Thursday 5 May 2011

ഓപ്പറേഷന്‍ സിസേറിയന്‍!














കെ.എ. സോളമന്‍

Janmabhumi daily dated 5 May 11

"സുഖക്ഷൗരത്തിന്‌ 7'ഒ-ക്ലോക്ക്‌, സുഖപ്രസവത്തിന്‌ സിസേറിയന്‍' ഇതാണ്‌ രാജ്യാന്തര പ്രസിദ്ധമായ ചേര്‍ത്തല താലൂക്ക്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്സ്‌ ആശുപത്രിയുടെ മുദ്രാവാക്യം. ചേര്‍ത്തല വീണ്ടും തലക്കെട്ടില്‍ സ്ഥാനം പിടിച്ചത്‌ കേന്ദ്ര ഡിഫന്‍സ്‌ മിനിസ്റ്റര്‍ മുട്ടം പള്ളിയില്‍ മുട്ടില്‍ വീണതുകൊണ്ടോ, പ്രവാസികാര്യ മന്ത്രി മരിച്ചുപോയ ഭാര്യയുടെ കട്ടൗട്ട്‌ വെച്ച്‌ തുലാഭാരം നടത്തിയതുകൊണ്ടോ, ഗൗരിയമ്മ 92-ാ‍ം വയസ്സില്‍ നിയമസഭയിലോട്ട്‌ മത്സരിച്ച്‌ ഗിന്നസ്‌ ബുക്കില്‍ ഇടം നേടിയതുകൊണ്ടോ അല്ല. മറിച്ച്‌ ചേര്‍ത്തല സര്‍ക്കാര്‍ ആശുപത്രിയിലെ ഒരുകൂട്ടം ഡോക്ടര്‍മാര്‍ നിരനിരയായി നിന്ന ഗര്‍ഭിണികളുടെ വയറ്‌ കീറിയതുകൊണ്ടാണ്‌. ചേര്‍ത്തല ആശുപത്രിയിലെ ഗൈനക്കുകളുടെ സാഹസിക പ്രകടനം ഏവരെയും ഞെട്ടിച്ചു.

ചേര്‍ത്തല താലൂക്കിന്റെ തീരദേശ മേഖലയാണ്‌ പള്ളിത്തോട്‌, മനക്കോടം, ഒറ്റമശ്ശേരി, തൈക്കല്‍ തുടങ്ങിയ സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ പട്ടിണി മാറണമെങ്കില്‍ ചാളയോ അയലയോ ചെമ്മീനോ കയറണം. ചാള കൂടുതല്‍ കയറിയാല്‍ പുഴുങ്ങി നെയ്യെടുക്കും. അയല കയറിയാല്‍ വയറുകീറി കുടല്‍ കളഞ്ഞ്‌ ഉപ്പുപുരട്ടി ഉണക്കും. ഉണക്ക അയലക്ക്‌ എന്താ ഡിമാന്റ്‌? അയലയുടെ വയര്‍ കീറുന്നതും ഉപ്പുപുരട്ടുന്നതും തൊഴിലുറപ്പിനേക്കാള്‍ ഭേദപ്പെട്ട പണിയാണ്‌. കൂടുതല്‍ അയലയുടെ വയര്‍ കീറിയാല്‍ കൂടുതല്‍ കാശ്‌. ചേര്‍ത്തല ഗവ. ആശുപത്രിയിലെ പേറെടുപ്പു ഡോക്ടര്‍മാര്‍ ഇതു മനസ്സിലാക്കിയിരിക്കുന്നു. ഒറ്റ നില്‍പിലാണ്‌ 10ഉം 12ഉം സിസേറിയന്‍ ഓപ്പറേഷനുകള്‍. വയറൊന്നിന്‌ ചാര്‍ജ്‌ 3000, അനസ്തേഷ്യ വേണമെങ്കില്‍ പിന്നൊരു അഞ്ഞൂറ്‌, കുളിപ്പിക്കലും കൈമാറലും നോക്കുകൂലിയുമായി പിന്നെയും വേണം 500. എങ്ങനെ നോക്കിയാലും 5000 കവിയില്ല.പ്രൈവറ്റ്‌ ആശുപത്രിയുമായി നോക്കുമ്പോള്‍ 5000 ലാഭം. അതുകൊണ്ട്‌ പാവപ്പെട്ട ഗര്‍ഭിണികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിക്കാന്‍ ക്യൂവാണ്‌.

മാസശമ്പളം 60000 രൂപ കിട്ടിയാലും പോരെന്നാണ്‌ ഡോക്ടര്‍മാരുടെ സംഘടന. കൂടെക്കൂടെ അവര്‍ സമരവും നടത്തും. ബഞ്ചേത്‌, സിറിഞ്ചേത്‌ എന്നറിയാത്ത ശ്രീമതി ടീച്ചര്‍ ചോദിക്കുന്ന മുറക്ക്‌ ശമ്പളം കൂട്ടിക്കൊടുക്കയും ചെയ്യും. സംഘടനയിലൊക്കെ ഉണ്ടെങ്കിലും ചേര്‍ത്തല ഡോക്ടര്‍മാര്‍ക്ക്‌ ഈ വിധ പരാതികളൊന്നുമില്ല. അവര്‍ക്ക്‌ ദിവസം ഒന്ന്‌ രണ്ട്‌ സിസേറിയന്‍ കിട്ടിയാല്‍ മതി.പത്തെണ്ണം ചെയ്യുന്നവര്‍ക്ക്‌ ഒരു ദിവസത്തെ ആദായം 30000 രൂപ. അങ്ങനെ പത്ത്‌ ദിവസം കിട്ടിയാല്‍ മൂന്ന്‌ ലക്ഷം. 30 ദിവസത്തെ കണക്കൊക്കെ കൂട്ടി അവതരിപ്പിച്ചാല്‍ ലക്ഷങ്ങളുടെ കണക്കുകേള്‍ക്കുമ്പോള്‍ തല പെരുക്കുന്നവര്‍ക്ക്‌ മനസ്സിലാക്കാന്‍ പ്രയാസമാകും. ഒന്നുറപ്പാണ്‌, മാസശമ്പളം 60000 രൂപ ഇവര്‍ക്ക്‌ മീന്‍ വാങ്ങാന്‍ തികയില്ല.

ദോശ ചുടുന്ന ലാഘവത്തില്‍ ചെയ്യുന്ന ഈ പണിക്ക്‌ ചേര്‍ത്തലയിലെ പെണ്ണുങ്ങളുടെ പൂര്‍ണ സഹകരണം ഡോക്ടര്‍മാരെ ആഹ്ലാദിപ്പിക്കുന്നത്‌ ഒട്ടൊന്നുമല്ല. പക്ഷേ ഈ കൂട്ടവയര്‍കീറല്‍ ലോകം അറിയില്ലെന്നാണ്‌ ഡോക്ടര്‍മാര്‍ കരുതിയത്‌. മാസ്‌ സിസേറിയന്‍ നടത്തിയെന്നുമാത്രമല്ല, കുഞ്ഞുങ്ങളെ നിലത്തുകിടത്തുകയും ചെയ്തു. സമരങ്ങളുടെ വേലിയേറ്റമായിരുന്നു ചേര്‍ത്തലയില്‍ പിന്നീട്‌. ഡിഫി, യൂത്ത്‌, യൂത്ത്‌ ലീഗ്‌, മഹിളകള്‍ തുടങ്ങി എല്ലാവരും ഗൈനക്ക്‌ വാര്‍ഡിലേക്ക്‌ മാര്‍ച്ച്‌. മറ്റൊരു സമരത്തിനും കാണാത്ത ജനമുന്നേറ്റത്തിന്റെ രഹസ്യം പിന്നീടാണ്‌ വ്യക്തമായത്‌. സിസേറിയന്‍കാരെയും ഗര്‍ഭിണികളെയും കുഞ്ഞുങ്ങളെയും ഒന്ന്‌ കണ്‍കുളിര്‍ക്കെക്കാണാമല്ലോ? എന്നാല്‍ ഒരുത്തന്‍ പോലും കുഞ്ഞുങ്ങള്‍ക്ക്‌ ഒരു കോലുമിഠായി വാങ്ങിക്കൊടുത്തില്ല.

മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന്‌ പറയുന്നതല്ലാതെ എന്തെങ്കിലും നടപടി എടുത്തതായി ജനത്തിന്‌ അറിയില്ല. പറഞ്ഞപടി നടപടി എടുത്തിരുന്നെങ്കില്‍ എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ മുഖ്യമന്ത്രി നിരാഹാരം ഇരിക്കേണ്ടിവരുമായിരുന്നോ?

കേരളത്തിലെ സ്കൂള്‍-കോളേജ്‌ കുമാരിമാര്‍ പ്ലാറ്റ്ഫോം ടിക്കേറ്റ്ടുത്ത്‌ കാത്തിരിപ്പാണ്‌ പാളത്തില്‍ ചാടാന്‍. മെയ്‌ ഒന്നിനാണ്‌ ഉറുമിവീരന്‍ യുവരാജാവ്‌ പൃഥ്വിരാജിന്റെ കല്യാണം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ്‌ മാധ്യമപ്രവര്‍ത്തകയെ വിവാഹം കഴിക്കുന്നതെന്ന്‌ അമ്മ മല്ലികാ സുകുമാരന്‍. അമ്മ ആരെയെങ്കിലും പണ്ട്‌ പ്രേമിച്ചിരുന്നോ? മകന്റെ എത്രാമത്തെ പ്രണയമാണെന്ന്‌ കൂടി പറയാമായിരുന്നു. കല്യാണത്തിന്റെ റണ്ണിംഗ്‌ കമന്ററി നടത്തി തരുണീമണികളുടെ ഉള്ളില്‍ തീകോരിയിടാതെ ഏതെങ്കിലും സ്പോണ്‍സര്‍മാരെ കിട്ടുമോയെന്നു നോക്കൂ. അഭിഷേക്‌-ഐശ്വര്യ വിവാഹം വന്‍ തുകക്കാണ്‌ വിറ്റുപോയത്‌. അത്രയ്ക്ക്‌ പ്രതീക്ഷിക്കേണ്ടെങ്കിലും ഒന്നുരണ്ട്‌ കോടിക്ക്‌ ലൈവ്‌ ടെലികാസ്റ്റ്‌ അനുവദിക്കാവുന്നതാണ്‌. മെയ്‌ ഒന്നിന്‌ വിവാഹം കഴിഞ്ഞാല്‍ മെയ്‌ മൂന്നിന്‌ മലേഷ്യയില്‍ സിനിമാ ഷൂട്ടിംഗ്‌. നവവധുവിനെ കൂട്ടുമോ കൂടെ?

No comments:

Post a Comment