക്കും. കടയും അടച്ചു ഹർത്താൽ ആചരണവും നടത്തി കുത്തിയിരിക്കന്ന വ്യാപാരി വ്യവസായികളെ ജനം മൈന്റ് ചെയ്യില്ല. യൂസഫലി മുതലാളിയെ ഒരു ഹർത്താലുകാരനും ചോദ്യം ചെയ്യാൻ പോണില്ല. അപ്പോൾ പിന്നെ കടയടച്ചു കുത്തിയിരുന്നിട്ടു കാര്യമില്ല. മുമ്പായിരുന്നെങ്കിൽ ഒരു ദിവസം കടയിൽ സാധനം വിറ്റില്ലെങ്കിൽ പിറ്റെ ദിവസം ജനം അവിടെത്തന്നെ ചെന്നു വാങ്ങും. ഇന്നതിനു നേരമില്ല ജനത്തിന്.

ഹർത്താൽ ബഹിഷ്കരണത്തിന്റെ ആദ്യപടിയായി
സഹകരണം അഭ്യര്‍ഥിച്ച് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്താൻ തീരുമാനിച്ചിരിക്കുകയാണ്വ് വ്യാപാരികൾ. എന്തായിരിക്കും സംഭവിക്കുക എന്നതു കാത്തിരുന്നു കാണാനെ കഴിയൂ.

2019 ലെ ഹർത്താൽ ബഹിഷ്കരണക്കാരിൽ വ്യാപാരികൾ മാത്രമല്ല സ്വകാര്യ ബസ് ഉടമകൾ, ലോറി സർവീസ് മുതലാളിമാർ, റിസോർട്ട് ഉടമകൾ എല്ലാ മുണ്ട്. ഹർത്താൽ മൂലം വിദ്യാർത്ഥികളുടെ യൂണിവേഴ്സിറ്റി പരീക്ഷകൾ റദ് ചെയ്യാം, പക്ഷെ ടൂറിസ്റ്റുകൾക്ക് യാത്ര ചെയ്യാനും റിസോർട്ടുകളിൽ കള്ളടിച്ചു കൂത്താടാനും അവസരം നിഷേധിക്കരുത്.  ഹർത്താൽ മൂലം വേറെ എന്തൊക്കെ കുത്തിത്തിരപ്പുണ്ടായാലും ടൂറിസത്തെ ബാധിക്കാൻ പാടില്ല.

രസകരമായിട്ടുള്ളത് ജനുവരി എട്ട്, ഒമ്പത് തീയതികളില്‍  പൊതുപണിമുടക്കു വരുന്നുണ്ട്. ഫലത്തിൽ ഹർത്താലാകാനാണ് സാധ്യത. പക്ഷെ ഇതു സംബന്ധിച്ച് എന്ത് നടപടിയെടുക്കണമെന്ന് വ്യാപാരികൾ നിലവിൽ ധാരണയിൽ എത്തിയിട്ടില്ല. സർക്കാർ സ്പൊണ്സേഡ് പണിമുടക്കായതു കൊണ്ടും 2019-ന്റെ തുടക്കമായി തിനാലും അന്നേ ദിവസങ്ങളിൽ ചിലപ്പോൾ വ്യാപാരികൾ കടയടച്ചെന്നിരിക്കും.

വ്യാപാരികളുടെ നിലവിലെ നിലപാടു വിലയിരുത്തിയാൽ അടുത്ത കൊല്ലം ഹർത്താൽ ദിനത്തിൽ  മുഴുവന്‍ കടകളും തുറക്കും, സകല സ്വകാര്യ ബസ്സുകളും ലോറികളും ഓടും, ടൂറിസം മേഖല പൂർണ്ണമായും പ്രവർത്തിക്കും. അപ്പോൾ പിന്നെ എന്തൂട്ട് ഹർത്താൽ എന്ന് ആർക്കെങ്കിലും ചോദിക്കണമെങ്കിൽ തനിയെ ചോദിക്കണം, വ്യാപാരികളോടു  വേണ്ട.

പക്ഷെ, വ്യാപാരികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി കടകള്‍ അടച്ചിട്ടുള്ള സമരം അവർ ഉപേക്ഷിക്കില്ല. വേണമെങ്കിൽ ആ സമരത്തെഹർത്താൽ എന്നു വിളിക്കാതിരിക്കാൻ നോക്കാം..

വ്യാപാരികൾക്ക് വേണ്ടി ഹർത്താലിനെതിരായി ജനങ്ങൾ  ഒറ്റക്കെട്ടാവേണ്ടത് വ്യാപാരികളുടെ ആവശ്യമാണെന്ന് വ്യാപാരികൾ ഇതിനാൽ അറിയിച്ചു കൊള്ളുന്നു
-കെ എ സോളമൻ

Monday, 17 December 2018

ഇവിടെയൊന്നും കിട്ടിയില്ല

കുറച്ചു കാലമായി കേരളത്തിൽ വീണു കിടക്കുന്ന ഒരു സാധനമുണ്ടു്. നവോത്ഥാന മൂല്യം എന്നാണതിന്റെ പേര്. ഇതിനെ ഉയർത്തിപ്പിടിക്കുക  എന്നതാണ് ഇടതു മുന്നണി സർക്കാരിന്റെ മുഖ്യ ലക്ഷ്യം. അതിനു വേണ്ടി എന്തും ചെയ്യും.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ അത്തരത്തിലുള്ള വൻ മുന്നേറ്റമാണ്. പക്ഷെ നേരിട്ടു നടത്താനുള്ള പ്രയാസം മൂലം മതിൽ പണി വെള്ളാപ്പള്ളി പോലുള്ള സമുദായ നേതാക്കളെ എപ്പിച്ചിരിക്കുകയാണ് സർക്കാർ.

30 ലക്ഷം സ്ത്രീകളെ മതിലിൽ അണിനിരത്തും എന്ന് ഒരു സമുദായ നേതാവ് പ്രഖ്യാപിച്ചിട്ടുണ്ട്‌. ഒരു വനിതയുടെ ശരാശരി വിഡ്ത്ത് അര മീറ്റർ എന്നു കണക്കു കൂട്ടിയിൽ മതിലിനു നീളം 1500 കി.മി വരും. 580 കി.മി.മാത്രം നീളമുള്ള കേരളത്തിൽ ഈ മതിൽ കെട്ടിയാൽ കർണ്ണാടകവും കഴിഞ്ഞ് വിന്ധ്യാ പർവതത്തിൽ തട്ടി നില്ക്കും.

മതിൽ കെട്ടാനുള്ള വനിതകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കെ സർക്കാരിന്റെ ഏതു ലൊട്ടുലൊടുക്കു പരിപാടിക്കും ബ്റാന്റ് അംബാസഡർ പദവി അലങ്കരിക്കാറുള്ള നടി മഞ്ജുവാര്യർ മതിലിൽ നിന്ന് പിൻമാറിയതു വലിയ ക്ഷീണമായി. ഒടിയൻ സിനിമയിൽ കഞ്ഞി വീഴ്ത്തു കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്ന മഞ്ജുവിന് ഇനിയൊരു മുട്ട പഫ്സ് വിതരണം ഏറ്റെടുക്കാനുള്ള ത്രാണിയില്ല.
വനിതാ മതിലിന് ഇതിനോടകം  രാഷ്ട്രീയ നിറം കൈവന്നതാണ് വിട്ടു നില്ക്കാൻ കാരണമെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു.

വനിതാമതിലിനെ പിന്തുണക്കാത്തവരെ  പരിഹസിക്കുന്ന യോഗം സെക്രട്ടറി മഞ്ജുവിന്റെ കാര്യത്തിൽ അഭിപ്രായം വൈകാതെ വ്യക്തമാക്കുമെന്നു പ്രതീക്ഷിക്കാം. മതിലിനെ പിന്തുണയ്ക്കാത്ത നായന്മാർ ആണത്തമില്ലാത്തവരെന്നും എം .കെ മുനീർ മഹാനായ ബാപ്പയുടെ അല്പനായ മകനാണെന്നു മൊക്കെ അദ്ദേഹം പറഞ്ഞു കഴിഞ്ഞു. മഞ്ജുവിനു യോജിച്ച രീതിയിൽ ഒരു ആസ്വാദനം വെള്ളാപ്പള്ളിയിൽ നിന്ന് വൈകാതെ ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം.

"തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്ത് തടുക്കേയുള്ളു" എന്നു നമ്പ്യാർ പാടിയതുപ്രകാരം മഞ്ജുവിനെതിരെ മന്ത്രിണി മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തിയിട്ടുണ്ട്. മഞ്ജുവിനെ കണ്ടല്ല മതിലു പണിയാൻ തീരുമാനിച്ചത് എന്നാണ് മേഴ്സിക്കുട്ടിയമ്മ പറയുന്നത്. മേഴ്സിക്കുട്ടിയമ്മയായതുകൊണ്ട് മറുപടിയിൽ കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ല. മന്ത്രി എം എം മണിയെയാണ് മറുപടി പറയാൻ ഏല്പിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? മറ്റേപ്പണിയൊന്നൊക്കെ പറഞ്ഞ് മതിലിന് വിള്ളൽ വീഴ്ത്തുന്ന ഏർപ്പാടായിപ്പോകുമായിരുന്നു അത്. ഭാഗ്യം , അങ്ങനെ സംഭവിച്ചില്ല.

വനിതാമതില്‍ ജനങ്ങളെ ജാതീയമായി വേര്‍തിരിക്കുമെന്നു പറഞ്ഞാൽ മതിലു കെട്ടുന്ന ജാതികൾക്ക് അതു മനസ്സിലാകണമെന്നില്ല. പുരുഷന്മാരെ മാറ്റി നിർത്തി മതിലുപണി  സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്തതോടെ
നവോത്ഥാനം ഏറെക്കുറെ പൂർത്തീകരിച്ചെന്നു പറയാം. പാർട്ടി ഫാറങ്ങളിലും നിയമനിർമ്മാണ സഭകളിലും 50 ശതമാനം സ്ത്രീ സംവരണം എന്ന ലക്ഷ്യം കൈവരിക്കുമ്പോൾ അവശേഷിക്കുന്ന നവോത്ഥാനവും പൂർത്തിയാകും. എന്നു വെച്ചാൽ 200 വർഷമായി തുടർന്നുകൊണ്ടിരിക്കുന്ന നവോത്ഥാന പ്രക്രിയ ഈ സർക്കാരിന്റെ കാലത്തു പൂർത്തീകരിക്കപ്പെടും. അതോടൊപ്പം നവോത്ഥാന പ്രസ്ഥാനത്തിന്റെ അവസാന ഹീറോയായി പിണറായി സഖാവിനെ ചരിത്രത്താളുകളിൽ രേഖപ്പെടുത്തുകയും ചെയ്യും.

വനിതാമതിൽ അഥവാ ആചാരസംരക്ഷണ വിരുദ്ധമതിൽ എന്ന അലക്കുമായി ജനുവരി
ഒന്നുവരെ തള്ളി നീക്കം. അതിനു ശേഷം എന്താണു ചെയ്യുക? " ഇവിടെയൊന്നും കിട്ടിയില്ല" എന്നു പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കൂട്ടം ജനം അയൽക്കാരുടെ തൊഴുത്തിലും ടെറസിലും മുറ്റത്തും തിണ്ണയിലുമൊക്കെയായി കഴിയുന്നുണ്ട്. വെള്ളപ്പൊക്ക ദുരിതത്തിൽ പെട്ടവരാണവർ. വനിതാ മതിൽ പോലൊന്നു ഉടൻ കണ്ടെത്തിയില്ലെങ്കിൽ ഇക്കൂട്ടരുടെ വായടക്കുന്നത് തുടർന്നുംവലിയ പൊല്ലാപ്പായി മാറും.

-കെ എ സോളമൻ

Tuesday, 4 December 2018

ഗ്രേറ്റ് വാൾ ഓഫ് കേരള !

2012 സെപ്തംബറിലായിരുന്നു ആ സംഭവം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിഷീല കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ ഒരുങ്ങുന്ന വാർത്ത. ഡല്‍ഹിയില്‍വച്ച് ഡിഫൻസ് മിനിസ്റ്റർ എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസില്‍ ചേരുമെന്ന് വെളിപ്പെടുത്തുകയും തുടർന്ന് ഏതാനും ദിവസങ്ങള്‍ക്കകം പ്രഖ്യാപനം ഉണ്ടാകുകയും ചെയ്‌തു. അന്ന് 67 വയസ്സുണ്ടായിരുന്ന ഷീല പറഞ്ഞത്  പണവും പ്രശസ്തിയും ആഗ്രഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത് മറിച്ച് സ്ത്രീ സമൂഹത്തെ രക്ഷിക്കുന്നതിനു വേണ്ടിയാണ് എന്നാണ്.

ശേഷം ആറു വർഷം പിന്നിട്ടു. ഇപ്പോൾ വയസ് 73 ആയി. ഷീലയുടേതായി കാര്യമായ സംഭാവനകൾ ഒന്നും കണ്ടതുമില്ല. കോൺഗ്രസ് നേതാക്കൾ ഷീലയുമായി വേദി പങ്കിടുന്നതും കണ്ടില്ല.
ഷീലയ്ക്കു തടസ്സമാകാൻ സാധ്യതയുണ്ടെന്നു കരുതിയിരുന്ന ശോഭന ജോർജ് കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടി പിണറായിപ്പാർട്ടിക്കൊപ്പം ചേർന്ന് സഖാവ് ഷർട്ട് വില്ക്കാൻ തുടങ്ങി. എന്നിട്ടും ഷീലയുടെ അനക്കമൊന്നും ആരും കേട്ടില്ല.

ശോഭന ജോർജിന്റ സഖാവ് ഷർട്ട് വാങ്ങാൻ ആളില്ലെങ്കിലും പിണറായി പാർട്ടിയിൽ അവർക്ക് ഇപ്പോഴും വലിയ പിടിപാടാണ്. ശോഭന ജോർജ് ചാടിയ തക്കം നോക്കി അരയും തലയും മുറുക്കി ഇറങ്ങാമായിരുന്നിട്ടു കൂടി ഷീല കോൺസിൽ സജീവമായില്ല.

ഒരു പക്ഷെ കോൺഗ്രസ് നേതാക്കൾക്കു കൂടുതൽ സ്വീകാര്യം ചെറുപ്പക്കാരെ ആയിരുന്നതുകൊണ്ടാവാം ഷീലാമ്മയ്ക്കു  ഉദ്ദേശിച്ച കുതിപ്പ് കിട്ടാതെ പോയത്. അതെന്തായാലുംസിനിമാസ്വാദകരുടെ മനസ്സില്‍, ഹൃദയത്തില്‍  അവർക്ക് ഒരുസ്ഥാനമുണ്ട്. അത് നശിപ്പിക്കണമെന്ന് ആഗ്രഹമില്ലാത്തതുകൊണ്ടാവണം അവർ സജീവമാകാത്തത് എന്ന് ആരാധകർ വിശ്വസിച്ചു. പ്രേംനസീറുമായി കളിച്ച സിനിമകളുടെ എണ്ണം ഒരിക്കലും തകർക്കപ്പെടാൻ സധ്യത ഇല്ലാത്ത ഗിന്നസ് റെക്കോഡായി നില നില്ക്കുകയും ചെയ്യന്നു.

‍എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ഷീല പ്രസ്താവനയുമായി  എത്തിയത്. പ്രസ്താവന കണ്ടാൽ തോന്നുക അവർ ഇപ്പോൾ കോൺഗ്രസ് പക്ഷത്തില്ല മറിച്ച് പിണറായി പക്ഷത്താണെന്ന്. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പൊട്ടം കളിക്കുമ്പോളാണ് അവർ പിണറായിയുടെ കരങ്ങൾക്ക് ശക്തി പകരാൻ എത്തിയത്.

ആഗസ്ത് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ചവർക്ക് കാര്യമായ സഹായമൊന്നും എത്തിച്ചു കൊടുക്കാൻ ഇതുവരെ പിണറായി സർക്കാരിന കഴിഞ്ഞില്ല. രണ്ടാം അമർത്യ സെന്നിന്റെ സാലറി വെല്ലുവിളി വരെ പൊളിഞ്ഞു. കേന്ദ്രത്തെ പഴിപറഞ്ഞ് തടിതപ്പുന്നത് വിമർശന വിധേയമായപ്പോൾ, എടുത്തിട്ടതാണ് ശബരിമലയുവതി പ്രവേശനം. ഇതിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുകയാണ് ഷീല.

അവർ പറഞ്ഞു: "എത്ര എതിര്‍പ്പുകള്‍ അവഗണിച്ചാണ് മാറുമറയ്ക്കാന്‍ അവകാശം നേടിയത്? അതുപോലെ ശബരിമലയിലും യുവതികള്‍ പ്രവേശിക്കും"

പണ്ട് ആടിയും പാടിയും ചിലരെ കുത്തുപാളയെടുപ്പിച്ചും സാമ്പാദിച്ച പണം ഉപയോഗിച്ച് വീട്ടിൽ സുഖമായി കഴിയുമ്പോൾ രണ്ടു തെറി കേൾക്കണമെന്നു മോഹമുദിക്കുക സ്വാഭാവികം.  അയ്യപ്പവിശ്വാസികൾ പറയില്ലെങ്കിലും മറ്റു ചിലർ പറയുന്ന തെറി കേട്ടു കഴിയുന്നോൾ ചെറിയ ശമനം കിട്ടും.
ഇതിനകം ഷീലാമ്മയ്ക്ക് ചെറിയ ശമനമുണ്ടായിക്കാണണം എന്നാണ് വിശ്വാസം

മാത്രമല്ല ഇതൊരവസരം കൂടിയാണ്. ചൈനയിലെ വൻമതിൽ പോലെ ക്ളാസിക്കുകളിൽ കയറിപ്പറ്റാൻ സാധ്യതയിച്ചെങ്കിലും കോളജ് അധ്യാപികമാരുടെ കവിതകളിൽ കയറാൻ സാധ്യതയുള്ള ഒരു മതിൽ ഇവിടെ പണിയുന്നുണ്ട്. ഗ്രേവ് വിമൻ വാൾ ഓഫ് കേരള എന്നാണ് പേര്. അച്ഛൻ വെള്ളാപ്പള്ളിയാണ് മുഖ്യ മേസ്തരി. അങ്കനവാടി ടീച്ചർമാർ, കുടുംബശ്രീ പെണ്ണുങ്ങൾ, തൊഴിലുറപ്പുകാരികൾ, ബംഗാളി സ്ത്രീകൾ ഇടങ്ങിയവർ മതിലുപണിയാനെത്തുന്നണ്ട്‌. അതിനു പിന്തുണ പ്രഖ്യാപിച്ച് ഷീലാമ്മ കൂടി ചേർന്നാൽ പിണറായിക്കും നേട്ടം ഷീലാമ്മയ്ക്കും നേട്ടം

ഭരണപരിഷ്കാര കമ്മീഷൻ എന്നൊക്കെ പറയുമ്പോലെ ഒരു സിനിമാ പരിഷ്കാര കമ്മീഷൻ രൂപീകരിച്ച് ഷീലാമ്മയെ അതിന്റെ ചെയർപേഴ്സൺ ആക്കില്ലെന്നു ആരു കണ്ടു.

Sunday, 18 November 2018

ഭരണം സ്വസ്ഥം സുഖദായകം

ശബരിമലയില്‍ പോലീസ് രാജാണ് നടക്കുന്നതെന്ന കാര്യത്തിൽ തർക്കമില്ല. വിശ്വാസികൾക്ക് വിട്ടുകൊടുക്കേണ്ട ക്ഷേത്രത്തിൽ എന്തിനാണ് 15000 പോലിസിന്റെ ബന്തവസ്? അവിശ്വാസികൾക്കും ആക്ടിവിസ്റ്റുകൾക്കും അവിടെ കാര്യമില്ല.അനധികൃതമായി പ്രവേശിക്കുന്ന അവിശ്വാസികൾ പ്രശ്നമുണ്ടാക്കിയാൽ അവരെ നേരിടാൻ എന്തിന് 15000 പോലീസ് കാർ?  ഇത്രയും പോലീസുകാരെ ശബരിമലയിൽ വ്യന്യസിപ്പിച്ചതോടെ തീർത്ഥാടകർക്ക് പ്രാഥമികാവശ്യം നിറവേറ്റാനുള്ള സൗകര്യമാണ് ഇല്ലാതായത്‌.

ശബരിമലയിലെ അനാവശ്യ പോലീസ് മുന്നേറ്റം മൂലം ഭക്തര്‍ അവിടെ എത്തിച്ചേരാൻ  മടിക്കുന്നുവെന്നതു വാസ്തവം. ശശികലയെയും കെ സുരേന്ദ്രനെയും അറസ്റ്റു ചെയ്തു ലോക്കപ്പിലിടാനുള്ള സാഹചര്യം പോലീസ് ഒഴിവാക്കേണ്ടതായിരുന്നു. അറസ്റ്റുകൾ പ്രശ്നം സങ്കീർണ്ണമാക്കുന്നതല്ലാതെ ലഘുകരിക്കുന്നില്ല.

മറ്റനേകം വിധിന്യായങ്ങൾ നടപ്പാക്കാൻ ഉണ്ടെന്നിരിക്കെ ശബരിമല വിധി ധൃതിയില്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം സംശയാസ്പദമാണ്.

ശബരിമലയിൽ അഭിഷേകത്തിനെത്തിയ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് റിമാന്റിൽ അയച്ചത് തെറ്റാണെന്നിരിക്കെ അതിനു ന്യായീകരണവുമായി എത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക്.  ഇരുമുടിക്കെട്ട് സുരേന്ദ്രൻ സ്വയം നിലത്തെറിഞ്ഞെന്നാണ് മന്ത്രിയുടെ കണ്ടെത്തൽ. അതിനു തെളിവായി അദ്ദേഹത്തിന് ഒരു പൈറേറ്റഡ് വീഡിയോയുമുണ്ട്. ഇതു കണ്ടിട്ട് ഐസക്ക് മന്ത്രി പറയുന്നതാണ് ശരിയെന്നു വിശ്വസിക്കണമെങ്കിൽ യഥാർത്ഥ വീഡിയോ ജനം കാണാതിരിക്കണം.

രസകരമായിട്ടുള്ളത് ഇരുമുടിക്കെട്ട് പവിത്രമാണെന്ന് ഐസക്ക് മന്ത്രിക്കും തോന്നിയിരിക്കുന്നു. ദൃശ്യം വ്യക്തമായി കാണുന്നവർക്കു മനസ്സിലാകും മന്ത്രി പറയുന്നതാണോ സുരേന്ദൻ പറഞ്ഞതാണോ സത്യമെന്ന്.

ശബരിമല പ്രശ്നം വല്ലാതെ ചൂടുപിടിപ്പിച്ചു വെച്ചതു കാരണം വെള്ളിപ്പൊക്ക ദുരിതാശ്വാസവും കേരള പുനർനിർമ്മാണവും പരണത്തു വയ്ക്കാൻ കഴിഞ്ഞു.. ബിജെപി നേതാക്കള ഓരോന്നായി അറസ്റ്റു ചെയ്ത് അകത്താക്കുമ്പോൾ ഹർത്താലും റോഡുപരോധവുമായി ജനം അതിന്റെ പുറകേ കുടും. വിലക്കയറ്റത്തെക്കുറിച്ചോ, തൊഴിൽ നിഷേധത്തെക്കുറിച്ചോ ആരും ഒന്നും ചോദിക്കില്ല. സർക്കാരിനു ഭരണം സ്വസ്ഥം സുഖപ്രദം.

Friday, 9 November 2018

നങ്ങേലി ഫാൻസ് !


തിരുവിതാംകൂർ രാജഭരണകാലത്തെ അന്യായനികുതികളെ പ്രതിഷേധിച്ച് രക്തസാക്ഷിയായ സ്ത്രീയാണ് നങ്ങേലി.ആലപ്പുഴ ജില്ലയിയിൽ ചേർത്തല താലൂക്കിലെ നിവാസിയായിരുന്നു നങ്ങേലി. ഭർത്താവ് കണ്ടപ്പൻ..

വിദേശികളുടെ സ്വാധീനത്തൊടെയാണ് കേരളത്തിൽ സ്ത്രീകൾ മാറുമറയ്ക്കാൻ തുടങ്ങിയത്. ഇത് ഒരു അവസരമായി കണ്ട് രാജഭരണം താഴ്ന്ന ജാതിക്കാരിലെ സ്ത്രീകൾക്ക് മാറുമറയ്ക്കുന്നതിന് മുലക്കരം ഏർപ്പെടുത്തി. എന്നാൽ നങ്ങേലി മുലക്കരം ഒടുക്കിയില്ല. ഇത് പിരിക്കാനെത്തിയ രാജകിങ്കരനോട്, അവരുടെ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയിൽ വച്ച്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു. വൈകുന്നേരത്തോടെ ചോര വാർന്ന് അവർ  മരിച്ചു. നങ്ങേലി മരിച്ചസ്ഥലം മുലച്ചിപ്പറമ്പ് എന്ന പേരിൽ അറിയപ്പെട്ടു.

1810-ൽ  സംഭവം നടക്കുമ്പോൾ ഇവിടെ വലതു - ഇടതു പാർട്ടിക്കാരില്ല. പിന്നെന്തു കൊണ്ടാണ് ഒരു കൂട്ടർമാത്രം നങ്ങേലി
ഫാൻസായി സ്വയം അവതരിച്ച് ആട്ടക്കലാശം നടത്തുന്നത്? ഒരു പക്ഷെ ഒരു വിധപ്പെട്ട നല്ല കാര്യങ്ങളൊന്നും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തതാവും നങ്ങേലിയെയും ചുമന്ന് മുലച്ചിപ്പറമ്പിലേക്കുള്ള ഈ ഘോഷയാത്ര. ചരിത്ര സംഭവങ്ങൾ , അവ സത്യമായാലും മിഥ്യയായാലും, എത്ര വിദഗ്ധമായാണ് ഒരോ പാർട്ടിക്കാരും സ്വന്തമാക്കി അവതരിപ്പിക്കുന്നത്?
- കെ എ സോളമൻ

Friday, 26 October 2018

ഈച്ചേവെട്ടി സുൽത്താൻ


1975-ലെ അടിയിന്തരാവസ്ഥയുടെ എതിരാളികൾ ഇന്ന് അതിന്റെ ആരാധകരായി മാറി.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്നവെന്നു പറയപ്പെടുന്ന അക്രമ സംഭവങ്ങളില്‍ പോലീസ്  വ്യാപക അറസ്റ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. 1450 പേരെ അറസ്റ്റുചെയ്യുകയും 450 ഓളം കേസുകൾ ചാർജു ചെയ്യുകയുംചെയ്തു. വിശ്വാസികള്‍ക്കെതിരായ പോലീസ് നടപടി അടിയന്തിരാവസ്ഥ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് .

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് യോജിക്കാത്ത വിധമുള്ള പോലിസ് നരനായാട്ടാണ് കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഭരണാധികാരി വെറും ഇച്ചേവെട്ടി സുൽത്താനായി തരം താണു. അധാര്‍മികവും തികച്ചും
ജനാധിപത്യ വിരുദ്ധവുമാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് . മാർക്സ്യൻ ഡയനാസ്റ്റിയുടെ അവസാനത്തെ സുൽത്താനായി മാറി മുഖ്യമന്ത്രി പിണറായി.

ചരിത്രം ആവർത്തിക്കുന്നു ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും.

-കെ എ സോളമൻ

Wednesday, 17 October 2018

ഭക്തരില്ലാതെ എന്തുത്സവം?


ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കടകം പള്ളി മന്ത്രി. സമരക്കാർക്ക് അയ്യപ്പന്റെ  ശാപമുണ്ടാകുമെന്ന് ജയരാജൻ മന്ത്രി. അതെന്തായാലും വിശ്വാസികളുടെ സമരം പോലീസിനെ വിട്ടു പൊളിക്കാനിറങ്ങിയ സർക്കാരിനു പിന്നിൽ ഒരു കൂട്ടം വകതിരിവു കെട്ട ഫെമിനിച്ചികളും സമൂഹം സംശയദൃഷ്ടിയോടെ നോക്കുന്ന മാവോവാദിനികളും കിസ് ഓഫ് ലൗ പ്രോ സ്റ്റിട്ട്യൂട്ടുകളും മാത്രമേയുള്ളു

ഭരണകൂടവും നിയമവാഴ്ചയുമുള്ള രാജ്യം എന്ന നിലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നാണ് സര്‍ക്കാർ. വിധി നടപ്പാക്കുന്നതിൽ ഒരു തെറ്റുമില്ല, എന്നാലതു വിശ്വാസികളുടെ നെഞ്ചത്തു ചവിട്ടിത്തന്നെ വേണമെന്നുണ്ടോ? നഴ്സ് ശമ്പളം, ഹർത്താൽ, കലാലയ രാഷ്ട്രീയം, പൊതുനിരത്തുസമ്മേളനം, ഫ്ളക്സ് ബോർഡ്, ശബ്ദ ശല്യം ഇതിനൊക്കെ എതിരെയുള്ള വിധികൾ നേരത്തെ ഉള്ളതാണ്. ഇവയെല്ലാം നടപ്പിലാക്കിക്കഴിഞ്ഞോ?

പോലീസിനെ ഉപയോഗിച്ച് ബലമായി
ഭക്തരെ കൈകാര്യം ചെയ്യുന്ന സർക്കാർ. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമെന്നും പറയുന്നു. കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകാത്തവരല്ലേ തന്ത്രി കുടുംബവും പന്തളം രാജാവും ഈ കാണുന്ന ഭക്ത സഹസ്രങ്ങളും?

ഇവിടെ സമരം ചെയ്യുന്നവർ  ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാന്നെന്നുള്ള വിചിത്രമായ കണ്ടെത്തലിന്റെ കൂടെ വിശ്വാസികളായ കമ്യുണിസ്റ്റുകളുടെ പ്രസ്താവനകളും കാണുന്നു. വിശ്വാസിയായ കമ്യുണിസ്റ്റ് - അതെന്തു സാധനം, മധുരമിട്ട വിത്തൗട്ട് ചായപോലെ വല്ലതുമാണോ?

കോടതി വിധിക്ക് തൊട്ടു പിന്നാലെ ഇത്രയധികം ജനങ്ങൾ തെരുവിലിറങ്ങാനുണ്ടായ സാഹചര്യം സൃഷ്ടിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണ്. സാധാരണ ജനങ്ങളായ വിശ്വാസികളെ ലാത്തിയും തോക്കുമുപയോഗിച്ച് പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് ജനകീയ സർക്കാർ എന്നവകാശപ്പെടുന്നവർക്ക് ഭൂഷണമല്ല.

മണ്ഡല മകരവിളക്ക് മഹോത്സവം സമുചിതമായി പൂർത്തീകരിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നാണ് നീക്കമുണ്ടാകാണ്ടേത്. ഭക്തരെ തല്ലിച്ചതച്ച് ഒരു ഉത്സവവും വിജയിപ്പിക്കാനാവില്ലായെന്ന് ഇതുമായി ബന്ധപ്പെട്ടവർ മനസ്സിലാക്കിയാൽ നന്ന്.

കെ എ സോളമൻ

Sunday, 7 October 2018

പുലിവാൽ പിടിച്ച കേരള സർക്കാർ


ഗോവധ നിരോധനം, നഴ്സ്മാരുടെ ശമ്പളം, കലാലയ രാഷ്ട്രീയം, റോഡ് സൈഡ് സമ്മേളനങ്ങൾ, വഴിവക്കിലെ ഫ്ളക്സ് ബോർഡുകൾ ഇവ സംബന്ധിച്ചു കോടതി വിധികൾ ഉണ്ട്. ഇവയൊക്കെ സർക്കാർ എന്നു നടപ്പിൽ വരുത്തുമെന്ന് ആർക്കുമറിയില്ല. ഇവിടെയെല്ലാം സർക്കാൻ കാര്യം മുറപോലെ എന്നതാണ് നയം. എന്നാൽ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സർക്കാർ നയം ശക്തവും സ്പഷ്ടവുമാണ്. എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണം. അതിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ എന്നു പറയും പോലെ അന്യസംസ്ഥാന വനിതാ പോലീസിനെ ശബരിമലയിൽ കയറ്റും

ശബരിമലയിൽ കേറാൻ തുനിഞ്ഞിറങ്ങിയ 10- നും 50-നും ഇടയിൽ പ്രായമുള്ള ചില ഫെമിനിച്ചികൾ ഉണ്ട്.
മാസമുറ ആരംഭിക്കുമ്പോൾ അവർക്കു ശബരിമലയിൽപോകണം, ഉദ്ദേശ്യം തൊഴുക എന്നതല്ല, അയ്യപ്പൻ ബ്രഹ്മചാരിയാണോയെന്നു ടെസ്റ്റു ചെയ്യണം.

ഭരണഘടനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കോടതിക്ക് ഇങ്ങനെയെ വിധിക്കാനൊക്കു.  പക്ഷെ അനേകായിരങ്ങളുടെ വിശ്വാസത്തെ കടന്നാക്രമിച്ചാൽ പ്രതിഷേധമുണ്ടാകുക സ്വാഭാവികം. നമുക്ക് നന്നാക്കിയെടുക്കാൻ ഒത്തിരി മേഖലകൾ ഉണ്ടായിരിക്കെ, ശബരിമല തന്നെ ആദ്യം ആകണമെന്നില്ല.

കോടതി വിധിക്കെതിരെ സമരം പാടില്ലെന്നാണ് ഒരു മന്ത്രി പറയുന്നത്. ഇഷ്ടമില്ലാത്ത വിധിയുടെ പേരിൽ ജഡ്ജിയെ നാടുകടത്തിയ പാർട്ടിയുടെ നേതാവിനാണ് ഇപ്പോൾ ഉൾവിളി ഉണ്ടായിരിക്കുന്നത്.

മതപരമായ  വിശ്വാസങ്ങൾക്ക് യുക്തിചിന്തയ്ക്കോ ശാസ്ത്രീയ വിശകലനത്തിനോ അടിസ്ഥാനമില്ല. പലർക്കും വിശ്വാസമെന്നത് ജീവാമൃതം പോലെ. അതിന് കോട്ടം സംഭവിക്കുന്ന പ്രവൃത്തി ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിർക്കപ്പെടും. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ഇപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന സമരം സ്ത്രീകൾക്കെതിരെയുള്ളതല്ല, മറിച്ച് വിശ്വാസ സംരക്ഷണത്തിന് വേണ്ടിയാണ്. ശബരിമലയിലെ ആചാരാനുഷ്ഠനാങ്ങൾ പാലിക്കപ്പെടണം. ഇതിനെതിരെയാണ്  നീക്കമെങ്കിൽ  സംഭവിക്കാവുന്ന അപകടം സർക്കാർ കരുതുന്നതിലും വലുതായിരിക്കും.
-കെ എ സോളമൻ