Monday 10 January 2011

ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ മാമാങ്കം

കെ.എ. സോളമന്‍

Janmabhumi 11 Jan 2011


ഏഷ്യന്‍ ഗെയിംസ്‌ കഴിഞ്ഞാല്‍ അറിയപ്പെടുന്ന മാമാങ്കമാണ്‌ ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍. സ്മാര്‍ട്ട്‌ സിറ്റിയും ഇന്‍ഫോസിറ്റിയുമൊക്കെ പരണത്തു കയറിയ സമയത്ത്‌ നാടിന്റെ വികസനത്തിന്‌ ഇതല്ലാതെ പോംവഴിയൊന്നുമില്ല. ഏതു തിരക്കിനിടയിലും നാടിന്റെ വികസന സംരംഭങ്ങളില്‍ പങ്കെടുക്കുമെന്നാണ്‌ മലയാളത്തിന്റെ മഹാനടന്‍ നീലയിലും ചുവപ്പിലും പ്രത്യക്ഷപ്പെട്ടു പറയുന്നത്‌. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വികസനമെന്നുവെച്ചാല്‍ ഷോപ്പിംഗ്‌ ആണ്‌. രാവിലെ മലബാര്‍ ഗോള്‍ഡില്‍ നിന്ന്‌ സ്വര്‍ണ്ണം വാങ്ങുക, എന്നിട്ട്‌ നാട്ടില്‍ തെണ്ടിയും തേടിയും നടക്കാതെ ഉച്ചക്ക്‌ മണപ്പുറം ഫിനാന്‍സില്‍ പണയം വെയ്ക്കുക. രണ്ടു വളയും ഒരു മാലയും പണയ ഉരുപ്പടിയായി സ്വീകരിച്ച്‌ 500 ന്റെ മൂന്നു കെട്ട്‌ നോട്ടു കൊടുക്കും ഈ പണയ ഇടപാടുകാരന്‍. പണയം വെച്ചു കിട്ടുന്ന കാശുമായി ചിക്കന്‍ വാങ്ങി ടേസ്റ്റു ബഡ്സ്‌ ചേര്‍ത്ത്‌ രുചിയോടെ കഴിക്കുക, ഒടുക്കം വൈകിട്ടത്തെ പരിപാടിക്ക്‌ ആഘോഷമായി പങ്കെടുക്കുക. എത്ര ഉല്ലാസകരമായ ലൈഫ്‌ സ്റ്റെയില്‍.

ഒരു പക്ഷെ സച്ചിന്‍ ടെണ്ടുല്‍ക്കറെയും പൊക്കിപ്പിടിച്ച്‌ നമ്മുടെ സാംസ്കാരിക തലൈവര്‍ സൂപ്പര്‍നായകനെ ഉപദേശിച്ചേക്കാം, "കണ്ടുപഠിക്കുക, കങ്കാളമെ നീ." വിജയമല്ല്യ പറഞ്ഞു, ഒരു ഡസന്‍ മാച്ചുകളുടെ പണം രൊക്കമായി നല്‍കാം "വൈകിട്ടെന്താ പരിപാടി" എന്നൊന്നുചോദിച്ചാല്‍ മതി. ലിറ്റില്‍ മാസ്റ്റര്‍ വീണില്ലത്രേ!

പാമ്പു കടിച്ചാല്‍ വിഷം തീണ്ടും, ശരീരം നീലനിറമാകും. ചിലപ്പോള്‍ വീര്‍ക്കും. ഇതുകൊണ്ടാണ്‌ ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ പരസ്യത്തില്‍ ലാല്‍ നീലയിലും പ്രത്യക്ഷപ്പെടുന്നത്‌. നീലച്ചിത്രത്തിന്‌ വലുപ്പം കൂടുതലുണ്ട്‌. "ഷോപ്പിംഗ്‌ പാമ്പ്‌"കടിച്ചുവീഴുന്നവരുടെ അവസ്ഥ പരസ്യനിര്‍മാതാവ്‌ ഭംഗ്യന്തരേണ അവതരിപ്പിച്ചന്നേയുള്ളൂ.

നാല്‍പ്പത്തഞ്ചു ദിവസമാണ്‌ ഷോപ്പിംഗ്‌ മാമാങ്കത്തിന്റെ കാലാവധി. 101 കിലോ തനി തങ്കം സമ്മാനമെന്ന്‌ "ഓക്കാനം" ട്യൂണില്‍ ഒരു പെമ്പിള ചാനലില്‍ അട്ടഹസിക്കുകയും ചെയ്യുന്നു. ദിവസം 45 എന്നത്‌ 365 ആക്കിയിരുന്നെങ്കില്‍ ജനത്തിന്‌ 819 കിലോ തനിത്തങ്കം സമ്മാനമായി ലഭിക്കുമായിരുന്നു. ഈ തങ്കമൊക്കെ സമ്മാനമായിക്കൊടുത്തുവെന്നറിയാന്‍ വിവരാവകാശം 2005 ആക്ടില്‍ വ്യവസ്ഥയില്ലാത്തതുകൊണ്ട്‌ 1001 കിലോയാക്കി വര്‍ധിപ്പിച്ചാലും കുഴപ്പമില്ല.

ഷോപ്പിംഗ്‌ ഫെസ്റ്റിവെലിന്റെ കഴിഞ്ഞ കൊല്ലത്തെ ബ്രാന്‍ഡ്‌ അംബാസഡര്‍. 'അമ്മ' പ്രസിഡന്റ്‌ ഇന്നസെന്റ്‌ ആയിരുന്നു. അംബാസഡര്‍മാര്‍ക്ക്‌ അമേരിക്കയില്‍ മാത്രമല്ല, ഇവിടെയും അപമാനം ഉറപ്പെന്നതിനാല്‍ ഇന്നസെന്റിനെ മാറ്റി, അമ്മ സെക്രട്ടറി മോഹന്‍ലാലിന്‌ ഇക്കുറി അംബാസഡര്‍. പാവം തിലകന്റെ കാര്യമാണ്‌ കഷ്ടം. 'അച്ഛന്‍' സിനിമ സ്വന്തമായി പിടിച്ച്‌ തകരപ്പെട്ടിയില്‍ വെച്ച്‌ അതിന്‌ മുകളില്‍ കയറിയിരുന്ന്‌ 'കിരീടം' സിനിമയിലെ അച്ഛന്‍ റോളിന്റെ ക്ലിപ്പിംഗ്‌ കാണുകയാണ്‌ ഇപ്പോഴത്തെപ്പണി. നാടുമുഴുവന്‍ എഴുന്നള്ളിച്ച്‌ കവലകള്‍തോറും തുള്ളിച്ച കാനത്തെയും കൂട്ടരെയും മഷിയിട്ടുനോക്കിയിട്ടും കണ്ടുകിട്ടുന്നില്ല. അഴിമതിക്കറ തീരെ പുരളാത്ത സ്വന്തം മന്ത്രിമാരുടെ ദേഹത്തെ "റക്രൂട്ടുമെന്റ്‌ ചെളി" കഴുകിക്കളയാവുന്ന തിരക്കിലാണ്‌ കാനവും കൂട്ടരും.

സംസ്ഥാന പിഎസ്സിയ്ക്കൊപ്പം സമാന്തര പിഎസ്സിയും നിലവിലുണ്ടെന്നാണ്‌ ലേറ്റായി കിട്ടിയവാര്‍ത്ത. സിപിഐയ്ക്ക്‌ ഒരു ഉദ്യോഗസ്ഥ സംഘടന താലൂക്ക്‌ ഓഫീസുകള്‍ കേന്ദ്രീകരിച്ചുണ്ടെന്നും അതിനെ 'ജോയന്റ്‌ കൗണ്‍സില്‍' എന്നല്ല, പബ്ലിക്‌ സര്‍വീസ്‌ കൗണ്‍സില്‍ എന്നാണ്‌ വിളിക്കേണ്ടതെന്നും എന്‍ജിഒ യൂണിയനും അസോസിയേഷനും പറയുന്നു. നിയമനത്തട്ടിപ്പു പുറത്തായതോടെ ജോയിന്റ്‌ കൗണ്‍സിലിന്‌ മലീമസമാക്കാന്‍ താലൂക്ക്‌ ഓഫീസുകളുടെ ഭിത്തികള്‍ മാത്രമേ ലഭ്യമായുള്ളൂവെന്ന വസ്തുത ഇതര സര്‍വീസ്‌ സംഘടനകളെ രസിപ്പിക്കുന്നു. മറ്റു സര്‍ക്കാര്‍ ഓഫീസുകളുടെ ചുവരുകള്‍ മലീമസമാകണമെങ്കില്‍ പോലീസ്‌, വിദ്യാഭ്യാസം, ആരോഗ്യം, സഹകരണം എന്നിവയിലെ വ്യാജ റിക്രൂട്ടുമെന്റുകള്‍ കൂടി പുറത്തുവരണം.

കോടിയേരി മന്ത്രി മെത്രാന്മാരെക്കണ്ട്‌ കുഴിയടയ്ക്കല്‍ അഥവാ ഗ്യാപ്പു നികത്തല്‍ "കൈ മൊത്തല്‍" നടത്തിയതിന്‌ ഫലം കണ്ടു തുടങ്ങി. ന്യൂമാന്‍ കോളേജ്‌ പ്രൊഫസര്‍ കൈവെട്ടു സഖാവ്‌ ടി.ജെ.ജോസഫിന്റെ "പിരിച്ചുവിടല്‍ നിയമനം" സ്ഥിരപ്പെടുത്തി. ജ്ഞാനപീഠം പ്രൊഫസര്‍ സഖാവ്‌ ഒഎന്‍വി രക്തത്തില്‍ ചാലിച്ച്‌ എഴുതിയ മറുപടിക്കവിതയും 'വെറുതെ വെറുതെ'യായി. ജോസഫിനെ തിരിച്ചെടുക്കണമെന്നതായിരുന്നു കോടിയേരി പാര്‍ട്ടി യുടേയും ഒഎന്‍വിയുടേയും നിലപാട്‌.

അവിഹിത നിയമനങ്ങളിലെ കൈക്കൂലിയെ കുറിച്ച്‌ അന്വേഷിക്കണമെന്നതാണ്‌ പിതാക്കന്മാരുടെ ശക്തമായ ആവശ്യം. "ആരാന്റെ കണ്ണിലെ കരടു കാണുന്നവന്‍ സ്വന്തം കണ്ണിലെ കോലു കാണുന്നില്ലാ"യെന്ന്‌ പറഞ്ഞത്‌ ഏത്‌ സഭയില്‍ പെട്ട തിരുമേനിയാണ്‌-സാര്‍?

No comments:

Post a Comment