Saturday, 11 January 2014

കാവി 'ആം ആദ്മി തൊപ്പി'യുമായി ബിജെപി

കാവി 'ആം ആദ്മി തൊപ്പി'യുമായി ബിജെപി


ആദ്മി പാര്‍ട്ടിയുടെ തൊപ്പി ഹിറ്റായതോടെ ബി ജെ പിയും തൊപ്പി വെക്കുന്നു. ദില്ലിയിലെ ആപ്പ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിന് വേണ്ടിയാണ് ബി ജെ പി തൊപ്പിവെച്ചത്. ആം ആദ്മി പാര്‍ട്ടിക്കാരുടെ തൊപ്പിയുടെ നിറം വെള്ളയാണെങ്കില്‍ ബി ജെ പിയുടെത് കാവിയാണ് എന്ന് മാത്രം. മോഡി ഫോര്‍ പി എം എന്നെഴുതിയ തൊപ്പികളുമായാണ് ബി ജെ പി നേതാക്കളായ ഹര്‍ഷവര്‍ദ്ധന്‍, വിജയ് ഗോയല്‍, വിജേന്ദ്ര ഗുപ്ത, മുഖ്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയ നേതാക്കള്‍ എത്തിയത്. ഷീല ദീക്ഷിതിനും അവരുടെ സഹമന്ത്രിമാര്‍ക്കുമെതിരായ അഴിമതിക്കേസുകളില്‍ ആം ആദ്മി പാര്‍ട്ടി ഒത്തുകളിക്കുന്നു എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. 

എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ തൊപ്പി കണ്ടാണ് തങ്ങളും തൊപ്പി വെക്കാന്‍ തീരുമാനിച്ചത് എന്നൊന്നും പക്ഷേ ബി ജെ പിക്കാര്‍ അംഗീകരിച്ചുതരില്ല. ആം ആദ്മി പാര്‍ട്ടിക്ക് ഈ തൊപ്പിയില്‍ പേറ്റന്റ് ഒന്നുമില്ല എന്ന് പറഞ്ഞാണ് ബി ജെ പി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്വി മാധ്യമപ്രവര്‍ത്തകരെ നേരിട്ടത്. തങ്ങള്‍ ആരുടെയും ആശയങ്ങളെ കോപ്പിയടിച്ചിട്ടില്ല. ഷീല ദീക്ഷിതിനെതിരായ അഴിമതിക്കേസുകളില്‍ കെജ്രിവാള്‍ മൗനം പാലിക്കുന്നതിനെ ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡണ്ട് വിജേന്ദ്ര ഗുപ്ത ചോദ്യം ചെയ്തു. സി എ ജിയും ലോകായുക്തയും ഷീല ദീക്ഷിതിനും രാജ്കുമാര്‍ ചൗഹാനും എതിരായ തെളിവുകള്‍ നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലെ ജനങ്ങളെ വിഡ്ഡികളാക്കാന്‍ വേണ്ടിയാണ് അഴിമതിക്കെതിരായ ടോള്‍ ഫ്രീ നമ്പര്‍ പദ്ധതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കമെന്‍റ്: തൊപ്പിക്കച്ചോടക്കാരുടെ കാലം തെളിഞ്ഞു !
-കെ എ സോളമന്‍ 

No comments:

Post a Comment