ഒരു ലക്ഷത്തി എഴുപത്താറായിരം കോടി സ്വിസ് ബാങ്കിലോട്ടു കടത്തിയെന്നതാണ് കേന്ദ്രമന്ത്രിസഭയിലെ ചില മന്ത്രിമാരെക്കുറിച്ചുള്ള ആരോപണം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ചിലരും നേതാക്കളും തിഹാര്‍ ജയിലിലുമായി. എന്നാല്‍ വന്‍സ്രാവുകള്‍ ഇപ്പോഴും വലപൊട്ടിച്ചു നടക്കുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സുബ്രഹ്മണ്യന്‍സ്വാമി ഏറെ ശ്രമിച്ചിട്ടും ചിദംബരം പോലുള്ള വന്‍മീനുകള്‍ പിടികൊടുക്കുന്നില്ല. 2 ജി കുംഭകോണം സംബന്ധിച്ചു ചിദംബരത്തിനെതിരെയുള്ള സ്വാമിയുടെ കേസ് കോടതി തള്ളി. മതിയായ തെളിവിന്റെ അഭാവത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി. വിധിയെക്കുറിച്ചു കേള്‍ക്കാത്ത താമസം ആന്റണി ഏറെ സന്തോഷിച്ചു. മാധ്യമങ്ങളിലൂടെ അദ്ദേഹമതു പങ്കുവെക്കുകയും ചെയ്തു.
പ്രായവിവാദത്തില്‍ ആര്‍മി ചീഫ് ജനറല്‍ വി.കെ.സിംഗിനെതിരെയുള്ള കോടതി നിരീക്ഷണമാണ് രണ്ടാമതായി ആന്റണിയെ ഏറെ സന്തോഷിപ്പിച്ചത്. സിംഗിനും സര്‍ക്കാരിനും സിംഗിന്റെ ജനനത്തീയതിയെക്കുറിച്ചു സംശയം. ജോലിക്കുചേര്‍ന്നപ്പോള്‍ ജനനത്തീയതി 1950 മെയ് 10. 38 വര്‍ഷത്തെ സ്തുത്യര്‍ഹമായ പട്ടാളജീവിതം പൂര്‍ത്തിയാക്കിയപ്പോള്‍ ജനിച്ചത് 1951 മെയ് 10 എന്ന് സിംഗ്. തര്‍ക്കം കോടതിയിലെത്തിച്ച സിംഗിന്റെ നടപടി അതീവ മോശമായിയെന്ന് ആന്റണിയുള്‍പ്പെട്ട കേന്ദ്രസര്‍ക്കാര്‍. സിംഗിന്റെ പെറ്റീഷന്‍ ഒടുക്കം കോടതി തള്ളി. സിംഗ് ജനിച്ചത് 1950 ല്‍ തന്നെ. ഇതും ആന്റണിയെ സന്തോഷിപ്പിച്ചു. മന്ത്രിമാരും സഹമന്ത്രിമാരുമായി ഒരു വന്‍പട തന്നെ കേന്ദ്രത്തിലുള്ളപ്പോഴാണ് ആന്റണി മാത്രം സകലതിനും സന്തോഷിക്കുന്നത്. ജനറല്‍ സിംഗ് സ്വഭാവനിഷ്ഠയുള്ള ആളായതിനാലും രാജ്യം പാക്കിസ്ഥാന്‍ അല്ലാത്തതുകൊണ്ടും ഇവിടെ പട്ടാളഭരണം നടപ്പിലാക്കില്ലന്നേയുള്ളൂ. കേന്ദ്രമന്ത്രിസഭയ്ക്ക് ആയുസ്സു നീട്ടിക്കിട്ടുന്ന ഏതു നടപടിയുണ്ടായാലും അതെല്ലാം ആന്റണിയെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ കേരള ജനതയെ മാത്രമല്ല, ഇന്ത്യ ഒട്ടുക്കുള്ള ജനതയെ സന്തോഷിപ്പിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ പത്രങ്ങളില്‍ (15 ഫെബ്രു.)അച്ചടിച്ചു വന്നത്. മകള്‍ പ്രിയങ്കാഗാന്ധി അമ്മ സോണിയയുടെ കവിളില്‍ സ്നേഹാതിരേകത്താല്‍ നുള്ളുന്ന കാഴ്ച. റായ്ബറേലിയില്‍ വോട്ടുപിടുത്തത്തിനുവേണ്ടിയുള്ള ഫോട്ടോ സെഷനാണെങ്കിലും മാതൃ-പുത്രി-പുത്ര-പിതൃ ബന്ധത്തിന്റെ ചാരുത സ്ഫുരിക്കുന്ന ദൃശ്യം.
ഫോട്ടോ രാമന്‍നായരെയും ഏറെ സന്തോഷിപ്പിച്ചു. ഫോട്ടോ വെട്ടിയെടുത്തു കവറില്‍ കയറ്റി വെച്ചിട്ടു രാമന്‍ നായര്‍ എഴുതി.
“ബഹുമാനപ്പെട്ട സാര്‍, അങ്ങയുടെ അടിയന്തര ശ്രദ്ധ ഞാന്‍ ഈ ഫോട്ടോയിലേക്കു ക്ഷണിക്കുന്നു. അങ്ങും മകനുമായുള്ള ഇത്തരമൊരു ചിത്രത്തിന് ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അങ്ങു മകനെ അടുത്തു വിളിക്കണം. അവന്റെ നെറ്റിയില്‍ ഒന്നു ചുംബിക്കണം. അവന്റെ മുടിയില്‍ തലോടി ആശ്വസിപ്പിക്കണം. എന്നിട്ട് അവനോട് പറയണം. 'നീ എന്നോട് ചേര്‍ന്നിരിക്കൂ, എന്റെ ഇടതുവശത്തായി, നീ ഈ ചിത്രം കണ്ടോ, ഒരു മകള്‍ അമ്മയുടെ കവിളില്‍ നുള്ളുന്നത്. അമ്മ വാത്സല്യത്തോടെ മകളെ നോക്കി പുഞ്ചിരിക്കുന്നത്. നിന്നെക്കാളും എന്നെക്കാളും വലിയ ഭാരം ചുമക്കുന്നവരാണ് അവര്‍ രണ്ടാളും. നിന്റെ വലതു കൈയുയര്‍ത്തി, എന്റെ കവിളില്‍ ഒന്നു തലോടൂ, അല്ലെങ്കില്‍ മൃദുവായ് ഒന്നുനുള്ളൂ, ഞാനീഭാരമൊന്നിറക്കി വെയ്ക്കട്ടെ. നിന്റെ മനസ്സിലും ഒരു വിങ്ങല്‍ ഞാന്‍ കാണുന്നു, നമ്മെ സ്നേഹിക്കുന്നവരുടെ മനസ്സിലും. ഈ പത്രക്കാരും ചാനലുകാരും അതു കാണട്ടെ' ".
കുറിപ്പെഴുതി മതിയാക്കി രാമന്‍ നായര്‍ കവറിനുപുറത്ത് മേല്‍വിലാസം കുറിച്ചു. “ശ്രീ. ആര്‍.ബി.പിള്ള, കീയറോഫ് കൊട്ടാരക്കര ഗണപതി, കൊട്ടാരക്കര പി.ഒ.”
കെ.എ.സോളമന്‍
No comments:
Post a Comment