Sunday 29 September 2013

കവിത: മഴക്കിലുക്കം- പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴി


തലകുലുക്കീടുന്ന
വന്‍ മരച്ചില്ലയില്‍
നിന്നുതിര്‍ന്നീടുന്ന
തേന്‍മഴത്തുള്ളികള്‍
മഴകാത്തിരുന്നൊരെന്‍
ഹൃത്തടത്തില്‍ വന്നു
മധുരമായ്‌ മൊഴിയുന്നു
ഇഷ്ടമായോ
ഇന്നലെയോളവും മാനത്തു-
ലാത്തിയ കാര്‍മുകില്‍ കണ്ടിട്ടു
നീ കൊതി പൂണ്ടതും
ഇത്തിരിക്കുടിനീര്‍ തിരക്കി
നിന്നാര്‍ദ്രമാം മനസ്സിന്റെ
തേങ്ങലും കണ്ടിരുന്നു
മാനത്തുവെള്ളിടികള്‍
തീര്‍ക്കുന്ന നാദവും
വെള്ളി സര്‍പ്പങ്ങള്‍
പുളയുന്നരൂപവും
ഒന്നുമില്ലൊന്നുമില്ലീമഴ
പൊന്‍മഴ ഇടവമാസ-
ത്തിന്റെ വരദാനമീമഴ
ഇടവഴികള്‍ നിറയുന്നു
കുളിരരുവി പുളയുന്നു
മഴപക്ഷി ഉള്ളം നിറച്ചങ്ങു
പാടുന്നു
താരും തളിരും മാമര-
മൊക്കെയും ആനന്ദ
നിറവില്‍ ചാഞ്ചാടിടുന്നു
വെള്ളിക്കൊലുസിട്ടു
തുള്ളിതോരാതെ
തലോടുന്ന പൊന്‍മഴ
എന്നോടുമൊഴിയുന്നു
ഇഷ്ടമായോ മഴ
പെയ്യുവിന്‍ പെയ്യുവിന്‍
എന്നുമീധരണിയില്‍
മൃത്യുവിന്‍ പ്രളയമായ്‌
മാറിടാതെ
അമൃതായി കുളിരായി ജീവനായ്‌
വെളിച്ചമായ്‌ കാതരസംഗീതമായ്‌
പെയ്യുമോ തേന്‍മഴ
- പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴി

No comments:

Post a Comment