കെ.എ. സോളമന്‍
Janmabhumi Daily dated 04 Jan 2011
വേണ്ടപ്പെട്ടവര്‍ മരിച്ചാല്‍ ദുഃഖമുണ്ടാകും. ദുഃഖം മാറാന്‍ വിതുമ്പാം, അല്ലെങ്കില്‍ പൊട്ടിക്കരയാം, രണ്ടു സ്മാളടിച്ച് സിനിമക്ക് പോകുന്നവരുമുണ്ട്. ഇതൊന്നും വലിയ കാര്യമല്ല. എന്നാല്‍ ലീഡര്‍ മരിച്ച ദുഃഖം സഹിക്കാനാവാതെ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് സിനിമക്ക് പോയത് വാര്‍ത്തയായി.
എന്‍ഡോസള്‍ഫാനില്‍ തുടങ്ങിയതാണ് മാഷിന്റെ ഈ ഗതികേട്. എന്തു പറഞ്ഞാലും, ചെയ്താലും വാര്‍ത്ത. മാഷ് ഇരിക്കുകയാണോ, ഇസ്തിരി ഇടുകയാണോ, ഇതൊക്കെ ലൈവാക്കാന്‍ ചാനല്‍ക്കാര്‍ സെക്യൂരിറ്റിക്കൊപ്പം കൂടിയിരിക്കുകയാണ്. കാര്‍ട്ടൂണുകളിലും മാഷ്ഠന്നെ താരം.
കേന്ദ്രമന്ത്രിയായതുകൊണ്ട് കുടുംബസമേതം ഒരു സിനിമ കാണാന്‍ പാടില്ലേ? പേരക്കുട്ടികള്‍ ഒത്തിരിനാളായി പറയുന്നതാണ് കവിതാ തീയേറ്ററില്‍ സിനിമ കാണണമെന്ന്. പല പല തിരക്കുകള്‍ കാരണം ഇതുവരെ അതിന് കഴിഞ്ഞില്ല. അപ്പോഴാണ് ഒരു അവസരം ഒത്തുകിട്ടിയത്. പോരാത്തതിന് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കാണാന്‍ പറ്റിയ സിനിമ- 'മേരിക്കുണ്ടൊരു കുഞ്ഞാട്.' ആണും പെണ്ണും കെട്ട വേഷം കെട്ടി കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് നായകന്‍.
ഇടികൊള്ളുന്നതാണ് ഹരം. ബെന്നി പി. നായരമ്പലത്തിന്റെ പതിവുകഥ. സത്ഗുണ സമ്പന്നയായ നായികയുടെ അഛനും സഹോദരന്മാരും തന്നെയാണ് വില്ലന്മാര്‍. നായകന്റെ അമ്മയെ പ്രേമിക്കുക, നായകനെ ഇടിച്ച് ചമ്മന്തിപ്പരുവമാക്കുക ഇതൊക്കെയാണ് വില്ലന്മാരുടെ പണി ഈ സിനിമയിലും. നയകന്‍ ഇടികൊടുത്തില്ലെങ്കിലും ആളെ കൂലികൊടുത്ത് ഇടിപ്പിക്കും. ബിജുമേനോനാണ് കൂലിത്തല്ലുകാരന്‍. കുനിഞ്ഞുനിന്നു കുഞ്ചിക്ക് ഇടി മേടിക്കുന്ന വില്ലന്റെ മുണ്ടിനകത്തേക്ക് നായകന്‍ തിളച്ച വെള്ളം പായിക്കുന്നത് കണ്ട് മാഷിന്റെ പേരക്കുട്ടികള്‍ കയ്യടിച്ചുകാണണം. മലയാള സിനിമയുടെ അധഃപതന നെല്ലിപ്പലകക്ക് ഇനിയും അകലമുണ്ടോ എന്ന് അളക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും നായകനുംകൂടി. നായകന്റെ ഫാന്‍സില്‍പ്പെട്ട ക്വട്ടേഷന്‍ സംഘങ്ങള്‍ ഉടന്‍തന്നെ പ്രാവര്‍ത്തികമാക്കാന്‍ സാധ്യതയുള്ളതാണ് നായകന്റെ "തിളച്ച വെള്ള പ്രയോഗം.' തിളച്ച വെള്ളത്തിന് ലഭ്യത കുറവുള്ളതിനാല്‍ സള്‍ഫ്യൂറിക് ആസിഡ് പകരം പരീക്ഷിക്കാവുന്നതാണ്.
സിനിമ കണ്ട് മാഷും പേരക്കുട്ടികളും കൈയടിച്ചോ, അതോ പൊട്ടിച്ചിരിച്ചോ അതാണ് അപ്പുണ്ണിമാഷ്ക്ക് അറിയേണ്ടതായുള്ളത്. അതൊന്നും ഈ ചാനല്‍ മുതലാളിമാര്‍ പുറത്തുവിട്ടില്ല.
തന്ത്രങ്ങളുടെ ഉസ്താദ് ലീഡറുടെ അവസാനതന്ത്രം ഫലിച്ചെന്നാണ് ചാനല്‍ നിരൂപകര്‍. തിരുവനന്തപുരത്തുനിന്ന് തൃശൂരിലെ മുരളിമന്ദിരത്തിലേക്കുള്ള 18 മണിക്കൂര്‍ വിലാപയാത്ര ഗംഭീര വിജയമായി. മുരളീധരന്റെ കോണ്‍ഗ്രസിലോട്ടുള്ള പ്രവേശനം എളുപ്പമായി. സഹോദരനും സഹോദരിയും ബാല്യകാല സ്മരണകള്‍ ഒരുമിച്ച് അയവിറക്കി. ലീഡറുടെ അവസാനനാളുകളിലെ അസ്വസ്ഥതക്ക് കാരണം വി.എം. സുധീരന്‍ കൃത്യമായും മനസ്സിലാക്കി. മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് എതിര്‍പ്പുകള്‍ കുറഞ്ഞെന്നും മുരളീധരന് തന്റെ 'പിച്ചപ്പാത്രം' ഇനി വലിച്ചെറിയാമെന്നും ചെന്നിത്തല. ഒരു കാര്യം തീര്‍ച്ചയായി, ചെന്നിത്തലക്ക് അടുത്ത മൂന്ന് കല്ലത്തേക്കുകൂടി പേടിക്കാനില്ല. രണ്ടു ടേമില്‍ കൂടുതല്‍ ഒരാള്‍ കെപിസിസി പ്രസിഡന്റായി ഇരിക്കുക കേരളത്തില്‍ അത്യപൂര്‍വം. ഇനിയും മുരളിയെ മാറ്റിനിര്‍ത്തിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ചില്ലറ വോട്ടു കുറയുമോയെന്ന ശങ്കയുമുണ്ട്.
പക്ഷെ അപ്പുണ്ണിമാഷിനെ കൂടുതല്‍ ആകുലചിത്തനാക്കുന്നത് ഭരിക്കുന്ന മന്ത്രിമാരുടെ ആരോഗ്യസ്ഥിതിയാണ്. എല്ലാവര്‍ക്കും ലക്ഷങ്ങളുടെ ചികിത്സയാണ് വേണ്ടിവന്നത്. മുഖ്യമന്ത്രി തന്നെ ഒന്നാമത്, 465831 രൂപ ചികിത്സക്കായി അദ്ദേഹം ചെലവാക്കി. പി.കെ. ഗുരുദാസനാകട്ടെ 128590 രൂപയാണ് ചെലവിട്ടത്. എനിക്കൊരു കുഴപ്പവുമില്ല, ആരെ ക്കൊണ്ടു പരിശോധിപ്പിക്കാനും തയ്യാര്‍ എന്ന് പറഞ്ഞ സുധാകരന്‍ മന്ത്രിവരെ 49938 രൂപ ചികിത്സാചെലവിന് എഴുതിയെടുത്തു. ഔദ്യോഗികഭവനം മോടിപിടിപ്പിക്കാന്‍ ചെലവിടുന്നതു ചില്ലറയാണോ? ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ 2432072 രൂപ മുടക്കിയാണ് സാനഡു മോടിപിടിപ്പിച്ചത്. ഈ കാശുണ്ടെങ്കില്‍ സിറ്റിയില്‍ ഒരു ഫ്്്ലാറ്റോ ഒരു ആശുപത്രിക്കെട്ടിടംതന്നെയോ വാങ്ങാമായിരുന്നു. മണ്ണും മദ്യവും വിറ്റ് ഹെല്‍മറ്റുവേട്ട നടത്തിയും ലോട്ടറി വിറ്റും ചില്ലറക്കാശ് ഐസക്കുമന്ത്രി സ്വരൂപിച്ചില്ലായിരുന്നുവെങ്കില്‍ പ്രജകളെ എങ്ങനെയാണ് ഈ മന്ത്രിമാര്‍ക്ക് ഭരിക്കാന്‍ കഴിയുക?
ചുമ്മാതാണോ പാര്‍ലമെന്ററി വ്യാമോഹത്തില്‍പെട്ട ഒട്ടുമിക്ക നേതാക്കളും എങ്ങനെയെങ്കിലും ഒരു മന്ത്രിയാകണമെന്ന് പിന്നീട് ആഗ്രഹിച്ചുപോകുന്നത്. ഇവരോടൊക്കെ പറയാനുള്ളത് ഒന്നുമാത്രം: കിട്ടുന്നതും എഴുതിയെടുക്കുന്നതുമായ പണം സ്വന്തം അക്കൗണ്ടില്‍ സൂക്ഷിക്കരുത്. എപ്പോള്‍ പരിശോധിച്ചാലും ബാങ്കില്‍ ആന്റണിയുടെ അക്കൗണ്ട് മാതിരി മിനിമം ബാലന്‍സേ കാണാവൂ. അല്ലെങ്കില്‍ കെജിബി (റഷ്യന്‍ ചാരസംഘടനയല്ല)യുടെ മരുമകന് സംഭവിച്ചതുപോലുള്ള ഗതികേടുണ്ടാകും.
No comments:
Post a Comment