Tuesday 28 August 2012

യോഗ്യത നേടാത്ത അധ്യാപകരെ സര്‍വീസില്‍ തുടരാന്‍ അനുവദിച്ച് ഉത്തരവ്















കണ്ണൂര്‍: പ്രീഡിഗ്രി വേര്‍പെടുത്തലിനെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് പുനര്‍വിന്യസിക്കപ്പെട്ട എയ്ഡഡ് കോളേജുകളിലെ നെറ്റ്, പിഎച്ച്.ഡി. യോഗ്യതയില്ലാത്ത അധ്യാപകരെ സര്‍വീസില്‍ തുടരാന്‍ അനുവദിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ലക്ചറര്‍ നിയമനത്തിന് വേണ്ട യോഗ്യതയില്ലാത്തവരും പുനര്‍വിന്യസിക്കപ്പെട്ടവരുമായ കോളേജ് അധ്യാപകര്‍ക്ക് നെറ്റ് അല്ലെങ്കില്‍ പിഎച്ച്.ഡി. യോഗ്യത നേടാന്‍ സര്‍ക്കാര്‍ 2013 വരെ സമയപരിധി അനുവദിച്ചിരുന്നു. ഇതിനിടയിലാണ് ഈ നിബന്ധന ഉപേക്ഷിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. കോളേജ് അധ്യാപക യോഗ്യത സംബന്ധിച്ച യു.ജി.സി.മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നും ആക്ഷേപമുയര്‍ന്നു.

പ്രീഡിഗ്രി വേര്‍പെടുത്തിയതിനെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പുനര്‍വിന്യസിച്ച അധ്യാപകരെ മാതൃ കോളേജുകളില്‍ പുനര്‍നിയമിക്കുന്നതിന് സര്‍ക്കാര്‍ 2009-ല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പുനര്‍വിന്യസിച്ച ജൂനിയര്‍ ലക്ചറര്‍മാരില്‍ ലക്ചറര്‍ നിയമനത്തിന് ആവശ്യമായ യോഗ്യത നേടിയിട്ടില്ലാത്തവര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നെറ്റ് അല്ലെങ്കില്‍ പിഎച്ച്.ഡി. യോഗ്യത നേടണമെന്നായിരുന്നു നിര്‍ദ്ദേശം. യോഗ്യത നേടി മാതൃകോളേജിലെ അധ്യാപക തസ്തികയില്‍ നിയമിക്കപ്പെടുന്നതുവരെ സ്റ്റേറ്റ് സ്‌കെയിലില്‍ തുടരണം. നിശ്ചിത സമയ പരിധിക്കുള്ളില്‍ യോഗ്യത നേടാത്തവര്‍ക്ക് കോളേജുകളില്‍ തുടരാന്‍ അവകാശം ഉണ്ടാവില്ലെന്നും വ്യവസ്ഥയുണ്ടായിരുന്നു.
കമന്‍റ്: ഹയര്‍  സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് പുനര്‍വിന്യസിക്കപ്പെട്ടിട്ടും അങ്ങോട്ട് പോകാതെ കോടതിയില്‍ നിന്നു സ്റ്റേ വാങ്ങി പ്രൊഫസ്സറായുംപ്രിസിപ്പാളായും തുടരുന്ന ചില വിദ്വാന്‍മാര്‍ ഇപ്പൊഴും എയ്ഡഡ് കോളേജുകളിലുണ്ട്. ആരുടേയും പേര് പറയേണ്ടല്ലോ? ആകെയുള്ളത് ഒരു പി ജി രണ്ടാം ക്ലാസ് മാത്രം   നെറ്റ്, പിഎച്ച്.ഡി. എന്നൊക്കെ പറയുന്നതു എന്താണെന്ന് ഇവര്‍ക്ക് അറിയില്ല. കോടതിയുടെ ഒച്ചിന്റെ വേഗതയാണ് ഇവരുടെ രക്ഷ.  യോഗ്യതയില്ലാതെ സര്‍വീസില്‍ തുടരുന്ന ഇവരെ ഇനി എന്തു ചെയ്യും, വൈസ് ചാന്‍സലര്‍  ആക്കുമോ?  
-കെ എ സോളമന്‍ 


No comments:

Post a Comment