Friday, 12 April 2013

അവിവാഹിതര്‍ അനുഗൃഹീതര്‍! !!



വിവാഹം കഴിക്കാത്തവര്‍ വാഴ്ത്തപ്പെട്ടവര്‍, എന്തുകൊണ്ടെന്നാല്‍ മനസ്വസ്ഥത അവര്‍ക്കുള്ളതാകുന്നു. ഇങ്ങനെ പറയാന്‍ കാരണമുണ്ട്‌. പുരുഷന്മാര്‍ എന്തിന്‌ വിവാഹം കഴിക്കുന്നുവെന്ന്‌ ചോദിച്ചാല്‍ അതിന്‌ മൂന്നുണ്ട്‌ കാരണങ്ങള്‍. ഇടയ്ക്കിടെയുണ്ടാകുന്ന സംഭ്രമത്തിന്‌ ഒരു താല്‍ക്കാലിക ശമനത്തിന്‌-ഒന്ന്‌, ജോലി സ്ഥലത്തുനിന്ന്‌ വളരെ വിഷാദപ്പെട്ടു വീട്ടിലെത്തുമ്പോള്‍ മക്കളെക്കണ്ട്‌ അവയെല്ലാം മറക്കുന്നതിന്‌-രണ്ട്‌, നടു നിവര്‍ത്താന്‍ പറ്റാതെ കട്ടിലില്‍ കിടക്കുമ്പോള്‍ വരണ്ട തൊണ്ടയില്‍ തുള്ളി കഞ്ഞിവെള്ളം ഇറ്റിക്കുന്നതിന്‌ ഒരു കൈ സഹായത്തിന്‌-മൂന്ന്‌.

ഇവയല്ലാതെ വേറെയും കാരണങ്ങള്‍ ഒരുവനെ വിവാഹത്തിന്‌ പ്രേരിപ്പിച്ചേക്കാം. അമ്മയ്ക്ക്‌ ഒരുകുഞ്ഞിക്കാലുകണ്ട്‌ നിര്‍വൃതി അടയാന്‍, അച്ഛന്‌ പേരക്കുഞ്ഞിനെ താലോലിക്കാന്‍, പരസ്ത്രീ പീഡയില്‍നിന്ന്‌ മാനം കാക്കാന്‍ എന്നിങ്ങനെ. എങ്കിലും ആദ്യം എണ്ണം പറഞ്ഞവയ്ക്കാണ്‌ പ്രാധാന്യം കൂടുതല്‍.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ പുരുഷന്മാര്‍ കല്യാണം കഴിക്കാതിരിക്കാനാണ്‌ സാധ്യത കൂടുതല്‍. കല്യാണം കഴിഞ്ഞിട്ടു ബന്ധം വേര്‍പെടുത്തിയാല്‍ നല്‍കേണ്ട നഷ്ടപരിഹാരം കോടികളാണ്‌.

മുന്‍ വന-സിനിമാ മന്ത്രി ഗണേഷ്‌ കുമാറിന്റെ രാപ്പനി 16 കൊല്ലം അറിഞ്ഞ ഭാര്യ-യാമിനി തങ്കച്ചി അദ്ദേഹത്തിനെതിരെ കൊടുത്ത ഡിവോഴ്സ്‌ കേസില്‍ ചോദിച്ച നഷ്ടപരിഹാരത്തുക കേട്ടാല്‍ ഞെട്ടും. 22.25 കോടി രൂപാ. 25 കോടി ആക്കാമായിരുന്നു. ഡെസിമല്‍ മാത്തമാറ്റിക്സ്‌ അറിയാത്തവര്‍ക്ക്‌ പറഞ്ഞു നടക്കാന്‍ പറ്റിയ സംഖ്യ!

കഴിഞ്ഞ പതിനാറുകൊല്ലക്കാലം ഭര്‍ത്താവില്‍നിന്ന്‌ കൊടുംക്രൂരതയായിരുന്നു അനുഭവമെന്ന്‌ പരാതിയില്‍ തങ്കച്ചി സത്യവാങ്മൂലം നടത്തുന്നു. കുട്ടികളുടെ ബയോളജിക്കല്‍ ഫാദര്‍, അല്ല സുവോളജിക്കല്‍ ഫാദര്‍, അതുമല്ല ബോട്ടാണിക്കല്‍ ഫാദര്‍ ആണ്‌ ഗണേശന്‍ എന്നുള്ള ഭര്‍തൃപിതാവിന്റെ ‘പഞ്ചാബു മോഡല്‍’ പ്രസ്താവനകള്‍ യാമിനിയില്‍നിന്ന്‌ തുടര്‍വാദങ്ങളില്‍ പ്രതീക്ഷിക്കാം. 50 കോടിയാണ്‌ നഷ്ടപരിഹാരം ആദ്യം ആവശ്യപ്പെട്ടത്‌, 22.25 കോടിയായി പിന്നീട്‌ ചുരുങ്ങി.

ഇത്രയും തുക ഗണേഷ്‌ എങ്ങനെയുണ്ടാക്കുമെന്നു യാമിനി ചിന്തിക്കേണ്ടതായിരുന്നു. അഞ്ച്‌ കോടിയൊന്നും സിനിമയില്‍ പ്രതിഫലമായി വാങ്ങാന്‍ അദ്ദേഹം മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല. കൂടി വന്നാല്‍ ഇരുപത്തയ്യായിരം രൂപാ കിട്ടും. അപ്പോള്‍ എത്ര സിനിമ അഭിനയിച്ചാലാണ്‌ ഈ തുകയുണ്ടാക്കിയെടുക്കുക. ആദ്യകാലങ്ങളില്‍ തുക അങ്ങോട്ടു കൊടുത്തായിരുന്നു അഭിനയം.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ യുവാക്കള്‍ക്ക്‌ ഗണേഷ്‌-യാമിനി എപ്പിസോഡ്‌ വലിയ ഗുണപാഠമാണ്‌. യുവതികളെ അവരുടെ പാട്ടിനുവിടുക, ഒരിയ്ക്കലും വിവാഹം കഴിക്കരുത്‌. യുവാക്കള്‍ക്ക്‌ ഭാവി പ്രധാനമന്ത്രിയുടെ മാര്‍ഗ്ഗം പരീക്ഷിക്കാവുന്നതാണ്‌. ഭാരതത്തിന്റെ ഭാവി ഓര്‍ക്കുമ്പോള്‍ വിവാഹം അപ്രസക്തമെന്നാണ്‌ രാഹുല്‍ജി മാധ്യമങ്ങളോട്‌ പറഞ്ഞത്‌. കേരളത്തിലെ യുവാക്കള്‍ക്ക്‌ രാജ്യത്തെ കുറിച്ച്‌ ചിന്തച്ചില്ലെങ്കിലും സ്വന്തം ഭാവിയെക്കുറിച്ചു ചിന്തിക്കാം.വിവാഹം കഴിക്കാതിരുന്നാല്‍ കൈയിലെ പണം പോകില്ല, മനഃസ്വസ്ഥത നഷ്ടപ്പെടാതിരിക്കുകയും ചെയ്യും.
                                          * * * * *
 പിണറായിയുടെ വീടിന്‌ സമീപം തോക്കുമായി അപരിചിതനെ കണ്ടെന്ന്‌ വാര്‍ത്ത. പുള്ളിക്കാരന്‍ വിമാനത്താവളത്തിലും മറ്റും ബാഗില്‍ ഉണ്ടയുമായി നടക്കുകയല്ലേ, ഒരു തോക്കുകൂടി ഇരിയ്ക്കട്ടെന്ന്‌ അപരിചിതന്‍ കരുതി!

കെ.എ.സോളമന്‍

No comments:

Post a Comment