Friday 30 November 2012

ഐ.കെ.ഗുജ്‌റാള്‍ അന്തരിച്ചു



ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍(92) അന്തരിച്ചു. ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന്‌ ഗുഡ്ഗാവിലെ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. ഈ മാസം 19നാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഒരു വര്‍ഷത്തോളമായി ഡയാലിസിസിന്‌ വിധേയനായി കഴിയുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഗുജ്‌റാളിന്റെ മരണം പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായിരുന്നു ഐ.കെ.ഗുജ്‌റാള്‍. എന്നാല്‍ 1997 ഏപ്രില്‍ 21 മുതല്‍ 98 മാര്‍ച്ച്‌ 19 വരെ മാത്രമേ പ്രധാനമന്ത്രിസ്ഥാനത്ത്‌ തുടരാന്‍ ഗുജ്‌റാളിന്‌ കഴിഞ്ഞുള്ളു. ഒന്നാം വാര്‍ഷികത്തിന്‌ ഒരുമാസവും രണ്ട്‌ ദിവസവും മാത്രം അവശേഷിക്കെ ഗുജ്‌റാള്‍ സര്‍ക്കാരിന്‌ രാജി വയ്ക്കേണ്ടി വന്നു. ദേവഗൗഡ സര്‍ക്കാരിന്‌ പുറമേ നിന്ന്‌ പിന്തുണ നല്‍കിയ കോണ്‍ഗ്രസ്‌ പിന്തുണ പിന്‍വലിച്ചതാണ്‌ ഗുജ്‌റാളിന്‌ പ്രധാനമന്ത്രിയാകാന്‍ അവസരമൊരുക്കിയത്‌. രാജ്യത്തെ പെട്ടെന്ന്‌ തെരഞ്ഞെടുപ്പിലേക്ക്‌ തള്ളിയിടാതിരിക്കാന്‍ കോണ്‍ഗ്രസ്‌ ഗുജ്‌റാളിന്റെ നേതൃത്വം അംഗീകരിച്ച്‌ പുതിയ സര്‍ക്കാരിന്‌ പിന്തുണ നല്‍കാന്‍ തയ്യാറാകുകയായിരുന്നു.
Comment: My heartfelt condolence.

No comments:

Post a Comment