Tuesday 21 February 2012

സൂപ്പര്‍താരങ്ങള്‍ക്കെതിരെ സംവിധായകന്‍ കമല്‍




കോതമംഗലം: സൂപ്പര്‍താരങ്ങള്‍ സമൂഹത്തോടുള്ള കടമ മറക്കുന്നുവെന്നും കച്ചവടക്കാര്‍ക്ക് കാശുണ്ടാക്കാന്‍ പരസ്യചിത്രങ്ങള്‍ക്കുവേണ്ടി നല്ല കലാകാരന്മാര്‍ നിന്നുകൊടുക്കരുതെന്നും സംവിധായകന്‍ കമല്‍. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജ് സുവര്‍ണജൂബിലി ആഘോഷത്തിന്റെ സമാപനത്തില്‍ നടക്കുന്ന ദേശീയ ശാസ്ത്രസാങ്കേതിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രജനികാന്തും കമലഹാസനും ഒരു പരസ്യചിത്രത്തില്‍പ്പോലും വന്നിട്ടില്ല. അത് തങ്ങളുടെ മേഖലയല്ലെന്ന് അവര്‍ക്കറിയാം. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമില്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. തന്റെ 'സ്വപ്നസഞ്ചാരി' സിനിമയ്ക്ക് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വിലക്ക് പ്രഖ്യാപിച്ചതിനെ പരാമര്‍ശിക്കുകയായിരുന്നു കമല്‍.

10 വര്‍ഷം കഴിയുമ്പോള്‍ ശൂന്യതയുടെ ചിത്രമാണ് സാഹിത്യ, രാഷ്ട്രീയ രംഗങ്ങളില്‍ അനുഭവപ്പെടുക. ഇത് സിനിമയിലും ഉണ്ടാകും. മലയാളസിനിമയുടെ ദുര്യോഗമാണ് സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന് മുമ്പുംപിമ്പും എന്ന അവസ്ഥയിലേക്ക് സമൂഹം എത്തിയെന്ന് കമല്‍ പറഞ്ഞു. കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹപ്രഭാഷണം നടത്തി. 

Comment: ഡോ സുകുമാര്‍ അഴിക്കോടിന്റെ അഭാവം സൃഷ്ടിച്ച വിടവ് അങ്ങനെ നികത്തി !
-കെ എ സോളമന്‍ .

No comments:

Post a Comment