Friday 11 January 2013

അമ്മേ പൊറുക്കുക-കവിത –കെ എ സോളമന്‍



Photo: GooD AFterNooN

പണ്ടൊരിക്കല്‍ ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍
ചുണ്ടോട് ചേര്‍ത്തെന്നമ്മ ചിരിച്ചതും
പരിചിതര്‍ അല്ലെങ്കിലെന്തനിക്കെല്ലാരും  
തെളിവാര്‍ന്ന സ്നേഹത്തിന്‍ താരകങ്ങള്‍.  

അമ്മയറിഞ്ഞതും ചൊല്ലി “ നീ എങ്കുഞ്ഞേ
അവിവേക മൊട്ടൊന്നും കാട്ടിടാതെ.
ഈലോകമൊട്ടുമെ നന്നല്ല നോക്കുക
മാലോകരെല്ലാമേ  മാറിയിപ്പോള്‍ “

അമ്മയ്ക്ക് പറ്റിയബദ്ധംഎന്നോര്‍ത്തുഞാന്‍
ചെമ്മെതുടങ്ങിയെന്‍ യാത്രയപ്പോള്‍.
ജീവിതമാം ചെറു വഞ്ചിയില്‍ ഞാനിന്ന്
ദൂരങ്ങളിത്രയും പിന്നീടുംപോള്‍   

ഏകയാംപക്ഷിയെ ഞാന്‍ കണ്ടുവേടന്‍മാര്‍
ക്രൂരമായി അമ്പെയ്ത്ത് വീഴ്ത്തുന്നതും
നാട്ടിന്‍ വഴികളില്‍  കുഞ്ഞാടിന്‍രക്തവും
നാട്ടിന്‍പുറത്തെ കൊലവറി കോലവും  

വര്‍ഷങ്ങള്‍ ഏതാനും  പിന്നീട്ടു പിന്നിട്ടു
കൌമാര കൌതുകം കണ്ടുനടന്ന നാള്‍
കാലമാംകടലിന്റെ മയാമിക തീരത്ത്  
കാഴ്ചകള്‍ കാത്തിരുപ്പുണ്ടായിരുന്നു

കത്തിനശിച്ചോര പാര്ശ്വപ്പുരകളില്‍
പെണ്‍പണപിശാചുകള്‍ വാണിരുന്നു.
പിന്നേയും കണ്ടു ഞാന്‍ കൊലയുംകവര്‍ച്ചയും
ഉള്ളൂരികിപ്പോയ കാഴ്ചകളും

ബെസ്സിനകത്തെ ക്രൂരതയില്‍ എന്നുടെ
മസ്തിഷ്കം പോലും മരവിച്ചൊരുനേരം
മതിയായ് എനിക്കിനി കാഴ്ചകള്‍ ഒന്നുമേ
താങ്ങുവാനാവില്ല എന്‍ ഹൃത്ത് മന്ത്രിച്ചു

രക്ഷപ്പെട്ടോടുവാന്‍  മോഹിച്ചുവെങ്കിലും
രക്ഷക്കായ് വന്നില്ല ഒരു ദേവദൂതനും
മായാത്ത പുഞ്ചിരി താനേ മറന്നുപോയ്
അമ്മേ നീ ചൊന്നതു എത്ര സത്യം

കുഞ്ഞിളം കയ്യിലെ പൂവു കരിഞ്ഞുപോയ്
കുഞ്ഞോമനമുഖം വാടിത്തളര്‍ന്നു പോയ്
കരിന്തിരി കത്തിയ  ദീപം അണഞ്ഞുപോയ്
കാലത്തിന്‍ഗതി കീഴ്മേല്‍ മറിഞ്ഞ് പോയ്

അറിയേണ്ടേനിക്കിനി ലോകത്തിന്‍ കാഴ്ചകള്‍
മറക്കാന്‍ ശ്രമിക്കട്ടെ ഞാന്‍ കണ്ടതൊക്കെയും
അമ്മേ പൊറുക്കുക, ആ മടിയില്‍ ഉറങ്ങട്ടെ
ഉണരാതെ ഉണരാതെ ഒന്നൊന്നും ഓര്‍ക്കാതെ.

-കെ എ സോളമന്‍

No comments:

Post a Comment