Wednesday, 2 February 2011

നാഷണല്‍ ഇന്റഗ്രേഷന്‍ പ്രോഗ്രാം!

കെ.എ.സോളമന്‍

Janmabhumi dated 3Feb 2011

ഒരു ജനതയുടെ സാക്ഷാത്കാരമായ ചാനല്‍ ഇംഗ്ലീഷ്‌ സംപ്രേഷണത്തിലോട്ട്‌ മാറിയതറിയാതെയാണ്‌ മാത്തച്ചന്‍ ടിവി കാണാനെത്തിയത്‌. റിപ്പബ്ലിക്ഡേ ആയതിനാല്‍ മറ്റു ചാനലുകളെല്ലാം ദേശീയോദ്ഗ്രഥന ചിത്രങ്ങള്‍ മാത്രം. നൂറ്റൊന്ന്‌ ധാര കോരിയ "റോജ" ഇനി കാണാന്‍ ക്ഷമയില്ലാത്തതുകൊണ്ടാണ്‌ ഒരു ചാനല്‍ വേണ്ടെന്നുവെച്ചത്‌. മറ്റൊന്നില്‍ ആരും കാണാത്ത 'കാണ്ഡഹാര്‍'. കുഞ്ഞാലിക്കുട്ടി-റൗഫ്‌ യുദ്ധം ഒരു ദിവസം താമസിച്ചത്‌ കഷ്ടമായി. അല്ലായിരുന്നെങ്കില്‍ ചാനലുകള്‍ ദേശീയോദ്ഗ്രഥനം പരണത്തു വച്ചിട്ട്‌ റജീന, എയര്‍കണ്ടീഷന്‍ഡ്‌ വീട്ടില്‍ താമസിക്കുന്നതിന്റെ തല്‍ക്ഷണ സംപ്രേഷണം നടത്തുമായിരുന്നു.

എന്നും കിട്ടുന്ന "താളുകറി" വേണ്ടെന്ന്‌ വെച്ചാണ്‌ വേറിട്ടൊരു ചാനലിനായി മാത്തച്ചന്‍ റിമോട്ടില്‍ ഞെക്കിയത്‌. കൂട്ടിന്‌ മറിയാമ്മയെയും വിളിച്ചതാണ്‌. പശുവിന്‌ പിണ്ണാക്കും വെള്ളവും ചത്തുപോയ കുര്യന്‍ വന്ന്‌ കൊടുക്കുമോയെന്ന്‌ ചോദിച്ചുകൊണ്ട്‌ അവള്‍ പുറത്തേക്കുപോയി. തന്റെ അപ്പനെ അവള്‍ക്കു പണ്ടുമുതല്‍ക്കേ ബഹുമാനമാണ്‌.

വേറിട്ടൊരു ചാനലിലെ പരിപാടി വേറിട്ടതാണെങ്കിലും പരിപാടിയുടെ തുടക്കം കണ്ടു മാത്തച്ചന്‍ ഞെട്ടിപ്പോയി. ഇംഗ്ലീഷ്‌ പരിപാടി, അതും ഇന്റര്‍വ്യൂ! ഇന്റര്‍വ്യൂ നടത്തുന്നത്‌ ചാനല്‍ ആസ്ഥാനവിദ്വാനും 'വെറുക്കപ്പെട്ടവ'ന്റെ ആത്മമിത്രവുമായ ജോണ്‍ബ്രൂട്ടാസ്‌. ബ്രൂട്ടാസിന്റെ ഇംഗ്ലീഷ്‌ കേട്ടാല്‍ ഹിലരിക്ലിന്റണ്‍ മാത്രമല്ല, ലെവന്‍സ്കിയും ക്ലിന്റനെ വിട്ട്‌ ബ്രൂട്ടാവിന്റെ പുറകേ കൂടും. എന്താ ലാംഗ്വേജ്‌, സ്റ്റെയില്‍! സ്റ്റെയില്‍ മന്നന്‍പോലും നാണിച്ചുപോകും. ബ്രൂട്ടാസിന്റെ അഭിമുഖ പീഡനത്തിന്‌ വിധേയമായത്‌ പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷല്‍. ഭാഷ മനസിലായില്ലെങ്കില്‍ ബോഡി ലാഗ്വേജ്‌ നോക്കി മറുപടി പറയാമെന്ന്‌ ഈ പാട്ടുകാരി തെളിയിച്ചിരിക്കുന്നു. പല ഭാഷകളില്‍ പാടിയിട്ടുള്ള ഗായിക ഒരു ഭാഷയും മനസിലാകാത്ത മട്ടിലാണ്‌ ഇരുപ്പ്‌. ബ്രൂട്ടാസാകട്ടെ സ്വന്തം ഇംഗ്ലീഷില്‍ കസറുകയാണ്‌. ഘോഷലുമായുള്ള ഇന്റര്‍വ്യൂ പ്രമാണിച്ച്‌ അഞ്ചുദിവസം സ്പൗകെന്‍ ഇംഗ്ലീഷ്‌ ക്ലാസു കഴിഞ്ഞാണ്‌ ബ്രൂട്ടാസിന്റെ വരവ്‌. 'സ്പോക്കണ്‍' എന്നുപറയുന്നത്‌ തെറ്റ്‌, 'സ്പൗകെന്‍' എന്നതാണ്‌ ശരിയെന്ന്‌ മൂന്നുപ്രാവശ്യം പ്രീഡിഗ്രി തോറ്റതിനുശേഷം ഐഇഎല്‍റ്റി കോഴ്സ്‌ നടത്തുന്ന മി.ജോര്‍ജ്‌ വര്‍ഗീസ്‌ ഡാനിയല്‍ സായിപ്പ്‌ പറയുന്നത്‌.

ബ്രൂട്ടാസിന്‌ സാംസ്കാരിക നായകന്‍ സുകുമാര്‍ അഴീക്കോടിന്റെത്ര പ്രായമില്ലെങ്കിലും അടിമുടി ഗോദ്‌റേജ്‌ പ്രോഡക്ടില്‍ മുഴുകിയാണ്‌ ഇരുപ്പ്‌. സില്‍ക്കുടുപ്പ്‌, പാന്റ്സ്‌ വേഷം, ഇരുന്നാല്‍ പിന്നെ ആളെ കാണാത്ത സോഫായില്‍ ഇടതുകാല്‍ വലതുകാലിന്റെ പുറത്തു കയറ്റി വെച്ചുള്ള പോസ്‌. ഫാരിസ്‌ അബൂബേക്കറും ഇങ്ങനെയാണിരിക്കുക. സുന്ദരികളുമായുള്ള സംഭാഷണത്തില്‍ സംഭവിക്കുന്ന താല്‍ക്കാലിക സംഭ്രമം ഒഴിവാക്കാന്‍ ഈ ഇരുപ്പു അത്യാവശ്യം. എതിര്‍ സോഫായില്‍ ശ്രേയാ ഘോഷല്‍.

മാത്തച്ചനും മഹാജനത്തിനും മനസിലാകാത്ത ഇന്റര്‍വ്യൂവിന്റെ ഏകദേശരൂപം ഇംഗ്ലീഷിലും മലയാളത്തിലും ഇവിടെ പകര്‍ത്തുകയാണ്‌. പദാനുപദ തര്‍ജ്ജമ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ ബ്രൂട്ടാസ്‌ എന്തൊക്കെയാണ്‌ ചോദിച്ചതെന്ന്‌ ബ്രൂട്ടാസിനുപോലും അറിയില്ല. ഇന്റര്‍വ്യൂ ആരംഭിക്കുകയായി.

"ഹായ്‌ ശ്രേയാ!"
"ഹൗ ആര്‍ യു ടുഡേ?" (ഒരു കണക്കിനാണ്‌ ഞാന്‍ നേരം വെളുപ്പിച്ചത്‌)-ബ്രൂട്ടാസ്‌.

"ടേക്ക്‌ കീയര്‍, മൈ ഫാദര്‍ ടോള്‍ഡ്‌ (സൂക്ഷിക്കണം, ഹിംസ്ര ജീവിയോടാണ്‌ പോരാടുക)

"യു നോ ലതാ മങ്കേഷ്കര്‍?"(ലതാ മങ്കേഷ്കര്‍ എന്റെ ഒരു ആരാധികയാണ്‌!)

"ഐ ലവ്‌ മലയാളം സോംഗ്സ്‌"(ഞാന്‍ മലയാളത്തിലും പാടും)

"വാട്ട്‌ യു തിങ്ക്‌ എബൗട്ട്‌ മമ്മൂട്ടി, മോഹന്‍ലാല്‍?"(മോഹന്‍ലാലിനെക്കാള്‍ സുന്ദരനല്ലേ ഞാന്‍)

"യു മീന്‍ നോ അദര്‍ ള്‍ഡ്‌ ലുക്കിംഗ്‌ മെന്‍"(വേറെനാട്ടില്‍ ആണുങ്ങളാരുമില്ലേ)

"ഹൗ ഓള്‍ഡ്‌ ആര്‍ യു?, ഐ ആം ട്വന്റി ഫൈ"
(എനിക്ക്‌ അടുത്ത ഒന്നാം തീയതി 25 തികയും)
"ഏജ്‌ നോ ബാര്‍?" (ഒരു പെണ്‍കുട്ടിയോട്‌ പ്രായം ചോദിക്കരുതെന്ന്‌ ഈ വിഡ്ഢിയോട്‌ ആരാ പറയുക?)
"യു ആര്‍ എന്‍ചാന്റിംഗ്‌ ആന്റ്‌ ചാമിംഗ്‌"
(നീ വശീകരിക്കുന്നവളാണ്‌, വാസവദത്തയാണ്‌)
"ഖല്‍വിലെ തീ, ഖല്‍വിലെതീ (സ്ത്രീയുടെ മുഖത്തുനോക്കി അനാവശ്യം പറയുന്ന ഈ നികൃഷ്ടജീവി എവിടെനിന്നു വന്നു?)
"മെ ഐ സെന്റ്‌ ദാറ്റ്‌ ഓള്‍ഡ്‌ ഗൂസ്‌ ഔട്ട്‌"
(വീട്ടിലൊരു മുതുക്കിയുണ്ട്‌, പറഞ്ഞുവിടട്ടേ?)
"പാര്‍ഡണ്‍" (മനസിലായി, എങ്കിലും തന്റെ വായില്‍നിന്നു തന്നെ ഒന്നുകൂടി കേള്‍ക്കട്ടെ).
"വില്‍ യു മാരി മി?" (ശ്രേയയ്ക്ക്‌ 25 അല്ലേയുള്ളൂ, എനിക്കും......)
"യു ആര്‍ എ ഗ്രേറ്റ്‌ മാന്‍!(സ്റ്റുപ്പിഡ്‌, നീ എന്തു വിചാരിച്ചു എന്നെക്കുറിച്ച്‌?)

സ്റ്റുഡിയോയില്‍ പെട്ടെന്ന്‌ കറന്റുപോയതിനാല്‍ അഭിമുഖത്തിന്റെ ശേഷഭാഗം അടുത്ത സ്വാതന്ത്ര്യദിനത്തില്‍ ദേശീയോദ്ഗ്രഥന പരിപാടിയില്‍ പെടുത്തി കാണിക്കുന്നതായിരിക്കും.

No comments:

Post a Comment