Wednesday, 11 May 2011

ഒരുത്തന്‍!











കെ.എ.സോളമന്‍

Posted On: Janmabhumi Thu, 12 May 2011

ഒരുത്തിയെ ഒരുത്തന്‍ 'ഒരുത്തി' എന്നുവിളിച്ചാല്‍ വിളിച്ചവനെ മറ്റൊരുത്തന്‍ 'ഒരുത്തന്‍' എന്നുവിളിക്കുമെന്നത്‌ കാലഗതി. സിന്ധുജോയിയെയാണ്‌ മുഖ്യന്‍ 'ഒരുത്തി'യെന്ന്‌ വിളിച്ചതെന്ന്‌ ചാനല്‍ മൊഴി. ഐസക്ജിയുടെ കുര്‍ത്തായിലും ബേബിജിയുടെ വെള്ളക്കുപ്പായത്തിലും തൂങ്ങി നടക്കുകയായിരുന്ന സിന്ധുജി. അപ്പോഴാണ്‌ അക്കരെയിരുന്നു ഈഡന്‍സായിപ്പു ട്വിറ്ററിലൂടെ ട്വിറ്റു ചെയ്തത്‌. മറ്റൊന്നുമാലോചിച്ചില്ല, ഉമ്മന്‍ചാണ്ടിയെ 'പിതാവാ'യി കണ്ട്‌ ആറ്റിലേക്ക്‌ ചാടി.

ചാടിയത്‌ ഏതോ ഒരുത്തി എന്നു മുഖ്യനും. പിന്നീട്‌ 'ഒരുത്തി'യെ ചുറ്റിപ്പറ്റിയായിരുന്നു കുറെ ചെണ്ടമേളം. താന്‍ ആക്ഷേപിക്കുകയായിരുന്നില്ല, അഭിനന്ദിക്കുകയായിരുന്നുവെന്ന്‌ പറഞ്ഞുതീരുംമുമ്പെ ഇതാ തന്നെ വിളിച്ച്‌ അഭിനന്ദിച്ചിരിക്കുന്നു ഒരുത്തന്‍, മറ്റാരുമല്ല, നായര്‍സേവനസംഘടനയുടെ പുതിയ അവതാരം സുകുമാരന്‍ നായര്‍. 'സംസ്കാരമില്ലാത്ത ഒരുത്തന്‍' എന്നാണ്‌ കേരള മുഖ്യമന്ത്രിയെ സുകുമാരന്‍ നായര്‍ സ്വകാര്യ സംഭാഷണത്തില്‍ വിശേഷിപ്പിച്ചത്‌. ഇന്നിപ്പോള്‍ സ്വകാര്യസംഭാഷണങ്ങളെല്ലാം ചാനല്‍ ലൈവ്‌ ആയതിനാല്‍ ജനം അതുകേള്‍ക്കുകയും മൂക്കിന്‍തുമ്പത്തുവിരല്‍ മുട്ടിക്കുകയും ചെയ്തു.

സ്വകാര്യസംഭാഷണം ഇങ്ങനെയെങ്കില്‍ പൊതുസംഭാഷണം എങ്ങനെയാവും എന്ന സംശയം പരമസാധുവായ കോതര്‍കാടു കരയോഗം സെക്രട്ടറി പരമുപിള്ളയ്ക്ക്‌ ഉണ്ട്‌. അടിച്ചുടച്ച ജനല്‍പ്പാളികള്‍ കരയോഗം ഓഫീസ്‌ കെട്ടിടത്തില്‍ മറ്റീവ്ക്കുന്ന തിരക്കിലാണ്‌ പരമുപിള്ള. തകര്‍ക്കാന്‍ കുരിശ്ശടിയും ശ്രീനാരായണപ്രതിഷ്ഠയും ലഭ്യമല്ലാത്തതിനാല്‍ കരയോഗം ഓഫീസുകള്‍ എടിഎം കൗണ്ടറുകള്‍ എന്നു കണ്ടു തകര്‍ക്കുകയാണ്‌ സമുദായ വിദ്വേഷികള്‍.

ഇവരില്‍ നല്ല നായന്മാരായി ആരുമില്ല എന്ന സംശയവും അവശേഷിക്കുന്നു. സുകുമാരന്‍നായര്ട എതിര്‍പ്പ്‌ അച്യുതാനന്ദനോടാ, അല്ലാതെ വൈക്കം വിശ്വനോടൊ പാര്‍ട്ടിയോടൊ അല്ല. സുകുമാരന്‍നായരെപ്പോലെ, സിന്ധുജോയിക്കും ജോണ്‍ ബ്രിട്ടാസിനുമൊക്കെ എതിര്‍ക്കാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ ആകെ ഒരാളേയുള്ളൂ, പാര്‍ട്ടിയുടെ തന്നെ മുഖ്യമന്ത്രി അച്യുതാനന്ദന്‍. പിണറായിയും ഐസക്കും ബേബിയും സിന്ധുജോയിക്ക്‌ വാഴ്ത്തപ്പെട്ടവരായപ്പോള്‍ അച്യുതാനന്ദന്‍ വീഴ്ത്തപ്പെട്ടവന്‍!

രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെതായി ഒരു ചിട്ടവട്ടമുണ്ട്‌. അടുത്തൂണ്‍ പറ്റാന്‍ ഒരു കൊല്ലം ബാക്കിയിരിക്കെ വോളന്ററി റിട്ടയര്‍മെന്റ്‌ സ്വീകരിച്ച്‌ എല്ലാ ആനുകൂല്യവും കൈപറ്റും. കൂട്ടത്തില്‍ ബാങ്കിന്റെ കുറെ ഡെപ്പോസിറ്റര്‍മാരുടെ പേരും കണക്കും ചോര്‍ത്തി ഏതെങ്കിലും പുതുതലമുറ ബാങ്കിന്‌ കൈമാറും. റിട്ടയേര്‍ഡ്‌ ട്രഷറി ഓഫീസര്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മാനേജരാകുംപോലെ ഏതെങ്കിലും ഹൈടെക്‌ ബാങ്കില്‍ ജോലിയും സ്വീകരിക്കും. എന്നിട്ട്‌ തന്റെ മാതൃസ്ഥാപനത്തിലെ ഡെപ്പോസിറ്റുകള്‍ ഊറ്റാന്‍ ശ്രമിക്കുന്നതാണ്‌ മുഖ്യ പണി. കൈരളി ചാനലില്‍ ഡെപ്പോസിറ്റ്‌ ചെയ്തിട്ട്‌ കാല്‍ക്കാശ്‌ വരുമാനമില്ലാതെ നില്‍ക്കുന്ന ഒരുകൂട്ടം ഡെപ്പോസിറ്റ്‌ സഖാക്കളുണ്ട്‌. ഇവരില്‍ കുറെപ്പേരെ മുന്‍ എംഡിക്‌ക്‍അറിയാം. ഇവരെയെല്ലാ മൊത്തത്തില്‍ വിലക്കെടുത് കന്‍ റൂപര്‍ട്ട്മര്‍ഡക്‌ ന്യൂയോര്‍ക്കില്‍നിന്ന്‌ വിമാനം കയറണമെന്നില്ല. ഏതെങ്കിലും വാല്യക്കാരനെ അയച്ചാല്‍ മതി, ലിസ്റ്റ്‌ ജോണ്‍ബ്രിട്ടാസിന്റെ കൈയിലുണ്ട്‌. 100 രൂപാ വിലയുള്ള ഷെയറിന്‌ 10000 രൂപാ ഓഫര്‍ ചെയ്താല്‍ ഏത്‌ സഖാവാണ്‌ വില്‍ക്കാതിരിക്കുക, കൈരളി ചാനലിന്റെ സ്ഥിരം പ്രേക്ഷകര്‍ക്ക്‌ ഇനി നല്ല കാലം. കുട്ടനാട്ടിലെ കറ്റമെയ്ത്തും ചക്രം ചവിട്ടും നാടന്‍പാട്ടുസീനും കണ്ടു തലചെകിടിച്ചവര്‍ക്ക്‌ ഇനി അമേരിക്കന്‍ സുന്ദരിമാരുടെ ഫാഷന്‍ ഷോയും കാണാം. ജോണ്‍ബ്രിട്ടസ്‌, റൂപര്‍ട്ട്‌ മര്‍ദ്ധാക്കിനൊപ്പം ചേര്‍ന്നതോടെ കൈരളിയും പ്രേക്ഷകരും രക്ഷപ്പെട്ടു.

ബ്രിട്ടാസിനും വിരോധം മുഖ്യനോടാണ്‌. പിണറായി ബ്രിട്ടാസിന്‌ സംരക്ഷകനാക്കുമ്പോള്‍ അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവന്റെ വെറുക്കപ്പെട്ടവന്‍. സുകുമാരന്‍നായര്‍ക്കും സിന്ധുവിനും ജോണ്‍ബ്രിട്ടാസിനും കെന്‍ കുഞ്ഞഹമ്മദിനും കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളയ്ക്കും അച്യുതാനന്ദന്‍ 'ഒരുത്തന്‍' ആകാന്‍ എന്താ കാരണം? അദ്ദേഹം എന്തുചെയ്തെന്നാണ്‌ പറയുന്നത്‌? "കയ്യാമം കയ്യാമം" എന്നു നാമജപം നടത്തുന്നതല്ലാതെ അദ്ദേഹം ആരെയെങ്കിലും കയ്യാമം വെച്ചു ജയിലടച്ചോ? പിള്ളയെ ജയിലിലടച്ചത്‌ സുപ്രീംകോടതിയാണ്‌. കല്‍മാഡി തീഹാര്‍ ജയിലില്‍ ഇരുന്ന്‌ കള്ളന്മാരെ സംഘടിപ്പിച്ച്‌ ഒളിമ്പിക്സ്‌ നടത്താന്‍ പോകുന്നത്‌ അച്യുതാന്ദന്‍ കാരണമാണോ? തിഹാര്‍ ജയിലില്‍ എ.രാജ ഒരുലക്ഷത്തി എഴുപത്താറായിരം കോടിയുടെ പെരുക്കങ്ങള്‍ ഉരുവിടാന്‍ അച്യുതാനന്ദന്‍ എന്തെങ്കിലും ചെയ്തോ? സുകുമാരന്‍ നായര്‍ പറഞ്ഞ 'ഒരുത്തന്‍' പ്രയോഗം ഇരുമ്പുണ്ടയല്ലേ തുപ്പിയതുപോലെ തിരികെ എടുത്തുവിഴുങ്ങാന്‍?

സ്ത്രീയുടെ ശരീരത്തില്‍ കൊത്തുപണികള്‍ കൂടുതലെന്ന്‌ കഥാകാരി പ്രിയ എ.എസ്‌. പുരുഷശരീരത്തിലെ കൊത്തുപണികള്‍ കാണാത്തതുകൊണ്ട്‌ തോന്നുന്നതാണിത്‌. കൊത്തുപണിയെക്കുറിച്ച്‌ അതുള്ളവര്‍ പറയട്ടെ.

No comments:

Post a Comment