Sunday, 13 February 2011

അതുകൊണ്ട്‌ എല്ലാവര്‍ക്കും എ ഗ്രേഡ്‌!

കെ.എ.സോളമന്‍

Janmabhumi 14 Feb 2011


"എന്താ കൈമള്‍സാറെ, ചുരുണ്ടുകൂടിയിരിക്കുന്നത്‌. രാത്രിയില്‍ എന്തെങ്കിലും കണ്ടുപേടിച്ചോ?" "കണ്ടുപേടിച്ചതല്ല, മറിയാമ്മ ടീച്ചറെ, കേട്ടു പേടിച്ചതാണ്‌. സ്വിസ്‌ ബാങ്ക്‌ അക്കൗണ്ടുകളുടെ വിവരം പുറത്തുവരുകയല്ലേ? ഇവിടെനിന്ന്‌ പപ്പുണ്ണി നായര്‍ക്കും പരമുപിള്ളയ്ക്കും മാത്രമല്ല, കേശവനും കുമാരനും ഔസേപ്പിനും അയ്യര്‍ക്കുംവരെ സ്വിസ്‌ ബാങ്കില്‍ അക്കൗണ്ടുണ്ടെന്നാണ്‌ കേള്‍വി. അതും ബിനാമി ഇടപാടുകള്‍. എന്റെ പേരിലും ഒരു സ്വിസ്‌ ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലെന്ന്‌ എങ്ങനെ കരുതാനാവും. നമ്മളോട്‌ ചോദിച്ചിട്ടല്ലല്ലോ, ഓരോരുത്തന്മാര്‍ നമ്മുടെയൊക്കെ പേരില്‍ അക്കൗണ്ട്‌ തുടങ്ങുന്നതും പാസ്പോര്‍ട്ട്‌ എടുക്കുന്നതും.

എനിക്കാകെയുള്ളത്‌ സ്ഥലം കോപ്പറേറ്റീവ്‌ ബാങ്കിലെ ഒരു എസ്ബി അക്കൗണ്ടാണ്‌ അതില്‍ വല്ലപ്പോഴുമേ കാശ്‌ ഇടാറും എടുക്കാറുമുള്ളൂ. അപ്പോപ്പിന്നെ സ്വിസ്‌ ബാങ്ക്‌ അക്കൗണ്ട്‌ എനിക്കുംകൂടി ഉണ്ടെന്നുള്ള വാര്‍ത്ത പുറത്തുവന്നാല്‍ എന്തായിരിക്കും പുകില്‌. അതുകൊണ്ടൊരു ഭയപ്പാട്‌"

"സാറെന്തിന്‌ ഭയപ്പെടണം?" മറിയാമ്മ ടീച്ചര്‍.

"ശരിയാണ്‌, നമ്മുടെ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്‌, ഈ അക്കൗണ്ട്‌ വിവരങ്ങളൊന്നും പുറത്തുവിടില്ലെന്ന്‌. വിദേശബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്ന്‌ തന്നെയാണ്‌ പ്രധാനമന്ത്രിജി. അന്താരാഷ്ട്ര കരാറ്‌ പ്രകാരം സ്വിസ്‌-ജര്‍മന്‍ ബാങ്കുരഹസ്യങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടില്ലത്രേ. പിന്നെ മദാമും പിണങ്ങും. അന്തരിച്ച ഭര്‍ത്താവിന്റെ പേരില്‍ പതിനായിരം കോടി ഡോളര്‍ സ്വിസ്ബാങ്കിലുണ്ടെന്ന്‌ അഭ്യൂഹം. പക്ഷെ ഇവയൊന്നും പ്രധാനമന്ത്രിജി വെളിപ്പെടുത്തണമെന്നില്ല. അല്ലാതെ തന്നെ വെളിച്ചത്താകും. റുഡോല്‍ഫ്‌ എല്‍മര്‍ എന്ന വിദ്വാനെപ്പറ്റി കേട്ടിട്ടുണ്ടോ? അദ്ദേഹമാണ്‌ സ്വിസ്‌ ബാങ്ക്‌ രേഖകള്‍ വിക്കിലീക്സിന്‌ കൈമാറിയ മുന്‍ ബാങ്ക്‌ ഉദ്യോഗസ്ഥന്‍. രണ്ടു സിഡികളില്‍ പകര്‍ത്തിയാണ്‌ അക്കൗണ്ട്‌ ഹോള്‍ഡേഴ്സിന്റെ പേരും സംഖ്യയും ജൂലിയന്‍ അസെന്‍ജിന്‌ കൈമാറിയത്‌. പ്രധാനമന്ത്രിജിയെപ്പോലെ കള്ളപ്പണ രഹസ്യം പുറത്തുവിടാന്‍ അസെന്‍ജി സായിപ്പിന്‌ മുഹൂര്‍ത്തം നോക്കേണ്ട കാര്യമില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി ഇനി എത്ര പൊത്തിപ്പിടിച്ചാലും സ്വിസ്ബാങ്ക്‌ രേഖകള്‍ പുറത്തുവരുകതന്നെചെയ്യും. ഒരു തരത്തില്‍ നല്ലതുതന്നെ,കേരളത്തില്‍ ഏതെല്ലാം മന്ത്രിമാര്‍ക്കും മൊയലാളിമാര്‍ക്കും സ്വിസ്‌ ബാങ്ക്‌ ഇടപാടുണ്ടെന്ന്‌ ജനം അറിയുമല്ലൊ. നാലുകാശു വായ്പ ചോദിക്കാന്‍ സര്‍ക്കാരിന്‌ എഡിബിയില്‍ കയറിയിറങ്ങേണ്ട കാര്യവും ഇല്ലാതാകും"

"സ്വിസ്‌ ബാങ്കില്‍ നിക്ഷേപമുള്ളവരുടെ പേരുകള്‍ മൂടിവെയ്ക്കില്ലെന്നാണല്ലോ ഡിഫന്‍സ്‌ മിനിസ്റ്റര്‍ പറയുന്നത്‌?"
കേരളത്തില്‍ ഡിഫന്‍സ്‌ മിനിസ്റ്റര്‍ എത്തുമ്പോള്‍ പറയുന്ന കാര്യമല്ലേ. ദല്‍ഹിയിലുള്ള ഒട്ടുമിക്കവര്‍ക്കും മലയാളം വശമില്ല. പിന്നെ എന്തു തട്ടിവിട്ടാലും കുഴപ്പമില്ല. എങ്കിലും പറഞ്ഞതിരിക്കട്ടെ, കൂടുതല്‍ ഇത്തരം കാര്യങ്ങള്‍ പറയാതിരിക്കുന്നതാവും ഭംഗി. അല്ലെങ്കില്‍ ഡിഫന്‍സ്‌ മിനിസ്റ്റര്‍ ഭക്ഷ്യവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള മന്ത്രിയാകും, ഭക്ഷ്യവകുപ്പ്‌ സഹമന്ത്രി ഡിഫന്‍സ്‌ മിനിസ്റ്റര്‍ ആകും. കേന്ദ്രക്യാബിനറ്റില്‍ 3-ാ‍ം സ്ഥാനമെന്നൊക്കെ പറഞ്ഞിട്ടു ഒരു കാര്യവുമില്ല."

"ഗൗരിയമ്മ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ തിരികെ പോകുന്നതിനെക്കുറിച്ച്‌ സാറിന്‌ എന്തു തോന്നുന്നു?"

"ഇനിയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലോട്ടു ചേര്‍ന്നില്ലെങ്കില്‍ ഗൗരിയമ്മയ്ക്ക്‌ ഏറെ ബുദ്ധിമുട്ടേണ്ടിവരും. ഗൗരിയമ്മ വെച്ചുണ്ടാക്കിക്കൊടുക്കുന്ന മുള്ളില്ലാത്ത മീന്‍കറിയുടെ വിശേഷം മധ്യകേരളം വിട്ട്‌ തിരുവനന്തപുരത്തെത്തിയതിനാല്‍, ആലപ്പുഴ ചാത്തനാട്ടേയ്ക്ക്‌ മുന്‍നിര നേതാക്കന്മാരുടെ പ്രവാഹമാണ്‌. ഭരണാരംഭത്തില്‍ 'മച്ചി' എന്നുവിളിച്ചാക്ഷേപിച്ചെങ്കിലും ഭരണം ഒടുങ്ങാറായപ്പോള്‍ 'അമ്മച്ചി' എന്നു വിളിച്ചുകൂടിയിരിക്കുകയാണ്‌. ഐസക്ജി തോമസ്ജി, സുധാകരന്‍ജി എന്നിവര്‍ മീന്‍കറി കഴിച്ചു തിരുവനന്തപുരത്തേക്ക്‌ കാറില്‍ കയറി വിട്ടതോടെ വന്നിറങ്ങി എം.എ.ബേബി. എം.എ.ബേബിയും കഴിച്ചു മൂക്കുമുട്ടെ മുള്ളില്ലാ മീന്‍ കറി. ഗൗരിയമ്മ, അടുത്ത അഞ്ചുവര്‍ഷത്തെ 'കേരളമുഖ്യ' എന്നതാണ്‌ ബേബി വെച്ച ഓഫര്‍. കേരം തിങ്ങും കേരളനാട്‌ കെ.ആര്‍.ഗൗരി ഭരിക്കും എന്ന പുതിയ പോസ്റ്ററും പൊക്കിക്കാട്ടി. ചാത്തനാട്ടു സദ്യ ഉണ്ണാനെത്തുന്നവരുടെ മുന്നേറ്റം കാരണം തുറവൂരില്‍നിന്ന്‌ മീനാക്ഷി, ഭാമാക്ഷി, പൊന്നമ്മ, തങ്കമ്മ, കമലാക്ഷി എന്നിവരെ ചെമ്മീന്‍ റോസ്റ്റ്‌ നിര്‍മിക്കാന്‍ ഗൗരിയമ്മയുടെ വീട്ടില്‍ നിര്‍ത്തിയിരിക്കുകാണ്‌ പ്രത്യേക തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

"നമ്മുടെ തിരുവാതിര ടീമിനും സ്കൂള്‍ കലാമേളയില്‍ എ ഗ്രേഡുണ്ടല്ലോ സാറെ?" "അതിനെന്തിത്ര അത്ഭുതപ്പെടാന്‍? മത്സരം തുടങ്ങും മുമ്പേ മുഖ്യ സംഘാടകന്‍ വക ഒരഭ്യര്‍ത്ഥനയുണ്ട്‌, മത്സരം ജഡ്ജു ചെയ്യാന്‍ വന്നവരെ വിളിച്ചിരുത്തി. 'പ്രിയ ജഡ്ജിമാരെ, സഖാക്കളെ ഇത്തരം ഗിന്നസ്‌ ബുക്ക്‌ മത്സരം നടത്തിക്കൊണ്ടുപോകുന്ന ക്ലേശം നിങ്ങള്‍ക്കറിവുള്ളതാണല്ലോ? 30 സ്കോര്‍ പൊതുപരീക്ഷയ്ക്ക്‌ നല്‍കുന്നതുകൊണ്ടാണ്‌ ഈ കുട്ടികളൊക്കെ മത്സരത്തിനെന്നും പറഞ്ഞു വരുന്നത്‌. അതുകൊണ്ട്‌ എല്ലാവരും ഗ്രേഡ്‌ എ തന്നെ കൊടുക്കണം. മുന്‍ ജഡ്ജസിന്‌ കാര്യമറിയാം. പുതിയതായി ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ കേള്‍ക്കാന്‍ വേണ്ടി പറഞ്ഞന്നേയുള്ളൂ. അല്ലാതെ ഒടിഞ്ഞ കപ്പ്‌ കയ്യിലിട്ടാട്ടാന്‍ ആരെങ്കിലും കാസര്‍കോട്ടുനിന്ന്‌ കോട്ടയത്തുവരുമോ?

കപ്പ്‌ ജിഐ പൈപ്പിട്ട്‌ വെല്‍ഡ്‌ ചെയ്യുന്ന കാര്യം മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. നിങ്ങള്‍ സഹകരിക്കണം. അപ്പോള്‍ എല്ലാവര്‍ക്കും എ ഗ്രേഡ്‌; ഒ കെ! "

No comments:

Post a Comment