Wednesday 30 January 2013

പൂച്ചയ്ക്ക്‌ ആരെങ്കിലും മണികെട്ടിയാല്‍…

Photo

പൂച്ചയ്ക്ക്‌ ആരെങ്കിലും മണികെട്ടിയാല്‍- എന്ന വിഷയമാണ്‌ ഇന്നത്തെ കുറ്റവിചാരണയില്‍ നാം ചര്‍ച്ച ചെയ്യുന്നത്‌. പൂച്ചയ്ക്ക്‌ മണികെട്ടുമെന്നത്‌ വലിയ കുറ്റമാണ്‌. പൂച്ചയുടെ മൗലികാവകാശത്തിലുള്ള കടന്നുകയറ്റമാണ്‌. ഇതിന്‌ തക്കതായ ശിക്ഷ കൊടുക്കേണ്ടതുണ്ട്‌. നമ്മുടെ നിയമവ്യവസ്ഥയിലെ പഴുതുകള്‍ ഉപയോഗിച്ച്‌ മണികെട്ടുന്നവര്‍ രക്ഷപ്പെടുന്ന ലജ്ജാവഹമായ കാഴ്ചയാണ്‌ നാം കാണുന്നത്‌. നിയമം നടപ്പിലാക്കേണ്ട സര്‍ക്കാര്‍ കൈയുംകെട്ടി കാഴ്ചക്കാരാകുന്നു.
സമൂഹമനസാക്ഷി ഈ ക്രൂരകൃത്യത്തിനെതിരെ പ്രതികരിക്കേണ്ടതുണ്ട്‌. നമ്മുടെ ചാനല്‍ ഇന്ന്‌ ചര്‍ച്ച ചെയ്യുന്നത്‌ ഈ വിഷയമാണ്‌. നമ്മോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. മി. പോത്തന്‍ മത്തായി, ലോക വനിതാ ചെണ്ടമേളം വിദഗ്ധ സരോജിനിയമ്മ, കുടുംബശ്രീ പ്രവര്‍ത്തക കാര്‍ത്ത്യായനിപിള്ള, അവരുടെ ഭര്‍ത്താവ്‌ രാമന്‍ നായര്‍ എന്നിവര്‍ സംസാരിക്കുന്നു. അമേരിക്കയില്‍നിന്ന്‌ മിഷേല്‍ ഒബാമ, റഷ്യയില്‍നിന്ന്‌ മരിയ ഷറപ്പോവ എന്നിവരെ ഫോണിലും പ്രതീക്ഷിക്കുന്നു. പ്രേക്ഷകര്‍ക്ക്‌ ഫോണ്‍ നമ്പര്‍ 767676-ലും ഫേസ്ബുക്കിലും ട്വിറ്ററിലും ലിങ്ക്ഡ്‌ ഇന്നിലും മൈ സ്പേസിലും പ്രതികരിക്കാം.

“അപ്പോള്‍ അഡ്വ. പോത്തന്‍ മത്തായി, ‘പൂച്ചയ്ക്ക്‌ ആരെങ്കിലും മണികെട്ടിയാല്‍’- എന്ന വിഷയത്തെക്കുറിച്ച്‌ എന്താണ്‌ താങ്കളുടെ അഭിപ്രായം. ഈ വിഷയം സംബന്ധിച്ച്‌ ഒത്തിരി കേസുകള്‍ വിവിധ കോടതികളിലായി താങ്കള്‍ വാദിക്കുകയും ഒരു കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ളതിനാലാണ്‌ താങ്കളോടുതന്നെ ആദ്യമായി ഈ വിഷയം സംബന്ധിച്ച്‌ ചോദിക്കുന്നത്‌.”

“ശരിയാണ്‌, ഞാന്‍ ഒരുപിടി ‘പൂച്ചയ്ക്ക്‌ മണികെട്ടുന്ന’ സംഭവം സംബന്ധിച്ച്‌ കോടതികളില്‍ വാദിക്കുകയും എല്ലാ കേസുകളും തോറ്റുകൊടുക്കുകയും ചെയ്തിട്ടുണ്ട്‌. പൂച്ചയ്ക്ക്‌ മണികെട്ടുക എന്നത്‌ പൂച്ചയുടെ മനുഷ്യാവകാശത്തിലുള്ള ഒരു കടന്നുകയറ്റമാണ്‌. നമ്മുടെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഇതൊന്നും കാണാത്തതെന്താണെന്നാണ്‌ എന്റെ സംശയം. ഒരുപക്ഷേ അവര്‍ക്ക്‌ ഇത്തരം പ്രശ്നങ്ങള്‍ക്ക്‌ പകരം മറ്റ്‌ ചില വിഷയങ്ങളിലാവും താല്‍പ്പര്യം. പൂച്ചയ്ക്ക്‌ മണികെട്ടുന്ന കുറ്റവാളികളെ തൂക്കിലിടണമെന്ന വാദത്തോട്‌ എനിക്ക്‌ യോജിപ്പില്ല. ജീവിതാവസാനംവരെ ജയിലിലടയ്ക്കുന്നതുകൊണ്ട്‌ കുഴപ്പമില്ല. ചപ്പാത്തിയും കോഴിക്കറിയും ചാനല്‍ കാഴ്ചകളും ജീവിതാവസാനംവരെ ആസ്വദിക്കുക, അതും ഒരുവിധ ചെലവുമില്ലാതെ, വളരെ നല്ല കാര്യമാണത്‌.”

“ശരി പോത്തന്‍ മത്തായി, ഞാന്‍ താങ്കളിലേക്ക്‌ വരികയാണ്‌. ലോക തായമ്പക വിദഗ്ധ സരോജിനിയമ്മയ്ക്ക്‌ എന്തുണ്ട്‌ പറയാന്‍ എന്നത്‌ ശ്രദ്ധിക്കാം. ഹലോ സരോജിനിയമ്മ, കേള്‍ക്കാമോ, കേള്‍ക്കാന്‍ പാടില്ല, എന്താ ചെവിക്ക്‌ പൊട്ടുണ്ടോ, കേള്‍ക്കാമെന്നോ, എങ്കില്‍ പറ, പൂച്ചയ്ക്ക്‌ മണികെട്ടുന്നത്‌ കുറ്റകരമാണോ? ”
“വലിയ കുറ്റമെന്ന്‌ മാത്രമല്ല, കൊലപാതകത്തേക്കാള്‍ ഭയങ്കരമാണ്‌. മണികെട്ടുമ്പോള്‍തന്നെ ഒരു പൂച്ച മരിച്ചുകഴിഞ്ഞു. പിന്നെ പെനിട്രേഷന്‍ ഉണ്ടോ, മണികെട്ടിയപ്പോള്‍ ചരടുകൊണ്ട്‌ തൊലി മുറിഞ്ഞോ, മുറിഞ്ഞഭാഗം ഡെറ്റോളിട്ട്‌ കഴുകിയോ എന്നൊക്കെ ചോദിക്കുന്നതില്‍ ഒരു പ്രസക്തിയുമില്ല. ഒരു നിയമംകൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌ സാമൂഹിക അവബോധമാണ്‌, മണി കെട്ടിയോ, മണികെട്ടാന്‍ ശ്രമിച്ചോ, അതിന്‌ ബലാല്‍ക്കാരം വേണ്ടിവന്നോ, എന്നതൊക്കെ കൃത്യമായി തെളിയിക്കുക വിഷമകരമാണ്‌. പൂച്ചകളുടെ അവകാശം ഉറപ്പുവരുത്താനുള്ള ബാധ്യത സമൂഹത്തിനുണ്ട്‌.”
“സരോജിനിയമ്മ, ഞാന്‍ ഇടപെടുകയാണ്‌, ഒരു പ്രേക്ഷകന്‍ ലൈനിലൂടെ”.

“ആരാണ്‌, എന്താണ്‌ താങ്കള്‍ക്ക്‌ പറയാനുള്ളത്‌?”
“ഇത്‌ ഞാന്‍, ഷാജഹാന്‍, മലപ്പുറത്തുനിന്ന്‌ വിളിക്കുന്നു. അതേയ്‌ ഒരു പൂച്ചയും അസമയത്ത്‌ പുറത്തിറങ്ങരുത്‌, അങ്ങനെ ഇറങ്ങുന്നതുകൊണ്ടാണ്‌ മണി….”
“തികച്ചും യുക്തിരഹിതമായ മറുപടിയാണ്‌ പ്രേക്ഷകന്റേത്‌. പൂച്ചകള്‍ പുറത്തിറങ്ങരുത്‌ എന്നത്‌ പിന്തിരിപ്പന്‍ ആശയമാണ്‌, ഇതാ നമുക്ക്‌ ഒരു ഇന്റര്‍നാഷണല്‍ കോളുണ്ട്‌, വൈറ്റൌസില്‍ നിന്നാണെന്ന്‌ തോന്നു, അതേ മിഷേല്‍ ഒബാമ, ഹലോ മിസിസ്‌ ഒബാമ… ലൈനില്‍ എന്തോ തകരാറുണ്ട്‌. ഒബാമയിലേക്ക്‌ നമുക്ക്‌ തിരികെവരാം.”

“ഹലോ ക്യാര്‍ത്ത്യായനിഅമ്മ, കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ പൂച്ചയ്ക്ക്‌ ആരെങ്കിലും മണികെട്ടുന്ന സംഭവം താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? എങ്കില്‍ എന്താണ്‌ അഭിപ്രായം”.

“ഒത്തിരി സംഭവങ്ങള്‍ ഉണ്ട്‌, ലോക്കല്‍ നേതാക്കള്‍ തുടങ്ങി സംസ്ഥാന നേതാക്കള്‍വരെ മണികെട്ടുന്നുണ്ട്‌. പക്ഷേ പലതും പുറത്തുവരുന്നില്ലെന്നേയുള്ളൂ, ഞാന്‍ തന്നെ നേരിട്ടുകണ്ട ഒരു സംഭവം…”

“കാര്‍ത്ത്യായനിയമ്മ, സമയക്കുറവുകൊണ്ട്‌ ഞാന്‍ ഇടപെടുകയാണ്‌. താങ്കളുടെ ഭര്‍ത്താവ്‌ രാമന്‍ നായരും കൂടെയുണ്ടല്ലോ, അദ്ദേഹത്തിന്‌ എന്തെങ്കിലും പറയാന്‍ കാണും, ഹലോ രാമന്‍നായര്‍”

“അമ്പത്‌ ശതമാനം പൂച്ചകള്‍ക്ക്‌ മണിയുണ്ടല്ലോ, പിന്നെന്തിനാ കൂടുതല്‍ മണികെട്ടുന്നത്‌”. ശരിയാണ്‌, രാമന്‍ നായര്‍ പറഞ്ഞത്‌, നമ്മുടെ ചര്‍ച്ച ഇവിടെ അവസാനിക്കുകയാണ്‌. പൂച്ചയ്ക്ക്‌ മണികെട്ടുന്നതിന്‌ ഏതുതരം ശിക്ഷ നടപ്പാക്കിയാലും നിലവിലെ സാഹചര്യത്തില്‍ മണികെട്ടുകയോ കെട്ടാതിരിക്കുകയോ ആവാം. അടുത്ത പരിപാടിയിലേക്ക്‌ കടക്കാം- ചര്‍ച്ച ഇവിടെ അവസാനിക്കുന്നു.

** കെ.എ.സോളമന്‍

No comments:

Post a Comment