Saturday 18 August 2012

സി.ഹരികുമാറിനു ആദരാഞ്ജലികള്‍


Published on  18 Aug 2012
പത്തനംതിട്ട: കിടയറ്റ രാഷ്ട്രീയ ലേഖനങ്ങളിലൂടെ മലയാളപത്രപ്രവര്‍ത്തനരംഗത്ത് തിളങ്ങിനിന്ന മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി. ഹരികുമാര്‍(52) അന്തരിച്ചു. മാതൃഭൂമി പത്തനംതിട്ട ബ്യൂറോചീഫും പ്രത്യേക ലേഖകനുമായിരുന്നു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചി പി വി എസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം.

1987 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ഹരികുമാര്‍ രാഷ്ട്രീയ,സാമൂഹിക,സാസ്‌കാരിക മേഖലകളില്‍ മികച്ച റിപ്പോര്‍ട്ടുകളുമായി ശ്രദ്ധനേടി.സ്‌കൂള്‍ കലോല്‍സവങ്ങളില്‍ വേറിട്ടതും പുതുമയാര്‍ന്നതുമായ റിപ്പോര്‍ട്ടിങ് രീതി തുടങ്ങിവെച്ച ഹരികുമാര്‍ പതിവു ശൈലികളെ മാറ്റിമറിച്ചവരില്‍ മുഖ്യപങ്കു വഹിച്ചു. വേദിയില്‍ തിളങ്ങുന്നവരെ മാത്രമല്ല, സദസിലും അണിയറയിലും നിന്നുള്ള വേറിട്ട ജീവിതങ്ങള്‍ വരെ കലോല്‍സവസ്‌റ്റോറിയാക്കി അവതരിപ്പിച്ചു തുടങ്ങിയത് അദ്ദേഹമുള്‍പ്പെടുന്ന അന്നത്തെ യുവസംഘമായിരുന്നു. കേരളത്തില്‍ ഏറ്റവുമധികം സ്‌കൂള്‍ കലോല്‍സവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തം.

നിയമസഭാറിപ്പോര്‍ട്ടിങ്ങിലും തിളങ്ങിനിന്ന അദ്ദേഹം സഭയിലെ മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിച്ച ശൂന്യവേളയെന്ന പംക്തി കൈകാര്യം ചെയ്തു. നിശിതമായ രാഷ്ട്രീയ വിമര്‍ശം ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ രചനകളെ രാഷ്ട്രീയരംഗത്തെ പ്രമുഖരെല്ലാം വളരെ താല്‍പര്യത്തോടെയാണ് നിരീക്ഷിച്ചത്. കേന്ദ്ര,സംസ്ഥാനരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ വ്യക്തി രേഖകള്‍ അദ്ദേഹം തയ്യാറാക്കിയത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് എന്നും പാഠ്യവിഷയമായി. മാതൃഭൂമി നര്‍മ്മ ഭൂമിയില്‍ അദ്ദേഹം തയ്യാറാക്കിയിരുന്ന വക്രദൃഷ്ടി എന്ന പംക്തി ഹാസ്യത്തില്‍ പൊതിഞ്ഞ കിടയറ്റ രാഷ്ട്രീയ സാമൂഹിക വിമര്‍ശനം എന്ന നിലയില്‍ കേരളം വായിച്ചു. മാതൃഭൂമി വാരാന്ത്യത്തില്‍ ഇപ്പോള്‍ കൈകാര്യം ചെയ്തു വന്നിരുന്ന നര്‍മ്മം എന്ന പംക്തിയും ഇതേ രീതിയില്‍ ശ്രദ്ധനേടി.

മാധ്യമഭാഷയില്‍ വ്യാകരണവും ശൂദ്ധിയും കാത്തു സൂക്ഷിക്കുന്നതില്‍ എന്നും നിഷ്‌കര്‍ഷ പുലര്‍ത്തിയ അദ്ദേഹത്തിന്റെ രചനകള്‍ ഭാഷാരംഗത്തുള്ള പ്രമുഖരുടെ പ്രശംസ നേടി. തെറ്റില്ലാത്ത തെളിമലയാളം എന്ന ആശയം അദ്ദേഹം എന്നും ശക്തിയോടെ സഹപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തന വിദ്യാര്‍ഥികള്‍ക്കും കൈമാറി. വല്യമ്മാവനായിരുന്ന സാഹിത്യകുലപതി ഇ വി കൃഷ്ണപിള്ളയുടെ പാരമ്പര്യം അദ്ദേഹം എന്നും രചനകളില്‍ നിലനിര്‍ത്തി.

കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ച ഹരികുമാര്‍ എല്ലായിടത്തും പൊതുസമൂഹത്തിന്റെ ആദരവും സ്‌നേഹവും ഏറ്റുവാങ്ങിയ മാധ്യപ്രവര്‍ത്തകനായിരുന്നു.പത്തനംതിട്ട, ആലപ്പുഴ ബ്യൂറോകളിലാണ് ഏറെ നാള്‍ സേവനം അനുഷ്ടിച്ചത്്.

അധ്യാപകന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്ന പന്തളം പട്ടിരേത്ത് വീട്ടില്‍ പ്രൊഫ.പി. ആര്‍. സി. നായരുടേയും അടൂര്‍ തറയില്‍ വീട്ടില്‍ സി കെ ഭാരതിയമ്മയുടെയും മകനായി ജനിച്ച ഹരികുമാര്‍ അടൂര്‍ ഗവ. സ്‌കൂള്‍, പന്തളം എന്‍ എസ് എസ് കോളേജ് , ചങ്ങനാശേരി എന്‍ എസ് എസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം നേടിയത്..മാധ്യമപ്രവര്‍ത്തനത്തിനുള്ള കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ പാമ്പന്‍മാധവന്‍ സ്മാരക പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭാര്യ-ആര്‍. ഗീത. മക്കള്‍- വിഷ്ണുനായര്‍ ( വിദ്യാര്‍ഥി, പാറ്റൂര്‍ ശ്രീബുദ്ധ എഞ്ചീനീയറിങ് കോളേജ്), മഹേഷ് നായര്‍ ( വിദ്യാര്‍ഥി, അമൃതവിദ്യാലയം, പത്തനംതിട്ട).സഹോദരങ്ങള്‍- ശ്രീദേവി, രാധാമണി, സുശീല, പരേതനായ ശങ്കര്‍.

കൊച്ചി മെഡിക്കല്‍ സെന്റെര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഞായറാഴ്ച രാവിലെ 7 ന് പത്തനംതിട്ടയിലേക്ക് കൊണ്ടു വരും. 10 ന് പത്തനംതിട്ട പ്രസ്‌ക്ലബ്ബിലെ പൊതുദര്‍ശനം. 2ന് അടൂര്‍ പുതിയ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം തറയില്‍ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

Comment: He was really an inspiration. My heartfelt condolence.
-K A Solaman

No comments:

Post a Comment