Tuesday 22 April 2014

സര്‍ക്കാരിന് വരവില്ല; ഈ മാസം രണ്ടാംതവണയും ആയിരംകോടി കടമെടുക്കുന്നു


* ഏപ്രിലില്‍ത്തന്നെ കടം 2000 കോടിയായി
* വാര്‍ഷിക പദ്ധതിച്ചെലവ് 90 ശതമാനം
* പിരിച്ചെടുക്കാനുള്ളത് 5000 കോടി
* ജൂണ്‍വരെ നികുതിവരവ് നാമമാത്രമാവും


തിരുവനന്തപുരം:
 മാര്‍ച്ചുമാസത്തെ ചെലവുകള്‍ മുണ്ടുമുറുക്കിയുടുത്ത് നേരിട്ട സര്‍ക്കാര്‍ ഈ മാസം തന്നെ രണ്ടാമതും ആയിരംകോടി രൂപകൂടി കടമെടുക്കുന്നു. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യമാസങ്ങളായതിനാലും തിരഞ്ഞെടുപ്പുകാലത്തെ ഭരണസ്തംഭനവും കാരണം വരവില്ലാത്തിനാല്‍ ജൂണ്‍ വരെ തള്ളി നീക്കാനുള്ള മുന്‍കരുതലെന്ന നിലയ്ക്കാണ് ഈ കടംവാങ്ങല്‍ .

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മെയില്‍ ഊര്‍ജിത കുടിശ്ശിക പിരിച്ചെടുക്കല്‍ പരിപാടി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. അയ്യായിരംകോടി രൂപയാണ് ഇനിയും പിരിച്ചെടുക്കാനുള്ളത്. ഇതില്‍ വലിയ പങ്കും വാണിജ്യ നികുതിയാണ്.

മാര്‍ച്ചില്‍ 9,200 കോടിയോളം ചെലവിട്ട് ഖജനാവ് ഒഴിഞ്ഞതിനാല്‍ ശമ്പളം ഉള്‍പ്പടെയുള്ള ചെലവുകള്‍ക്ക് സര്‍ക്കാര്‍ ബുദ്ധിമുട്ടി. കടപ്പത്രമിറക്കി 2500 കോടിരൂപ കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയെങ്കിലും ആയിരം കോടിക്കുമാത്രമേ അംഗീകാരം കിട്ടിയുള്ളൂ. ഇതുകാരണമാണ് ആഴ്ചകള്‍ക്കുള്ളില്‍ വീണ്ടും ആയിരംകോടി രൂപക്കുകൂടി കടപ്പത്രം പുറപ്പെടുവിക്കേണ്ടി വന്നത്. റിസര്‍വ് ബാങ്ക് വഴി ഇത്തരത്തില്‍ ഈ വര്‍ഷം കേരളത്തിന് കടമെടുക്കാവുന്ന പരിധി 13,500 കോടി രൂപയാണ്. ഇതില്‍ രണ്ടായിരംകോടിയും ആദ്യമാസം തന്നെ കടമെടുക്കുകയാണ്.

കഴിഞ്ഞദിവസത്തെ കണക്കനുസരിച്ച് ട്രഷറിയിലെ നീക്കിയിരുപ്പ് 1200 കോടിയാണ്. ഏപ്രില്‍ 23 ന് നടക്കുന്ന കടപ്പത്ര ലേലത്തിലൂടെ ആയിരംകോടികൂടി കിട്ടും. എന്നാല്‍ ഇനി ജൂണ്‍മാസം മുതലേ വാണിജ്യ നികുതിയും മറ്റ് വരവുകളും കിട്ടിത്തുടങ്ങൂ. അതുവരെ കേന്ദ്രത്തില്‍ നിന്നും വലിയതോതില്‍ പണമൊന്നും കിട്ടാനുമില്ല. കേന്ദ്രത്തില്‍ നാലുമാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമേ പാസ്സാക്കിയിട്ടുള്ളൂ. ഇനി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ബജറ്റ് പാസ്സാക്കിയാലേ പദ്ധതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് പണം ലഭിക്കൂ. ഇതാണ് ഇപ്പോള്‍ കേരളം നേരിടുന്ന പ്രതിസന്ധി. 

Comment: വരവ് ക =ഇല്ല ക , ചെലവ് ക =ഉണ്ട് ക. കടം വാങ്ങികള്‍ക്ക് മാതൃകയായ കടം വാങ്ങി സര്ക്കാര്‍! 
-കെ എ സോളമന്‍ 

No comments:

Post a Comment