Tuesday 24 May 2011

വുമണ്‍ എംപവര്‍മെന്റ്‌- കെ.എ.സോളമന്‍







Posted On: Tue, 24 May 2011


ഘടകകക്ഷികള്‍ എന്ന്‌ പേര്‌, ഗടകകക്ഷികള്‍ എന്ന്‌ ചാനല്‍ മൊഴി. ശരിക്കും പറഞ്ഞാല്‍ കലഹകക്ഷികള്‍. കലഹകക്ഷികളില്‍ ചിലത്‌ കളമൊഴിഞ്ഞു. വിഎസ്‌ ഫാക്ടര്‍-വിഎസ്‌ ഘടകം, എന്നൊക്കെ പറയുന്ന ഒരു സാധനമാണ്‌ കാരണം. വിഎസ്‌ ഫാക്ടോറിയല്‍, വിഎസ്‌ ഫാക്ടറൈസേഷന്‍ തുടങ്ങിയ ടേമുകള്‍ പൊതുവിജ്ഞാന പരീക്ഷക്ക്‌ പിഎസ്സി കണ്ടുവെച്ചിട്ടുണ്ട്‌. കളംവിട്ട ഘടകകക്ഷികളില്‍ ജെഎസ്‌എസും കോണ്‍ഗ്രസ്‌ എസും സിഎംപിയും ലയനാനുകൂല-ലയനവിരുദ്ധ-പിളരും വളരും കേരളാ കോണ്‍ഗ്രസ്‌ പി.സി.തോമസ്‌ ഘടകവുമുണ്ട്‌. ഇവരാരും നാടുവിട്ടിട്ടില്ലായെന്നതിന്‌ തെളിവാണ്‌ ഫലപ്രഖ്യാപനത്തിനുശേഷമുള്ള പ്രസ്താവനകള്‍. കലഹകക്ഷികളില്‍ നാലെണ്ണം യുഡിഎഫില്‍നിന്ന്‌ തല്‍ക്കാലം ഒഴിവായെങ്കിലും മാണി കേ. കോ, ജനതാ. എസ്‌, കേ. കോ. ബി, കേ. കോ (ജേക്കബ്‌), ആര്‍എസ്പിബി എന്നീ അളമുറ്റിയ സാധനങ്ങള്‍ അവശേഷിക്കുന്നു.

ഒമ്പത്‌ എംഎല്‍എമാര്‍ മാത്രമുള്ള മാണിക്ക്‌ നാല്‌ മന്ത്രിമാര്‍ വേണമെന്നതാണ്‌ ഡിമാന്റ്‌. അങ്ങനെയെങ്കില്‍ 72 എംഎല്‍എമാര്‍ക്കും കൂടി കുറഞ്ഞത്‌ 35 മന്ത്രിമാര്‍ വേണ്ടിവരും. വകുപ്പുകള്‍ ഇനിയും സൃഷ്ടിക്കാവുന്നതേയുള്ളൂ. മൂന്നുമാസം ഭരണദൗത്യം ഉമ്മന്‍ചാണ്ടിക്ക്‌ നിര്‍വഹിക്കാനാവുമോ എന്നതാണ്‌ രാഷ്ട്രീയ പണ്ഡിറ്റുകളുടെ സംശയം. മാധ്യമ വിചാരകന്‍ സെബാസ്റ്റ്യന്‍ പോള്‍ ദീര്‍ഘദൃഷ്ടിയുള്ള രാഷ്ട്രീയക്കാരനാണ്‌. തോല്‍വി മുന്നില്‍ക്കണ്ട്‌ വക്കീല്‍ ഓഫീസ്‌ തുറന്നത്‌ എന്തുകൊണ്ടും നന്നായി. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലെന്ത്‌, ഗിന്നസ്‌ ബുക്കിലോ, ലിംകാം ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്സിലോ ഉടന്‍ കയറിപ്പറ്റും. അച്ഛനോടും മകനോടും അസംബ്ലിയില്‍ തോറ്റ ചരിത്രം അത്യപൂര്‍വം. വിഷമിക്കാനേതുമില്ല, അടുത്ത ഇലക്ഷനിലും പോള്‍ തന്നെയാണ്‌ കാന്‍ഡിഡേറ്റ്‌. എറണാകുളത്തെ ലത്തീന്‍ കത്തോലിക്കരെ നയിക്കാന്‍ പറ്റിയ വേറൊരാളും എല്‍ഡിഎഫിലില്ല.

ക്രിക്കറ്റില്‍ വാതുവെപ്പ്‌ പാടില്ലെന്നാണ്‌ നിയമം. ഏതെങ്കിലും കളിക്കാരന്‌ വാതുവെപ്പുകാരനുമായി ബന്ധമുണ്ടെന്ന്‌ അറിഞ്ഞാല്‍ കളിയില്‍നിന്ന്‌ ഔട്ട്‌. ക്രിക്കറ്റില്‍ ഉള്ളതിനേക്കാള്‍ ശക്തമായ നിയമങ്ങളാണ്‌ ഇലക്ഷന്‍ കമ്മീഷന്റെ തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍. സ്ഥാനാര്‍ത്ഥി എപ്പോള്‍ ഉറങ്ങണം, എപ്പോള്‍ ഉണരണം, എത്ര മണിക്കൂര്‍ പ്രസംഗിക്കണം, എത്ര ചായ കുടിക്കണം, എത്ര കുട്ടികളുടെ മൂക്ക്‌ പിഴിയണം എന്നതിനൊക്കെ കൃത്യമായ നിയമവും കണക്കുമുണ്ട്‌. എക്സിറ്റ്‌ പോള്‍, എന്‍ട്രന്‍സ്‌ പോള്‍ തുടങ്ങിയ തട്ടിപ്പൊന്നും പാടില്ല. എന്നാല്‍ ഇത്തരം ചട്ടങ്ങള്‍ ബാധകമല്ലാത്ത ഒരു മേഖലയാണ്‌ ഇലക്ഷന്‍ വാതുവെപ്പ്‌ രംഗം. വാതുവെപ്പ്‌ സംബന്ധിച്ച്‌ ഇലക്ഷന്‍ കമ്മീഷന്റേതായി വ്യക്തമായ നിയമമില്ലെന്നതിനുള്ള തെളിവാണ്‌ വെള്ളാപ്പള്ളി-വക്കം പുരുഷോത്തമന്‍ വാതുവെപ്പ്‌, വക്കത്തിന്‌ ഇപ്പോള്‍ വലിയ പണിയൊന്നുമില്ലെങ്കിലും വെള്ളാപ്പള്ളിയുടെ കാര്യം അങ്ങനെയല്ല. 85 സീറ്റ്‌ കിട്ടുമെന്നാണ്‌ ഇത്രയും നാളത്തെ തന്റെ രാഷ്ട്രീയാനുഭവംവെച്ച്‌ വക്കം വാദിച്ചത്‌. വെറും 75ല്‍ താഴെ സീറ്റ്‌ മാത്രമാണ്‌ വെള്ളാപ്പള്ളി അനുവദിച്ചുകൊടുത്തത്‌. തുടര്‍ന്ന്‌ വാതുവെപ്പാകുകയും സമ്മാനം പണത്തിന്‌ പകരം സ്വര്‍ണമോതിരമായി നിശ്ചയിക്കുകയും ചെയ്തു.

ഫലം വന്നപ്പോള്‍ യുഡിഎഫ്‌ 72-ല്‍ കുറ്റിയടിച്ചു. ഒരിടത്തും തോല്‍ക്കാത്ത വെള്ളാപ്പള്ളി ഇവിടെയും ജയിച്ചു. വക്കം മോതിരം പണിഞ്ഞുകൊണ്ടിരിക്കുകയാണ്‌. സമൂഹത്തിലെ പ്രമാണിമാരും മുതലാളിമാരുമാണ്‌ രണ്ടുപേരും ഒരു മോതിരമൊന്നൊക്കെവെച്ചാല്‍ അവരുടെ നിലയില്‍ പത്ത്‌ പവനെങ്കിലും വേണം. ഒന്നരലക്ഷത്തില്‍ കുറയില്ല മോതിരം പണിത്‌ കൈയില്‍ കിട്ടുമ്പോള്‍. ഒന്നരലക്ഷത്തിന്റെ ഈ വാതുവെപ്പ്‌ സാമുദായിക പരിഗണനവെച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുവദിച്ചുകൊടുത്തതാണോ? കഷ്ടകാലമെന്നല്ലാതെന്തുപറയാന്‍, ഗൗരിയമ്മയ്ക്ക്‌ വയസുകാലത്ത്‌ പത്ത്‌ പവന്റെ മോതിരം നഷ്ടമായി. ജെഎസ്‌എസില്‍ വെള്ളാപ്പള്ളിക്ക്‌ മുടക്കുമുതലില്ല എന്നുപറഞ്ഞതാണ്‌ കുഴപ്പമായത്‌, എതിര്‍ സ്ഥാനാര്‍ത്ഥി തിലോത്തമന്റെ ഭൂരിപക്ഷം 18000 ആയി. തിലോത്തമന്റെ ഒരു ഭാഗ്യം. തമിഴ്‌നാട്ടിലാണെങ്കില്‍ വാതുവെപ്പ്‌ ഒരു പടികൂടി കടക്കും. സ്ഥാനാര്‍ത്ഥി തോറ്റാല്‍ ആത്മഹത്യ, ജയിച്ചാല്‍ നാക്ക്‌ മുറിച്ച്‌ പ്രകടനം. നാക്ക്‌ തിരികെ തുന്നിച്ചേര്‍ക്കാന്‍ അമ്മ ലക്ഷങ്ങള്‍ മുടക്കുമെന്ന്‌ തോഴര്‍ക്കറിയാം. നാക്ക്‌ മുറിക്കുന്നത്‌ സംബന്ധിച്ച്‌ ചട്ടങ്ങളും ഇലക്ഷന്‍ കമ്മീഷന്‍ രേഖകകളില്ല. സൗജന്യ അരി, റേഡിയോ, ടിവി തുടങ്ങിയ ഗിഫ്റ്റുമായി സ്ഥാനാര്‍ത്ഥികള്‍ എത്തിയാല്‍ തമിഴന്മാര്‍ ഓടിച്ചിട്ട്‌ തല്ലും. അവര്‍ക്ക്‌ മിനിമം ലാപ്ടോപ്പ്‌ മതി, ഇല്ലെങ്കില്‍ വോട്ടില്ല.

തെരഞ്ഞെടുപ്പ്‌ ഫലം വന്നതോടെ പെണ്‍വാണിഭവും ജനകീയമായി. പെണ്‍വാണിഭത്തിന്റെ ആരോപണവിധേയര്‍ക്കാണ്‌ മൃഗീയ ഭൂരിപക്ഷം. പി.ശശി മത്സരിക്കാതിരുന്നത്‌ മോശമായിപ്പോയി. മറിച്ചായിരുന്നെങ്കില്‍ ഉബൈദിന്റെ ഭൂരിപക്ഷം മറികടക്കുമായിരുന്നു, ഭരണമാറ്റം സംഭവിക്കില്ലായിരുന്നു. യുഡിഎഫ്‌ അധികാരത്തിലെത്തിയതോടെ വുമണ്‍ എംപവര്‍മെന്റ്‌-സ്ത്രീ ശാക്തീകരണം ശക്തമാകുന്ന ലക്ഷണമുണ്ട്‌. നിയമസഭയില്‍ ആകെ ഏഴ്‌ പെണ്ണുങ്ങളേയുള്ളൂ. അതും കോണ്‍ഗ്രസില്‍നിന്ന്‌ ഒന്നുമാത്രം. തലസ്ഥാനത്തെ കോണ്‍ഗ്രസ്‌ എംപി മൂന്ന്‌ സ്ത്രീകളെ പലപ്പോഴായി വാഴിച്ചപ്പോഴാണ്‌ കോണ്‍ഗ്രസില്‍ സ്ത്രീകളോട്‌ കടുത്ത അയിത്തം. സ്ത്രീ ശാക്തീകരണം ഇനി ഏക എംഎല്‍എ ജയലക്ഷ്മിയുടെ കൈയില്‍. ശ്രീമതി ടീച്ചറെപ്പോലെ നിയമസഭാ ഹാളിലെ സ്പിരിറ്റിന്റെ മണം പുറംലോകത്തെ അറിയിക്കാന്‍ ഒരാളുവേണ്ടെ?

ഒക്ലോഫോബിയ എന്നൊരു രോഗമുണ്ട്‌. ആള്‍ക്കൂട്ടത്തെ ഭയക്കുന്നതാണ്‌ ലക്ഷണം. ഇതിന്റെ വൈറസ്‌ കിട്ടുമെങ്കില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ കുറേശ്ശെ കുത്തിവെക്കുന്നത്‌ നന്നായിരിക്കും. കാമറയുടെ മുന്നിലേക്കുള്ള തള്ളിക്കയറ്റം അത്ര ശക്തമാണ്‌.

No comments:

Post a Comment