Tuesday, 3 September 2013

ആവേശം പകര്‍ന്ന് സുസ്മിത കണ്‍നിറഞ്ഞ് കൊച്ചി



കൊച്ചി: ആവേശം കുടചൂടിയ നട്ടുച്ച നേരത്ത് കൂടിനിന്ന ജനക്കൂട്ടത്തിനരികിലേക്ക് വെളുത്ത ജാഗ്വര്‍ കാര്‍ ഒഴുകിയെത്തി. ചുവന്ന ഫ്രോക്ക് അണിഞ്ഞ് മുന്‍ മിസ് യൂണിവേഴ്‌സ് അതില്‍ നിന്നിറങ്ങി. ബ്ലാക്ക് ക്യാറ്റുകള്‍ക്കൊപ്പം വന്ന ബോളിവുഡ് വിസ്മയം സുസ്മിത സെന്നിന് ചെണ്ടകളില്‍ താളംകൊട്ടിയ പെണ്‍കൊടികള്‍ അത്ഭുതമായി. പിന്നീട് കൈകളിലേക്ക് താളം പകര്‍ന്നുകൊണ്ട് അവര്‍ക്കിടയിലേക്ക് സുസ്മിത നടന്നടുത്തപ്പോള്‍ ആരാധകര്‍ക്ക് ആവേശമേറി.

ബോളിവുഡ് നടി സുസ്മിത സെന്നിന് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. റോഡരികിലും സമീപപ്രദേശങ്ങളിലും ആരാധകര്‍ കാത്തുനിന്നിരുന്നു. ഹെയര്‍സ്റ്റൈലിസ്റ്റ് അംബിക പിള്ളയുടെ സലൂണ്‍ ഉദ്ഘാടനം ചെയ്യാനാണ് കൊച്ചിയില്‍ എത്തിയത്. അവിടെ കാത്തുനിന്നവരില്‍ ഗായിക ഉഷാ ഉതുപ്പും ഉണ്ടായിരുന്നു. ദീദിയെ കണ്ടതും അവരുടെ മുഖത്ത് സന്തോഷം തിരതല്ലി . ഓടിവന്ന് ദീദിയെ പുണര്‍ന്നു. പിന്നെ അംബിക പിള്ളയോടൊപ്പം സലൂണിനുള്ളിലേക്ക് പ്രവേശിച്ചു. അവിടെക്കണ്ട കണ്ണാടിക്കു മുന്നില്‍ മുഖം മിനുക്കി. തുടര്‍ന്ന് പ്രിയപ്പെട്ട അംബുവിന്റെ ബന്ധുക്കള്‍ക്കിടയിലെത്തി സ്‌നേഹം പങ്കുവച്ചു. നിലവിളക്കില്‍ തിരി കൊളുത്തുമ്പോള്‍ കരഘോഷം മുഴങ്ങി. അംബിക പിള്ളയുടെ ഒപ്പം അല്‍പ്പം ഹെയര്‍സ്റ്റൈല്‍ മേക്ക് അപ്പ് നടത്താനും സുസ്മിത മറന്നില്ല. 

ഈ വര്‍ഷം അവസാനം പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് അവര്‍ പറഞ്ഞു. അത് തികച്ചും നാടകീയമായിരിക്കും. ആരാധകര്‍ക്ക് അത് അത്ഭുതവും നാടകീയതയും സമ്മാനിക്കുമെന്നും സുസ്മിത പറഞ്ഞു. നടിയെ സംബന്ധിച്ച് തിരിച്ചുവരവ് എന്നതില്ല. ആ വാക്ക് ഉപയോഗിക്കാന്‍ പാടില്ല. കുടുംബകാര്യങ്ങള്‍ക്കായി കുറച്ചുനാള്‍ സിനിമയില്‍ നിന്ന് മാറിനിന്നു. മക്കള്‍ക്കൊപ്പം അത് ആഘോഷമായി ചെലവഴിക്കാന്‍ കഴിഞ്ഞു. 
കമന്‍റ് : സംഭവം മുടിവെട്ടുകട ഉദ്ഘാടനമാണെങ്കിലും ജൌളിക്കടകളില്‍ ആയിരുന്നു തിരക്ക്, ചുവന്ന ഫ്രോക്ക് വാങ്ങാന്‍.. .  . ഈ കോളേജുകുമാരിമാരുടെ ഒരു കാര്യം. മുതുക്കികളും ഇതേ വേഷം അണിയാന്‍ തുടങ്ങുമോ എന്റെ പാറപ്പുറത്തമ്മേ ! 
-കെ എ സോളമന്‍ 

No comments:

Post a Comment