#രാഷ്ട്രീയനേട്ടം ലക്ഷ്യം
കേരളത്തിലെ സർക്കാർ ജോലികളിൽ വിരമിച്ച ജീവനക്കാരെ വീണ്ടും നിയമിക്കുന്ന രീതി, മെറിറ്റോക്രസിയും നീതിയും ജനാധിപത്യ മൂല്യങ്ങളും തുരങ്കം വയ്ക്കുന്ന സമ്പ്രദായമാണ്. രാഷ്ട്രീയ പ്രീണനത്തിനായി നടത്തുന്ന ഈ അഴിമതി നിയമനങ്ങൾ ഒത്തിരി യുവാക്കളുടെ അവസരമാണ് നഷ്ടമാക്കുന്നത്
യുവാക്കൾക്കും അഭ്യസ്തവിദ്യർക്കും തൊഴിൽ അവസരങ്ങൾ നിഷേധിക്കുമ്പോൾ ഭരണകക്ഷിയിൽ അണിനിരക്കുന്നവർക്ക് ഈ പ്രവണത പ്രാഥമികമായ പ്രയോജനം ചെയ്യുന്നു. ഇത് പൊതുവിഭവങ്ങളുടെ മൊത്തത്തിലുള്ള ദുരുപയോഗത്തെ സൂചിപ്പിക്കുന്നു, പലപ്പോഴും പുനർ നിയമനങ്ങൾ നടത്തുന്നത് യോഗ്യതകൾ ശരിയായ വിധം പരിഗണിക്കാതെയും സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയില്ലാതെയുമാണ്.
ഇത്തരം പ്രവർത്തനങ്ങൾ അടുത്ത തലമുറയുടെ ശരിയായ അവസരങ്ങൾ നഷ്ടപ്പെടുത്തുക മാത്രമല്ല, സർക്കാർ മേഖലയിലേക്കുള്ള പുതിയ പ്രതിഭകളുടെയും ആശയങ്ങളുടെയും കടന്നുവരവിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ആധുനിക വെല്ലുവിളികളെ നേരിടാൻ വരട്ടുവാദക്കാരും ആരോഗ്യപ്രശ്നം ഉള്ളവരും കാലഹരണപ്പെട്ട ആശയങ്ങളുമുള്ള വൃദ്ധരായ ജീവനക്കാർക്ക് കഴിയില്ല.
റിട്ടയർ ചെയ്തവരെ സർക്കാർ ലാവണങ്ങളിൽ പുനർനിർമിക്കുന്ന സമ്പ്രദായം സ്വമേധയാ പരിഗണനയിൽ എടുത്ത് ബഹുമാനപ്പെട്ട സുപ്രീം കോടതി പോലുള്ള ഉയർന്ന ജുഡീഷ്യൽ ബോഡികൾ സൂക്ഷ്മപരിശോധനയിലൂടെ ഈ രാഷ്ട്രീയ അഴിമതി തടയേണ്ടതാണ്.
രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥരെ സേവനത്തിൽ തുടരാൻ അനുവദിക്കുന്നത് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ അവസരത്തിൻ്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്.
യുവാക്കളുടെ തൊഴിൽ ആവശ്യങ്ങൾക്ക് സർക്കാർ മുൻഗണന നൽകണം, പ്രത്യേകിച്ചും തൊഴിലില്ലായ്മ നിരക്ക് ഭയാനകമാം വിധം ഉയർന്നിരിക്കുന്ന ഒരു കാലഘട്ടത്തിൽ. ജോലിയിൽ നിന്ന് വിരമിച്ചവരുടെ തുടർച്ചയായ പുനർനിയമനം തൊഴിൽ തേടുന്ന യുവാക്കളെ പാർശ്വവത്കരിക്കുകയും വ്യവസ്ഥിതിയോടുള്ള അസംതൃപ്തിയിലേക്ക് അവരെ തള്ളിവിടുകയും ചെയ്യുന്നു.
രാഷ്ട്രീയ നേട്ടത്തിനായി ഒരു സംസ്ഥാന ഗവൺമെൻ്റും ഭാവിയിൽ അഴിമതി നിയമനം നടത്താതിരിക്കാൻ പരിഷ്കാരങ്ങൾ അത്യാവശ്യമായിരിക്കുന്നു .
No comments:
Post a Comment