Monday 29 April 2013

ഊര്‍ജതന്ത്രത്തിലെ മുന്‍ പ്രൊഫസര്‍ തെങ്ങുകയറ്റത്തിലും മാസ്റ്റര്‍



















കടക്കരപ്പള്ളി (ആലപ്പുഴ) എന്‍.എസ്.എസ്. കോളജുകളില്‍ 31 വര്‍ഷം ഊര്‍ജതന്ത്രം പഠിപ്പിച്ചിറങ്ങിയ 67 കാരനായ റിട്ട. പ്രൊഫസര്‍ ഇപ്പോള്‍ തെങ്ങുകയറ്റത്തിന്റെ മാസ്റ്റര്‍. തെങ്ങുകയറ്റം സ്വയം പഠിച്ചിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും പരിശീലനം കിട്ടിയവരെ പിന്നിലാക്കാനുള്ള മിടുക്ക് നേടിക്കഴിഞ്ഞു ഇദ്ദേഹം. 

കടക്കരപ്പള്ളി ഒമ്പതാംവാര്‍ഡ് ചൈത്രത്തില്‍ പ്രൊഫ. എന്‍. ഗോപാലകൃഷ്ണന്‍ നായരാണ് വിശ്രമജീവിതത്തിനിടെ തെങ്ങുകയറ്റം ഹോബിയാക്കിയത്. 

ആവശ്യത്തിന് ആളെക്കിട്ടാതെ വന്നപ്പോഴാണ് തെങ്ങുകൃഷിയുള്ള ഇദ്ദേഹം യന്ത്രമുപയോഗിച്ച് തെങ്ങുകയറ്റം പഠിക്കണമെന്നാലോചിച്ചത്. തെങ്ങിന് ചെമ്പന്‍ചെല്ലിയുടെ ശല്യമുണ്ടായപ്പോള്‍ പിന്നീട് ഒന്നുമാലോചിച്ചില്ല.
തെങ്ങുകയറ്റം പഠിക്കാന്‍ നേരെ ചങ്ങാതിക്കൂട്ടത്തിലേക്ക് പോയി. പ്രായക്കൂടുതല്‍ പറഞ്ഞ് അവര്‍ തിരിച്ചയച്ചു. എങ്കില്‍, തെങ്ങുകയറ്റം പഠിച്ചിട്ടുതന്നെ ബാക്കി കാര്യമെന്നായി പ്രൊഫസര്‍. 
കടക്കരപ്പള്ളി കൃഷിഓഫീസുമായി ബന്ധപ്പെട്ട് 2500 രൂപ മുടക്കി യന്ത്രം വാങ്ങി. യന്ത്രമുപയോഗിച്ച് തെങ്ങുകയറുന്ന ഒരാളെ കണ്ടെത്തി കാര്യങ്ങള്‍ മനസ്സിലാക്കി. ചെല്ലിശല്യമുള്ള തെങ്ങിലേക്ക് കയറി സ്വയം പരിശീലനമാരംഭിച്ചു. ചെല്ലിയെ തുരത്തി. പരിശീലനവും തുടര്‍ന്നു. ഏത് വലിയ തെങ്ങിനെയും കാല്‍ക്കീഴിലാക്കാന്‍ ഇപ്പോള്‍ ഗോപാലകൃഷ്ണന്‍ നായര്‍ പ്രാപ്തനാണ്. 
വീട്ടുവളപ്പിലെ 70 തെങ്ങുകളില്‍ മിക്കതിലും ഇദ്ദേഹം കയറിയിട്ടുണ്ട്. പതിവ് തേങ്ങയിടീലിന് തൊഴിലാളിയെത്തന്നെയാണ് വിളിക്കുന്നത്. എന്നാല്‍, അത്യാവശ്യം വന്നാല്‍ സ്വയം കയറും. വിരുന്നുകാര്‍ വരുമ്പോള്‍ യന്ത്രമുപയോഗിച്ച് തെങ്ങില്‍ക്കയറി കരിക്കിട്ടുനല്‍കും.
തെങ്ങില്‍ കയറുന്നവരോട് സാറിന്റെ ഉപദേശം ഇത്രമാത്രം; 'മുകളിലേക്ക് കയറുമ്പോള്‍ താഴേക്ക് നോക്കരുത്'. 
101 കാരിയായ അമ്മ ജാനകിയമ്മയ്ക്കും ഭാര്യ കണ്ടമംഗലം സ്‌കൂളിലെ മുന്‍ പ്രഥമാധ്യാപിക ഉഷയ്ക്കും ഒപ്പം വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ഈ മുന്‍ പ്രൊഫസര്‍ക്ക് എല്ലാ തൊഴിലും മഹത്ത്വമുള്ളതാണ്. 
അമേരിക്കയിലും ജര്‍മനിയിലുമുള്ള മക്കള്‍ ഇന്ദുവും ചിത്രയും അച്ഛന്റെ തെങ്ങുകയറ്റ മാഹാത്മ്യത്തെക്കുറിച്ച് അറിഞ്ഞുവരുന്നതേയുള്ളു. 


കമന്‍റ്:

റിട്ടയേഡ് ഊര്‍ജതന്ത്രം പ്രൊഫസ്സര്‍ തെങ്ങ്  കേറ്റം  തുടങ്ങിയ സ്ഥിതിക്ക് റിട്ടയേഡ് വേലന്‍ കോളേജില്‍ എത്തി ഊര്‍ജതന്ത്രം പഠിപ്പിക്കാന്‍ തുടങ്ങും

അതെന്തായാലും  അമേരിക്കയിലുള്ള മകള്‍ക്കും, ജര്‍മനിയില്‍ ഉള്ള മകള്‍ക്കും വന്നു നോക്കാനാവില്ല അച്ഛന്‍ തെങ്ങില്‍ നിന്നു വീണു നടുവൊടിഞ്ഞു കിടന്നാല്‍. . നൂറ്റൊന്നു വയസ്സായ അമ്മയ്ക്ക് ഒട്ടും നോക്കാനാവില്ല മകനെ. പാവം റിട്ടയേര്‍ഡ് ടീച്ചര് , അവര്‍ തന്നെ നോക്കേണ്ടി വരും ഒടുക്കം 


-കേ എ സോളമന്‍ 


3 comments:

  1. പോളാപ്പന്‍ കമന്റ്!

    ഫ്രിക്ഷന്‍, ആക്ഷിലേരാശന്‍ ഡൂ ടു ഗ്ര്യാവിടീ, വെര്‍ടാബ്രില്‍ ഫ്രക്ച്ച്ര്‍ ഇവയൊക്കെയാണ് സാറു ഉദ്ദേശിച്ചതല്ലേ.

    ReplyDelete
  2. ഹായ് വര്ഗീസ്

    പ്രൊഫസറുടെ 'മഹനീയ മാതൃക' കണ്ടു മറ്റു റിട്ടയേഡ് പ്രൊഫസര്‍മാരും ഈ പണി ചെയ്യണമെന്ന് ബഹു. കൃഷി മന്ത്രി ആവശ്യപ്പെടുമോ എന്നതാണു എന്റെ ഭയം
    നന്ദി വര്ഗീസ്, ബ്ലോഗില്‍ വന്നതിന്

    ReplyDelete
  3. പ്രൊഫസര്‍ ധരിച്ചിരിക്കുന്നത് ബെര്‍മുഡയോ, ചാക്കോ?

    ReplyDelete