Saturday 10 November 2012

ജൈവ നെല്‍കൃഷി റിസോര്‍ട്ടു വക!


Photo

അങ്ങനെ കൊയ്ത്തുത്സവവും റിസോര്‍ട്ട്‌ ഹോട്ടലിലായി. ഇക്കുറി കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ കൊയ്ത്തുത്സവം ആഘോഷിച്ചത്‌ മാരാരി ബീച്ച്‌ റിസോര്‍ട്ടിലാണ്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രിയേഷ് കുമാറായിരുന്നു ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്‌. . സഹകാര്‍മികത്വം പഞ്ചായത്ത്‌ മെമ്പര്‍ ജസ്സി അവര്‍കള്‍ക്ക്‌.  മാര്‍ക്സിസ്റ്റ്‌ സഖാക്കന്മാര്‍ക്ക്‌ പണ്ടായിരുന്നു റിസോര്‍ട്ടുകളോടും റിസോര്‍ട്ടു ഉടമകളോടും അലര്‍ജി. ഇപ്പോള്‍ ആരുമായും സമരസപ്പെടാന്‍ അവര്‍ പഠിച്ചിരിക്കുന്നു.

കൊയ്ത്തുത്സവത്തില്‍ പങ്കെടുത്ത്‌ ഒത്തിരി സായിപ്പന്മാരും അവരുടെ മദാമ്മമാരും കൊയ്ത്ത്‌ പഠിച്ചു. കൊയ്ത്തരിവാള്‍ പ്രത്യേകം ഓര്‍ഡര്‍ ചെയ്തു സായിപ്പന്മാരെ ഏല്‍പ്പിക്കുകയായിരുന്നു. നോര്‍വേയില്‍നിന്നും ഡെന്‍മാര്‍ക്കില്‍നിന്നുമുള്ള സായിപ്പന്മാര്‍. . അവരെല്ലാം കൊയ്ത്ത്‌ പഠിച്ചു. കുട്ടനാട്ടിലെ കൊയ്ത്തിന്‌ ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ്‌ കൊയ്ത്തുത്സവത്തോട്‌ അനുബന്ധിച്ച്‌ റിസോര്‍ട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉദ്ഘാടകന്‍ പറഞ്ഞത്‌. . മാരാരി ബീച്ചില്‍ താമസിച്ച സായിപ്പന്മാര്‍ക്ക്‌ ജീവിതത്തില്‍ മറക്കാനാവാത്ത സംഭവമായിരുന്നു ഇതെന്ന്‌ മുഖ്യ സായിപ്പ്‌ പാദരിസന്‍ ലൈസ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. സിര്‍പാളിന്‍ കുളത്തിലെ കരനെല്‍ കൃഷിക്ക്‌ ചെലവേറുമെന്നാണ്‌ റിസോര്‍ട്ട്‌ ഉടമയുടെ കണ്ടെത്തല്‍, അതായത്‌ ഒരു കിലോ നെല്ല്‌ കൃഷി ചെയ്തെടുത്താല്‍ 1000 രൂപയില്‍ കുറയാതാകും.

ഇങ്ങനെയൊക്കെയുള്ള ‘നടുവൊടിയും’ പണി ചെയ്യേണ്ടി വരുമെങ്കില്‍ താന്‍ അമേരിക്കയിലേക്കോ, ന്യൂസിലാന്റിലേക്കോ ടൂര്‍ പോകാനില്ലായെന്നാണ്‌ രാമന്‍ നായര്‍ പറയുന്നത്‌. . ന്യൂസിലാന്റിലാണെങ്കില്‍ നെല്‍കൃഷിയില്ല, പകരം ആപ്പിള്‍ കൃഷിയാണുള്ളത്‌. . ഒരു കുട്ട ആപ്പിള്‍ പറിച്ചു നിറച്ചാല്‍ അഞ്ച്‌ ന്യൂസിലാന്റ്‌ ഡോളര്‍ പ്രതിഫലം കിട്ടും. ആപ്പിള്‍ പറിക്കുന്ന പണി പരിശീലിക്കാമെന്ന്‌ വെച്ചാല്‍ തന്നെ അവിടത്തെ ഒരു പഞ്ചായത്തു നേതാവും തിരിഞ്ഞുനോക്കില്ല, വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഒരു ചാനല്‍ പത്രക്കാരും വരില്ല.

റിസോര്‍ച്ച്‌ കച്ചോടത്തിന്റെ പരസ്യം പത്രത്തില്‍ കൊടുക്കണമെങ്കില്‍ വന്‍തുക ചെലവാകും. ഇതു മാരാരി മുതലാളിക്കുംനന്നായ് അറിയാം. അതുകൊണ്ട്‌ കൊയ്ത്തുത്സവം എന്നൊക്കെ പറഞ്ഞു ഒരു തിമിലകളി നടത്തിയാല്‍ ചെലവില്ലാതെ വാര്‍ത്തയായി, പരസ്യമായി. ബ്ലോക്ക്‌ പഞ്ചായത്തു പ്രതിനിധിയെയും മാധ്യമക്കാരെയും ഒന്നു സല്‍ക്കരിക്കണം. അതിന്റെ ചെലവ്‌ നോര്‍വെ-ഡെന്‍മാര്‍ക്ക-ബ്രിട്ടന്‍ സായിപ്പന്മാര്‍ വഹിച്ചുകൊള്ളും. അവര്‍ക്ക്‌ പണമെന്നത്‌ പുളിങ്കുരു പോലെയാണ്‌.

പ്രശസ്ത കവി ചെമ്മനം ചാക്കോ പറഞ്ഞത്‌ എത്ര ശരി. കുളത്തിലിറങ്ങിയ പശുവിനെ കരയ്ക്ക്‌ കയറ്റിയത്‌ വാര്‍ത്ത, എന്നാല്‍ നന്നായി പഠിച്ച കുട്ടി ജില്ലയില്‍ ഒന്നാമതായാല്‍ അത്‌ വാര്‍ത്തയല്ല. ചെമ്മനം പറഞ്ഞു: "കാവ്യ സപര്യയ്ക്ക്‌ അരലക്ഷം രൂപാ സമ്മാനം ലഭിച്ചത്‌ വാര്‍ത്തയായില്ല, ചുളുവില്‍ ഒരു ബലാല്‍സംഗം സംഘടിപ്പിച്ചിരുന്നെങ്കില്‍ വന്‍ വാര്‍ത്തയാകുമായിരുന്നു". 
കവി ചെമ്മനത്തിന്റെ അഭിപ്രായത്തോട്‌ രാമന്‍ നായര്‍ക്ക്‌ പൂര്‍ണ യോജിപ്പ് . മാധ്യമശ്രദ്ധ നേടാന്‍ ബലാല്‍സംഗ വാര്‍ത്ത സൃഷ്ടിക്കണമെന്ന്‌ തന്നെയില്ല ചെമ്മനം മാഷേ.  പകരം കേരളത്തിലെ  അറിയപ്പെടുന്ന സ്ഥലങ്ങളായ പറവൂര്‍ , കോതമംഗലം എന്നിവിടങ്ങളില്‍ കൂടി വഴി നടന്നുവെന്ന്‌ ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനോട്‌ വിളിച്ചു പറഞ്ഞാല്‍ മതി. പിറ്റേന്ന്‌ മുതല്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വീട്ടുപടിക്ക്‌ മുന്നില്‍ ടെന്റ്‌ കെട്ടി താമസിക്കും!

>> കെ.എ.സോളമന്‍

No comments:

Post a Comment