Friday 22 May 2015

ഹര്‍ത്താല്‍: അക്രമമുണ്ടായാല്‍ നേതാക്കള്‍ക്ക് അഞ്ചുവര്‍ഷം തടവ്‌


ന്യൂഡല്‍ഹി: പൊതുമുതല്‍ നശിപ്പിക്കലിനു വഴിവെയ്ക്കുന്ന ഹര്‍ത്താലും ബന്ദും ആഹ്വാനംചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവിനും ഭാരവാഹികള്‍ക്കും അഞ്ചുകൊല്ലംവരെ തടവ് വ്യവസ്ഥചെയ്ത് നിയമഭേദഗതി വരുന്നു.

ജസ്റ്റിസ് കെ.ടി. തോമസിന്റെ അധ്യക്ഷതയിലുള്ള സമിതിയുടെ ശുപാര്‍ശകള്‍ പ്രകാരമാണ് 'പൊതുമുതല്‍നശിപ്പിക്കല്‍ തടയല്‍ നിയമ'ത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതിവരുത്തുന്നത്. ഇതുസംബന്ധിച്ച കരട് ബില്‍ അഭിപ്രായരൂപവത്കരണത്തിന് ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചു.

ബന്ദിനും ഹര്‍ത്താലിനുമിടയില്‍ അനുയായികള്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ സംഘടനയുടെ ഭാരവാഹികളായിരിക്കും കുറ്റക്കാര്‍. നിലവിലെ നിയമത്തിന്റെ നാലാംവകുപ്പിലാണ് ഭേദഗതിയുള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രേരണക്കുറ്റമാണ് നേതാക്കള്‍ക്കെതിരെ ചുമത്തുക. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷയായ അഞ്ചുകൊല്ലത്തെ തടവുതന്നെ നേതാക്കള്‍ക്കും നല്‍കും. തങ്ങളുടെ അറിവോടെയല്ല പൊതുമുതല്‍ നശിപ്പിച്ചതെന്നും അക്രമം തടയാന്‍ മുന്‍കരുതലെടുത്തിരുന്നുവെന്നും നേതാക്കള്‍ തെളിയിച്ചാല്‍ മാത്രമേ ഇവരെ തടവില്‍നിന്നൊഴിവാക്കൂ. 

കരടുബില്ലിലെ മറ്റു വ്യവസ്ഥകള്‍

*നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ കമ്പോളവില ഉത്തരവാദികളില്‍നിന്നീടാക്കും. ഇവര്‍ക്ക് എളുപ്പത്തില്‍ ജാമ്യമില്ല.

*മതിയായ കാരണങ്ങളുണ്ടെങ്കിലേ കോടതികള്‍ക്ക് ജാമ്യംനല്‍കാന്‍ പറ്റൂ.

*കുറ്റക്കാരല്ലെന്നു തെളിയിക്കാനുള്ള ഉത്തരവാദിത്വം ആരോപണവിധേയര്‍ക്കാണ്.

*കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും കീഴിലും കോര്‍പ്പറേഷനുകള്‍, കമ്പനികള്‍ തുടങ്ങിയവയുടെ ഉടമസ്ഥതയിലുമുള്ള ഉപകരണങ്ങളടക്കമുള്ള സ്ഥാവരജംഗമവസ്തുക്കളും സര്‍ക്കാറുകള്‍ കാലാകാലങ്ങളില്‍ വിജ്ഞാപനംചെയ്യുന്നവയുമാണ് പൊതുമുതല്‍.

*ജല-ഊര്‍ജ മേഖലയിലുള്ള കെട്ടിടങ്ങള്‍, യന്ത്രോപകരണങ്ങള്‍, എണ്ണശുദ്ധീകരണശാലകള്‍, അഴുക്കുചാലുകള്‍, ഫാക്ടറികള്‍, പൊതുഗതാഗതം, ടെലികമ്യൂണിക്കേഷന്‍ മേഖലയിലുള്ള വസ്തുക്കള്‍ എന്നിവയും പൊതുമുതലാണ്. ഇവ തകര്‍ത്താല്‍ പിഴയടക്കം പത്തുകൊല്ലംവരെ ശിക്ഷ.

*ഹര്‍ത്താലോ ബന്ദോ പ്രകടനമോ പോലീസ് വീഡിയോയില്‍ പകര്‍ത്തി സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിനു സമര്‍പ്പിക്കണം. വീഡിയോ എടുത്തയാളുടെ മൊഴിരേഖപ്പെടുത്തണം.

2007 ജൂണിലാണ് നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ സുപ്രീംകോടതി സമിതി രൂപവത്കരിച്ചത്. 1984-ലെ നിയമം അപര്യാപ്തമാണെന്നു വ്യക്തമാക്കിയായിരുന്നു ഇത്. 
കമന്‍റ്: വിധി സ്വാഗതം ചെയ്യുന്നു. ഇതിന്റെ നടപ്പാക്കലിലാണ് സംശയം. 
കെ എ സോളമന്‍ 

No comments:

Post a Comment